പ്രൊഫ. മനോജ് ദാസിനും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും അമൃതകീര്‍ത്തി പുരസ്‌കാരം

 


കൊല്ലം: ഇംഗ്ലീഷ്, ഒറിയ ഭാഷകളിലെ പ്രമുഖ എഴുത്തുകാരനായ പ്രൊഫ. മനോജ് ദാസിന് 2013ലെ അമൃതകീര്‍ത്തി ദേശീയ പുരസ്‌കാരം നല്‍കും. സംസ്ഥാനതല പുരസ്‌കാരത്തിന് പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരനും അര്‍ഹനായി. അമൃതാനന്ദമയീ ദേവിയുടെ അറുപതാം പിറന്നാളാഘോഷമായ അമൃതവര്‍ഷം 60നോടനുബന്ധിച്ച് സെപ്റ്റംബര്‍ 27ന്  അമൃതപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവര്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാനും അമൃതകീര്‍ത്തി പുരസ്‌കാര സമിതി അംഗവുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.

ആത്മീയ, താത്വിക, ശാസ്ത്ര, സാഹിത്യ മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്ക് 2001 മുതല്‍ വര്‍ഷം തോറുംനല്‍കിവരുന്ന പുരസ്‌കാരമാണിത്. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
പ്രൊഫ. മനോജ് ദാസിനും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും അമൃതകീര്‍ത്തി പുരസ്‌കാരം
Prof. Thuravoor Viswambharan

ഇന്ത്യയിലെ ഇംഗല്‍ഷ്, ഒറിയ എഴുത്തുകാരില്‍ അഗ്രഗണ്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ പ്രൊഫ. മനോജ് ദാസ് 1963 മുതല്‍ പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമത്തിലെ താമസക്കാരനാണ്. ആത്മീയതയും മിസ്റ്റിസിസവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ അന്തര്‍ധാര. നോവലിസ്റ്റും കവിയുമായ പ്രൊഫ. ദാസ് യാത്രാവിവരണങ്ങളും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അനവധി പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം നിരനവധി പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി പംക്തികളും കൈകാര്യം ചെയ്യുന്നു.

സഞ്ചാരികൂടിയായ പ്രൊഫ. ദാസ് ലണ്ടനിലെ എഡിന്‍ബറോയിലെത്തി അരബിന്ദോയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെപ്പറ്റി ഗവേഷണം നടത്തുകയും 1972ല്‍ 'ശ്രീ അരബിന്ദോ ഇന്‍ ദ ഫസ്റ്റ് ഡെക്കേഡ് ഓഫ് ദ സെഞ്ച്വറി' എന്ന പേരില്‍ അത് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഉന്നത സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍ നേടിയിട്ടുള്ള പ്രൊഫ. മനോജ് ദാസ് ഒഡീഷയിലെ പഴക്കംചെന്ന സാഹിത്യസംഘങ്ങളിലൊന്നായ ഉത്ക്കല്‍ സാഹിത്യ സമാജ് നല്‍കുന്ന ഉത്കല്‍ രത്‌ന പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ശ്രീ അരബിന്ദോ പുരസ്‌കാര്‍ (കൊല്‍ക്കൊത്ത), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1972), ഒറീസ സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടു തവണ), സരള അവാര്‍ഡ്, സാഹിത്യ ഭാരതി അവാര്‍ഡ്, ദക്ഷിണേന്ത്യയിലെ മികച്ച ഇംഗ്ലീഷ് എഴുത്തുകാരനുള്ള 1998ലെ ബാപ്‌സി (ബുക് സെല്ലേഴ്‌സ് ആന്‍ഡ് പബ്ലീഷേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്‍ഡ്യ) അവാര്‍ഡ്,  റോട്ടറിയുടെ 'ഫോര്‍ ദ സേയ്ക്ക് ഓഫ് ഓണേഴ്‌സ്' തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.
പ്രൊഫ. മനോജ് ദാസിനും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും അമൃതകീര്‍ത്തി പുരസ്‌കാരം
Prof. Manoj Das

ആലപ്പുഴയ്ക്കു സമീപം തുറവൂരില്‍ 1943ല്‍ ജനിച്ച പ്രൊഫ. വിശ്വംഭരന്‍ പ്രമുഖ ആയുര്‍വേദ, സംസ്‌കൃത പണ്ഡിതനായ കെ. പദ്‌നാഭന്റെയും കെ. മാധവിയുടെയും മകനാണ്. തുറവൂര്‍ ടി.ഡി.എച്ച്.എസ്സിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

മഹാഭാരതത്തെ ലോകതത്വചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യാപനത്തിനും ലോകത്തെ ശ്രേഷ്ഠസാഹിത്യത്തിനിടയില്‍ മഹാഭാരത ഇതിഹാസത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും സഹായകമായിട്ടുണ്ടെന്ന് പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. അദ്ദേഹം രചിച്ച 'ഭാരതദര്‍ശനം പുനര്‍വായന' എന്ന ഗ്രന്ഥം മഹാഭാരത്തിന്റെ തത്വചിന്തകള്‍ വിശകലനം ചെയ്യുന്ന ബ്രഹത് സമാഹാരമാണ്. മഹാഭാരതത്തെപ്പറ്റി ചര്‍ച്ചചെയ്യുന്ന അമൃത ടെലിവിഷനിലെ അദ്ദേഹത്തിന്റെ പരിപാടിയായ ഭാരത ദര്‍ശന്‍ ഇതിനോടകം 2,500 എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, കാലടി ശ്രിശങ്കര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എന്‍.പി. ഉണ്ണി, കവി പി. നാരായണക്കുറുപ്പ്, ഡോ. ശങ്കര്‍ അഭയാങ്കര്‍, പ്രതിഭ റായ്, മാതാ അമൃതനാന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരീയാമൃതാന്ദപുരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

ദേശീയ തലത്തില്‍ ഡോ. ശങ്കര്‍ അഭയാങ്കര്‍, പ്രതിഭ റായ് എന്നിവര്‍ക്കും സംസ്ഥാനതലത്തില്‍ ആചാര്യ നരേന്ദ്രഭൂഷണ്‍, പി. പരമേശ്വരന്‍, എം.എച്ച്. ശാസ്ത്രികള്‍, പി. നാരായണക്കുറുപ്പ്, പ്രൊഫ. വാസുദേവന്‍ പോറ്റി, പ്രൊഫ. കെ.വി. ദേവ്, പറവൂര്‍ ശ്രീധരന്‍ തന്ത്രികള്‍, ഡോ. എന്‍.പി. ഉണ്ണി, എം.പി. വീരേന്ദ്രകുമാര്‍, സി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കുമാണ് ഇതിനു മുമ്പ് അമൃതകീര്‍ത്തി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്.

Also read:
ഓട്ടോ ഡ്രൈവറെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു
Keywords:  Prof. Manoj Das, Prof. Thuravoor Viswambharan, Award, Amritakeerti Puraskar National Award, Kerala, Award, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia