Landslide | നെടുംപൊയിലില്‍ വീണ്ടും ഉരുള്‍പൊട്ടി: ഒരാളെ കാണാതായി
Aug 28, 2022, 21:41 IST
ഇരിട്ടി: (www.kvartha.com) നെടുംപൊയില്‍, കണ്ണവം വനമേഖലയില്‍ കനത്തമഴയിലുണ്ടായ ഉരുള്‍പൊട്ടല്‍ തുടരുന്നു. കണിച്ചാര്‍ ഏലപ്പീടികയില്‍ മഴവെള്ളം കുത്തിയൊലിച്ചു പാഞ്ഞ തോട്ടിലെ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി, ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
കണിച്ചാര്‍ എലപ്പീടികക്കു സമീപം ഉരുള്‍പൊട്ടിയതിനാല്‍ തലശ്ശേരി-മാനന്തവാടി റോഡ് വഴിയുള്ള ഗതാഗതം നെടുംപൊയില്‍ ടൗണില്‍ വെച്ച് പൊലീസ് തടഞ്ഞു. വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ പേരാവൂര്‍ കൊട്ടിയൂര്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. പ്രദേശത്ത് കുന്നിടിയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണിച്ചാറില്‍ ഭീതിജനകമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. കൊട്ടിയൂര്‍ വനമേഖലയില്‍ കനത്ത മഴ തുടരുകയാണ്. ബാവലിപ്പുഴ കരകവിഞ്ഞൊഴുകിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയിറങ്ങിയിട്ടുണ്ട്. നെടുംപൊയില്‍ ചുരത്തിലും കണിച്ചാര്‍ പഞ്ചായതിലെ മേലെ വെള്ളറയിലുമാണ് ഞായറാഴ്ച രാവിലെ ഉരുള്‍പൊട്ടിയത്.
വെള്ളം കുത്തിയൊലിച്ചുവന്നതോടെ വെള്ളറയിലെ അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നെടുംപൊയില്‍ ചുരത്തിലെ ഇരുപത്തിയൊന്നാം മൈലില്‍ ഉരുള്‍ പൊട്ടി റോഡില്‍ വലിയകല്ലുകളും മരങ്ങളും ഒലിച്ചെത്തി. ഇതോടെ മാനന്തവാടി-നെടുംപൊയില്‍ ഭാഗങ്ങളില്‍ ഗതാഗതംമുടങ്ങി.
കഴിഞ്ഞ ദിവസം നെടുംപൊയില്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. കണ്ണവം വനമേഖലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയത്. ഒരുമാസംമുന്‍പ് ഇവിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ കൊളക്കാട്ടെ പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരിയുടെ രണ്ടുവയസുള്ള മകളും നാട്ടുകാരായ രണ്ടുപേരും മരണമടഞ്ഞിരുന്നു.
കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ഈ മേഖലയിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചുവെങ്കിലും പിന്നീട് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് തുറന്നു പ്രവര്‍ത്തിക്കാന്‍ കലക്ടര്‍ അനുമതി നല്‍കുകയായിരുന്നു.
Keywords: Another landslide in Nedumpoil: One person missing, Kannur, News, Missing, Auto & Vehicles, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.