Penalty | സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റിൽ മാലിന്യം ഒഴുക്കിയതിന് അപ്പാർട്ട്മെൻറ് ഉടമകൾക്ക് വൻ തുക പിഴ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) നഗരത്തിലെ ശ്രീ റോഷ് അപ്പാർട്ട്മെൻറ് ഉടമകൾക്ക് കോർപ്പറേഷൻ വൻതുക പിഴ ചുമത്തി. കോർപ്പറേഷന്റെ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റിലേക്ക് അനധികൃതമായി കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിനാണ് ഈ നടപടി.
ഹോട്ടലുകളിലും വീടുകളിലുമുള്ള മലിനജലം എസ്.ടി.പി പ്ലാന്റിലേക്ക് ഒഴുക്കുന്നതിന് കോർപ്പറേഷന്റെ അനുമതിയും ഫീസും അടയ്ക്കണം. എന്നാൽ, ശ്രീ റോഷ് അപ്പാർട്ട്മെൻറ്റിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ തൊഴിലാളികൾക്കായി നിർമ്മിച്ച കക്കൂസിൽ നിന്ന് നേരിട്ട് പൈപ്പ് ലൈൻ സ്ഥാപിച്ച് മാലിന്യം പ്ലാന്റിലേക്ക് ഒഴുക്കിവിട്ടിരുന്നു. ഇത് പലതവണ പരാതിയായി ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഈ കൃത്യം തെളിഞ്ഞതോടെ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, ക്ലീൻ സിറ്റി മാനേജർ ബൈജു പി.പി., ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ എന്നിവർ സ്ഥലത്തെത്തി. അനധികൃതമായി സ്ഥാപിച്ച പൈപ്പ് ലൈൻ വിഛേദിപ്പിക്കുകയും കേരള മുൻസിപ്പൽ ആക്ട് സെക്ഷൻ 318, 322, 323, 340 A, മാലിന്യ സംസ്കരണം - ബൈ ലോ ലംഘനം എന്നിവ ചുമത്തി 82,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

കോർപ്പറേഷന്റെ അനുമതിയില്ലാതെ രാത്രിയിൽ റോഡ് വെട്ടി പൊളിച്ച് കണക്ഷൻ എടുത്തതിന്റേയും, മാലിന്യം ഒഴുക്കിയതുമൂലം പൈപ്പ് ലൈനിൽ ഉണ്ടായ തടസം നീക്കുന്നതിനടക്കമുള്ളതിന്റെ എസ്റ്റിമേറ്റ് കണക്കാക്കി പിഴയ്ക്ക് പുറമെ നഷ്ടപരിഹാര തുക ഈടാക്കുമെന്നും കെട്ടിട നിർമ്മാണ ചട്ടം പാലിക്കാത്തതിന് നോട്ടീസ് നൽകുന്നതിനും തീരുമാനിച്ചതായി മേയറും കോർപ്പറേഷൻ സെക്രട്ടറിയും അറിയിച്ചു.