പുരാവസ്തു തട്ടിപ്പ് കേസിലെ മോന്‍സനുമായി ബന്ധമുണ്ടെന്ന് ആരോപണം: ചേര്‍ത്തല സിഐയെ സ്ഥലം മാറ്റി
Oct 3, 2021, 15:14 IST
ചേര്‍ത്തല: (www.kvartha.com 03.10.2021) പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി ഐയെ സ്ഥലം മാറ്റി. സി ഐ പി ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. സി ഐ മോന്സന് വഴി വിട്ട സഹായം നല്‍കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലമാറ്റം.
പൊലീസിലെ അഴിമതിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചേര്‍ത്തലയില്‍ സി പി ഐ പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചിരുന്നു. ടൗണ്‍ വെസ്റ്റ് ലോകല്‍ കമിറ്റി സ്റ്റേഷന് മുന്നില്‍ സമരം ചെയ്യാന്‍ നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. ക്രൈം ബ്രാഞ്ച് അറസ്റ്റ്ചെയ്ത മാവുങ്കലുമായി ചേര്‍ത്തലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധം.
എന്നാല്‍ സംസ്ഥാനത്തെ 26 സി ഐമാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ് ശ്രീകുമാറിനെയും മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം പുരാവസ്തു വിറ്റ പണം തിരിച്ചുപിടിക്കാനെന്ന പേരില്‍ പരാതിക്കാരില്‍നിന്ന് മോന്സന് മാവുങ്കല്‍ പണം തട്ടിയതിന് തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. 10 കോടി തട്ടിയെന്ന ആരോപണത്തിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. മോന്സനിന്റെയും സഹായിയുടെയും അകൗണ്ട് വഴി നാല് കോടിയോളം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വിവാദങ്ങളില്‍പ്പെടുന്നത് തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിപുലമായ യോഗം വൈകുന്നേരം മൂന്നരയ്ക്ക് ചേരും. പൊലീസ് ഉള്‍പെട്ട ഹണിട്രാപ് കേസ് അടക്കമുള്ള ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. യോഗത്തില്‍ എസ് എച് ഒമാര്‍ മുതല്‍ ഡി ജി പിവരെ ഓണ്‍ലൈനായി പങ്കെടുക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.