Approved | സര്‍കാര്‍ ഐടി പാര്‍കുകള്‍ക്ക് കീഴില്‍ വര്‍ക് നിയര്‍ ഹോം സെന്ററുകള്‍ സ്ഥാപിക്കുന്നതിന് അംഗീകാരം; കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട് നിര്‍മിച്ച് നല്‍കും

 


തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ഐടി പാര്‍കുകള്‍ക്ക് കീഴില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വര്‍ക് നിയര്‍ ഹോം സ്ഥാപിക്കുന്നതിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി / ഐ ടി ഇ എസ് മേഖലയിലെ ജീവനക്കാരുടെ പ്രവര്‍ത്തന സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കേരളത്തിന് പുറത്തുള്ള കംപനികളെയും ജീവനക്കാരെയും ആകര്‍ഷിക്കാന്‍ പദ്ധതി വഴി സാധിക്കും.

Approved | സര്‍കാര്‍ ഐടി പാര്‍കുകള്‍ക്ക് കീഴില്‍ വര്‍ക് നിയര്‍ ഹോം സെന്ററുകള്‍ സ്ഥാപിക്കുന്നതിന് അംഗീകാരം; കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട് നിര്‍മിച്ച് നല്‍കും

നിലവിലെ മൂന്നു സര്‍കാര്‍ ഐടി പാര്‍കുകളില്‍ നിന്ന് അകലെയായി ആ സ്ഥലത്തെ ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അയ്യായിരം മുതല്‍ അന്‍പതിനായിരം വരെ ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി സ്‌പെയിസുകള്‍ സജ്ജീകരിക്കുന്നതാണ് നിര്‍ദിഷ്ട വര്‍ക് നിയര്‍ ഹോം മാതൃക.

പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ്, കോ വര്‍കിംഗ് സ്‌പെയിസ്, മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ട്രെയിനിങ് റൂം, കോഫി ലോഞ്ച് / റസ്റ്റോറന്റ്, സീംലെസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി - വയേര്‍ഡ് വൈഫൈ, അണ്‍ ഇന്ററപ്റ്റഡ് പവര്‍ സപ്ലൈ, എയര്‍കണ്ടീഷന്‍, വീഡിയോ/ ഓഡിയോ കോണ്‍ഫറന്‍സ് ഫെസിലിറ്റി, വയര്‍ലെസ് പ്രിന്റര്‍, സ്‌കാനര്‍ എന്നിവയോടുകൂടിയ ഫ്രണ്ട് ഡെസ്‌ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വയലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . W Room എന്നറിയപ്പെടുന്ന പ്രസ്തുത കേന്ദ്രങ്ങള്‍ കാഴ്ചയിലും അനുഭവത്തിലും സമാനമായിരിക്കും.

വണ്‍ ആന്‍ഡ് ദി സെയിം സര്‍ടിഫികറ്റ് ലഭിക്കാനുള്ള നടപടിക്രമം ലഘൂകരിച്ചു

കേരള സര്‍കാരുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നത് വണ്‍ ആന്‍ഡ് ദി സെയിം സര്‍ടിഫികറ്റിന് (one and the same certificate) പകരമായി ഉപയോഗിക്കാം. അപേക്ഷകന്‍ ആവശ്യപ്പെട്ടാല്‍ വിലേജ് ഓഫീസര്‍ സര്‍ടിഫികറ്റ് നല്‍കുന്നത് തുടരും.

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട് നിര്‍മിച്ച് നല്‍കും

കീഴടങ്ങിയ വയനാട് സ്വദേശി മാവോയിസ്റ്റ് രാമു എന്ന ലിജേഷിന് പുനരധിവാസ പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കും. അനുയോജ്യമായ സ്ഥലം എറണാകുളം ജില്ലാ പൊലീസ് മേധാവി ജില്ലാ കലക്ടറുമായി കൂടിയാലോചിച്ച് കണ്ടെത്താന്‍ മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി.

സ്ഥലം കണ്ടെത്തിയ ശേഷം വീട് നിര്‍മിക്കുന്നതിന് എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, പഞ്ചായത് ഡെപ്യൂടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നല്‍കും.

സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കുന്നതിന് പരമാവധി 15 ലക്ഷം രൂപ അനുവദിക്കും. 28-05-2018ന് ഇറങ്ങിയ ഉത്തരവ് പ്രകാരം കേരളത്തിലെ മാവോയിസ്റ്റ് കേഡറുകള്‍ക്കായി കീഴടങ്ങല്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് സര്‍കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കീഴടങ്ങിയ ലിജേഷിന് ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.

പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ടന്റായി കെ- റെയില്‍ കോര്‍പറേഷന്‍

സ്മാര്‍ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ അവശേഷിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദ പദ്ധതി രേഖ (ഡി പി ആര്‍) തയാറാക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനും മേല്‍നോട്ടത്തിനും പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ടന്റായി കെ- റെയില്‍ ഡെവലപ് മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനെ തിരഞ്ഞെടുക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.

സ്മാര്‍ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും മുന്‍പുള്ള പി എം സിയായ M/s IPE Global Limited & JLL തമ്മിലുള്ള കരാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ടന്റ് ആയി കേന്ദ്ര - സംസ്ഥാന സര്‍കാരുടെ സംയുക്ത പൊതു മേഖലാ സ്ഥാപനമായ കെ- റെയില്‍ ഡെവലപ് മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനെ തീരുമാനിച്ചിരിക്കുന്നത്.

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് നിയമനം

പൊതു വിദ്യാഭ്യാസ വകുപ്പില്‍ താല്‍കാലിക നിയമനം ലഭിച്ച കായിക താരങ്ങള്‍ക്ക് ആവശ്യമായ താല്‍കാലിക തസ്തികളും സൂപര്‍ ന്യൂമററി തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ആക്ടീവ് സ്‌പോര്‍ട്‌സില്‍ നിന്ന് വിരമിച്ച 16 കായിക താരങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക് തസ്തികയില്‍ താല്‍കാലിക നിയമനം നേരത്തെ നല്‍കുകയുണ്ടായി.

ഇതില്‍ ക്രൈം കേസില്‍ പെട്ട ഒരാള്‍ ഒഴികെ 15 പേരെ ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ടി സ്ഥിരം ഒഴിവ് ഉണ്ടാകുന്നത് വരെയോ പരമാവധി ഒരു വര്‍ഷത്തേക്കോ പൊതു വിദ്യാഭ്യാസ വകുപ്പില്‍ 15 ക്ലാര്‍ക് തസ്തികകള്‍ താല്‍കാലിക അടിസ്ഥാനത്തില്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കും. ആക്ടീവ് സ്‌പോര്‍ട്‌സില്‍ തുടരുന്ന മൂന്ന് പേര്‍ക്ക് നിലവില്‍ അവരെ നിയമിച്ച ഓഫീസുകളില്‍ സൂപര്‍ ന്യൂമററി തസ്തികകള്‍ സ്യഷ്ടിക്കാനും തീരുമാനിച്ചു.

നിരാക്ഷേപ പത്രം നല്‍കും

കെല്‍ട്രോണും ക്രാസ്റ്റി ഡിഫന്‍സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന് ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സര്‍കാരിന്റെ നിരാക്ഷേപ പത്രം നല്‍കാന്‍ തീരുമാനിച്ചു.

കിഫ്ബിയില്‍ ലീഗല്‍ യൂനിറ്റ്

കിഫ്ബിയില്‍ ലീഗല്‍ യൂനിറ്റ് രൂപീകരിച്ച് നിയമ വകുപ്പില്‍ നിന്ന് ഡെപ്യൂടേഷന്‍ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂടി സെക്രടറിയുടെ റാങ്കില്‍ കുറയാത്ത ഒരു ലീഗല്‍ ഓഫീസറും ഒരു ലീഗല്‍ അസിസ്റ്റന്റും അടങ്ങുന്ന ലീഗല്‍ യൂനിറ്റാണ് രൂപീകരിക്കുക.

ടൈപിസ്റ്റ് തസ്തികയില്‍ ശമ്പള പരിഷ്‌ക്കരണം

കേരള മോടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട എട്ട് യുഡി ടൈപിസ്റ്റ് തസ്തികകളിലെ ജീവനക്കാര്‍ക്ക് 10-02-2021ലെ 11-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ യുഡി ടൈപിസ്റ്റ് തസ്തികയുടെ ശമ്പള സ്‌കെയിലായ 35,600-75,400 അനുവദിക്കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നല്‍കും

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 23 സ്ഥിരം ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് പരിഷ്‌ക്കരിച്ച് 11-ാം ശമ്പള പരിഷ്‌ക്കരണം ആനുകൂല്യങ്ങള്‍ നല്‍കും.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കും

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കും.

കാലാവധി ദീര്‍ഘിപ്പിച്ചു

പൊലീസ് വകുപ്പിന്റെ പര്‍ചേയ്‌സുകള്‍ക്കും, സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ട വിഷയം സംബന്ധിച്ച് പഠിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ നിയമിച്ച സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ അന്വേഷണ കമീഷന്റെ കാലാവധി 01-01-2023 മുതല്‍ 28-02-2023 വരെ രണ്ട് മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കും.

Keywords: Approval for establishment of Work Near Home Centers under Government IT Parks, Thiruvananthapuram, News, Cabinet, Salary, Pension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia