ദത്ത് വിവാദം; അനുപമ എസ് ചന്ദ്രന്റെ പിതാവിനെ പാര്‍ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കും; തീരുമാനം പേരൂര്‍കട ലോകല്‍ കമിറ്റി യോഗത്തില്‍; സന്തോഷമെന്ന് മകള്‍

 


തിരുവനന്തപുരം: (www.kvartha.com 27.10.2021) ദത്ത് വിഷയത്തില്‍ അനുപമ എസ് ചന്ദ്രന്റെ പിതാവ് പി എസ് ജയചന്ദ്രനെ പാര്‍ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കാന്‍ പേരൂര്‍കട ലോകല്‍ കമിറ്റി യോഗത്തില്‍ തീരുമാനമായി. പേരൂര്‍കട ലോകല്‍ കമിറ്റി അംഗമാണ് പി എസ് ജയചന്ദ്രന്‍. ജയചന്ദ്രന്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പാര്‍ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ് ജയചന്ദ്രന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു യോഗം വിലയിരുത്തി. ഇക്കാര്യം ഏരിയ കമിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ഏരിയ കമിറ്റിയും വിഷയം അന്വേഷിക്കും.

ദത്ത് വിവാദം; അനുപമ എസ് ചന്ദ്രന്റെ പിതാവിനെ പാര്‍ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കും; തീരുമാനം പേരൂര്‍കട ലോകല്‍ കമിറ്റി യോഗത്തില്‍; സന്തോഷമെന്ന് മകള്‍

ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രന്‍ കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ഉയര്‍ന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നല്‍കിയത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അംഗങ്ങള്‍ നിലപാടെടുത്തു. യോഗതീരുമാനങ്ങള്‍ ഏരിയ കമിറ്റിയെ അറിയിക്കുമെന്ന് ലോകല്‍ കമിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രടേറിയറ്റ് അംഗം കെ സി വിക്രമന്‍ പറഞ്ഞു. വൈകിട്ട് മൂന്നു മണിക്കാണ് ഏരിയ കമിറ്റിയോഗം. ജില്ലാനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ ശിശുക്ഷേമസമിതി ജനറല്‍ സെക്രടെറിയും ഏരിയ കമിറ്റി അംഗവുമായ ഷിജുഖാനെ പാര്‍ടി സംരക്ഷിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അനുപമയുടെ പരാതിയെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിയില്‍ പറയുന്നവര്‍ക്കു പാര്‍ടി ബന്ധമുള്ളതിനാല്‍ കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നശേഷമാണ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. അനുപമയുടെ മാതാവ് സ്മിത ജെയിംസ് പേരൂര്‍കട എ ബ്രാഞ്ച് അംഗമാണ്. പരാതിയില്‍ പറയുന്ന അച്ഛന്റെ സുഹൃത്ത് അനില്‍കുമാര്‍ മുന്‍ കൗണ്‍സിലറാണ്.

വിഷയം വിവാദമാകുകയും മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തതോടെ സംസ്ഥാന നേതൃത്വം അനുപമയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ജില്ലാ നേതൃത്വം വെട്ടിലായിരുന്നു. ജില്ലാ സെക്രടെറിക്കു പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന അനുപമയുടെ ആരോപണവും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ജില്ലാ നേതൃത്വം നേരത്തെ നടപടി എടുത്തിരുന്നെങ്കില്‍ സര്‍കാരിനെതിരെയുള്ള ആരോപണങ്ങള്‍ തടയാമായിരുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദം പാര്‍ടിയെ ബാധിച്ച സാഹചര്യത്തിലാണ് കമിറ്റികള്‍ വിളിച്ചുചേര്‍ത്ത് ശക്തമായ നിലപാടെടുക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്.

അതേസമയം പാര്‍ടി നടപടിയില്‍ സന്തോഷമുണ്ടെന്നും തെറ്റു ചെയ്തവര്‍കെതിരെ നടപടി എടുക്കണമെന്നും അനുപമ പ്രതികരിച്ചു. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി കോടതി കഴിഞ്ഞദിവസം താല്‍കാലികമായി സ്‌റ്റേ ചെയ്തിരുന്നു.

Keywords:  Anupama child missing case: Action against PS Jayachandran, Thiruvananthapuram, News, Complaint, Politics, CPM, Meeting, Probe, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia