T P Case Verdict | ടി പി വധക്കേസ് വിധി തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ തിരിഞ്ഞുകുത്തുമോ? ആശങ്കയിൽ പാർട്ടി നേതൃത്വം

 



/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഹൈകോടതി വിധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തലവേദനയാകുമോയെന്ന ആശങ്ക ശക്തമാകുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൂല വിധി മറ്റ് മണ്ഡലങ്ങളില്‍ കാര്യമായി ഏശില്ലെന്ന് സാമാശ്വസിക്കാമെങ്കിലും വടകരയില്‍ കെ.കെ ശൈലജയുടെ നില പരുങ്ങലിലാക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സി.പി.എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് ഹൈകോടതിയില്‍നിന്ന് കനത്ത പ്രഹരമായി ടി.പി കേസ് പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിധി വന്നത്.
  
T P Case Verdict | ടി പി വധക്കേസ് വിധി തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ തിരിഞ്ഞുകുത്തുമോ? ആശങ്കയിൽ പാർട്ടി നേതൃത്വം

ടി.പി വധത്തിനു പിന്നാലെയാണ് വടകരയെന്ന ഉറച്ചമണ്ഡലം സി.പി.എമ്മിന് കൈമോശം വന്നത്. രണ്ടുതവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ മുരളീധരനും വന്‍ ഭൂരിപക്ഷത്തിലാണ് ഇടതു കോട്ടയായ വടകരയില്‍നിന്ന് വിജയിച്ചു കയറിയത്. വനിതാകമ്മിഷന്‍ അധ്യക്ഷ പി.സതീദേവി, മുതിര്‍ന്ന നേതാവ് പി.ജയരാജന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ എന്നിവരാണ് പാർട്ടിക്കായി തെരഞ്ഞെടുപ്പ് പോരിനിറങ്ങി പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.പിയുടെ ഭാര്യ കെ.കെ രമയും വടകരയില്‍നിന്ന് ജയിച്ചു കയറി. കോടതി വിധിയോടെ, ടി.പി ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുമെന്നു തന്നെയാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന വിവരം.

ടി.പി വധഗൂഢാലോചനയില്‍ പങ്കാളികളെന്ന് ഹൈകോടതി കണ്ടെത്തിയ പത്താംപ്രതിയും സി.പി.എം ഒഞ്ചിയം മുന്‍ ഏരിയകമ്മിറ്റി അംഗവുമായ കെ.കെ കൃഷ്ണന്‍, 12ാം പ്രതിയും കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ജ്യോതിബാബു എന്നിവരുടെ ജീവപര്യന്തം തടവാണ് പാര്‍ട്ടിയെ കനത്ത പ്രതിരോധത്തിലാക്കുന്നത്. ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നു പറഞ്ഞ് ഒഴിയാമെങ്കിലും കെ.കെ കൃഷ്ണനെയും ജ്യോതിബാബുവിനെയും കൈയൊഴിയാന്‍ സി.പി.എമ്മിന് അത്ര എളുപ്പം കഴിയില്ല. കൊലയില്‍ സി.പി.എം ബന്ധം ആവര്‍ത്തിച്ച് വ്യക്തമാക്കിയ കീഴ്‌ക്കോടതി വിധിയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ഏറ്റവും ഒടുവിൽ വന്ന ഹൈകോടതി വിധി. വധശിക്ഷയില്ലെന്നതു മാത്രമാണ് പ്രതികള്‍ക്കും സി.പി.എമ്മിനും ഏക ആശ്വസം.

ഏഴാംപ്രതി ഒഴികെ ഒന്നുമുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം വിധിച്ചത് രാഷ്ട്രീയ കൊലപാതകമെന്നതിനപ്പുറം മനസാക്ഷിയെ നടുക്കിയ ക്രൂരകൃത്യം എന്ന നിലയിലാണ്. ഒന്നും രണ്ടും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ സൗകര്യങ്ങളും സ്വാതന്ത്ര്യവുമാണ് ടി.പി കേസ് പ്രതികള്‍ ജയിലിനകത്തും പുറത്തും അനുഭവിച്ചത്. അടിക്കടി ലഭിക്കുന്ന പരോളും ജയിലിനകത്തുവച്ചുപോലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവുമൊക്കെ കോടതിയുടെ ശ്രദ്ധയിലും ഉണ്ടായിരുന്നുവെന്നതാണ് ഹൈകോടതി വിധി വ്യക്തമാക്കുന്നത്. ഭരണത്തണലില്‍ കൊടി സുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും ടി.കെ രജീഷും അടക്കമുള്ളവര്‍ നടത്തിയ വിധ്വംസക, മാഫിയാപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതും ശിക്ഷ കടുപ്പിക്കുന്നതിലേക്ക് ഹൈകോടതിയെ നയിച്ചു.

പ്രതികളില്‍ പലരും തടവിലിരിക്കെത്തന്നെ വിവാഹിതരായതും വിവാഹസല്‍ക്കാരങ്ങളില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തതുമൊക്കെ ഏറെ വിവാദമായിരുന്നു. ജീവപര്യന്തമെന്നാല്‍ 14 കൊല്ലത്തെ തടവെന്നായിരുന്നു പൊതുവേയുള്ള ധാരണ. 12 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ അതുപ്രകാരം 2026ല്‍ മോചിതരാകേണ്ടതായിരുന്നു. എന്നാല്‍ ഇരട്ടജീവപര്യന്തം വിധിച്ചതോടെ 2032 രണ്ടില്‍ മാത്രമേ പ്രതികള്‍ക്ക് മോചനം സാധ്യമാകൂ. വധശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷനും ശിക്ഷായിളവ് ആവശ്യപ്പെട്ട് പ്രതിഭാഗവും സുപ്രിം കോടതിയെ സമീപിക്കുമെന്നറിയുന്നു. ടി.പി ചന്ദ്രശേഖരന്റെ അതിക്രൂര കൊലപാതകത്തിന് ഒരു വ്യാഴവട്ടം തികയുമ്പോഴാണ് കേസില്‍ ഹൈകോടതിയുടെ കര്‍ശന ഇടപെടലാണ ഉണ്ടായിരിക്കുന്നത്. ഇതാകട്ടെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്.
  
T P Case Verdict | ടി പി വധക്കേസ് വിധി തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ തിരിഞ്ഞുകുത്തുമോ? ആശങ്കയിൽ പാർട്ടി നേതൃത്വം

Keywords:  News, News-Malayalam-News, Kerala, Politics, Another setback for CPM in TP Chandrasekharan murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia