Criticism | സൗഹാർദം കൊണ്ട് പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് പ്രവാസി വെൽഫെയർ ടേബിൾ ടോക്ക്
ദോഹ: (KVARTHA) മലപ്പുറം ജില്ലയെ തെറ്റായും രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ, പ്രവാസി വെൽഫെയർ ഖത്തർ ഒരു ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. "സമകാലിക കേരളം- മലപ്പുറത്തിന് പറയാനുള്ളത്" എന്ന തലക്കെട്ടിൽ നടക്കുന്ന ഈ പരിപാടിയിൽ, സൗഹാർദ്ദത്തിന്റെയും സഹകരണത്തിന്റെയും വഴികളിലൂടെ ഈ പ്രശ്‌നത്തെ നേരിടുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യും.
മലപ്പുറത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കും, ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കും പിന്നിൽ സംഘ് പരിവാറിന്റെ അജണ്ടയാണെന്നത് വ്യക്തമാണ്. മുഖ്യമന്ത്രി ഉൾപ്പടെ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നുണ്ടാവുന്ന വംശീയ പ്രസ്താവനകൾ മുതൽ കോഴിക്കോട് വിമാനത്താവളത്തെ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേസുകൾ ഒരു ജില്ലയോട് ചേർത്ത് വെക്കുന്നതും വരെ ഇതിന്റെ ഭാഗമാണ്. പോലീസ് വരെ ഈ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നതിന് തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുകയും പോലീസിലെ അടക്കം സംഘ് പരിവാർ സ്വാധീനങ്ങൾ പുറത്ത് കൊണ്ടുവരുന്നതിനുള്ള സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയിലെ പ്രവാസി സമൂഹത്തിൽ നിന്നും കൂടുതൽ പ്രതികരണങ്ങൾ ഉയർന്നു വരണമെന്നും മലപ്പുറത്തെ ജനങ്ങൾ ജാതി-മത ഭേദമില്ലാതെ ഒന്നിച്ചു നിന്ന് ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശബ്ദമുയർത്തണം എന്നും ടേബിൾ ടോക്കിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് റഷീദലി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. കെ എം സി സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംങ്കോട്, ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, ഇൻകാസ് ജില്ല സെക്രട്ടറി ആഷിഖ് തിരൂർ, ഡോം ഖത്തർ പ്രസിഡന്റ്, ഉസ്മാൻ കല്ലൻ, മെജസ്റ്റിക് മലപ്പുറം ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, മഷൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ് സിദ്ദിഖ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പ്രവാസി വെൽഫെയർ ജില്ല ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം സ്വാഗതവും സംസ്ഥാന
വൈസ് പ്രസിഡന്റ് അനീസ് മാള സമാപനവും നിർവഹിച്ചു. റഫീഖ് മേച്ചേരി, അഷ്‌ഹർ അലി, കബീർ പൊന്നാനി, ശാക്കിർ മഞ്ചേരി, സൈഫുദ്ധീൻ, റഹ്മത്തുള്ള എന്നിവർ നേതൃത്വം നൽകി.
#malappuram #falsenews #propaganda #kerala #india #investigation #pravasiwelfare