Negligence | 'തലയ്ക്ക് പരിക്കേറ്റ മുന്നരവയസ്സുകാരന് മതിയായ ചികിത്സ നൽകിയില്ല'; അംഗൻവാടി ടീച്ചറെയും ഹെൽപ്പറെയും ആരോഗ്യ മന്ത്രി സസ്പെൻഡ് ചെയ്തു
● പരിക്കേറ്റ കാര്യം വീട്ടിൽ അറിയിച്ചില്ല.
● കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നെരുവമ്പ്രം: (KVARTHA) അംഗൻവാടിയിൽ വച്ച് വീണ് തലയ്ക്ക് പരിക്കേറ്റ മുന്നരവയസ്സുകാരന് മതിയായ ചികിത്സ നൽകാത്തതിന് അംഗൻവാടി ടീച്ചറെയും ഹെൽപ്പറെയും ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരിക്കേറ്റത് കണ്ടത്. മുറിവിൽ ചായപ്പൊടി വെച്ചുകെട്ടിയ നിലയിലായിരുന്നു. അഗൻവാടിയിൽ വച്ച് കുട്ടിക്ക് പരിക്കേറ്റ കാര്യം വീട്ടിൽ അറിയിച്ചില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ ടീച്ചർ തയ്യാറായില്ലെന്നുമാണ് ആരോപണം.
കണ്ണൂർ നെരുവമ്പ്രം സ്വദേശിയായ ധനേഷിന്റെ മകനാണ് പരിക്കേറ്റത്. വൈകീട്ട് കുട്ടിക്ക് പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചു. പരിക്ക് ഗുരുതരമെന്ന് മനസ്സിലാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
#AnganwadiNegligence #ChildSafety #KeralaNews #JusticeForChild