Allegation| മനുവിന്റെ ആരോപണങ്ങളില്‍ പി ജെയും കുരുങ്ങിയോ? സ്വര്‍ണക്കടത്ത്- ക്വട്ടേഷന്‍ സംഘത്തിന്റെ ഗോഡ് ഫാദറെന്ന് ആക്ഷേപം; കണ്ണൂരില്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ വിവാദങ്ങള്‍ കത്തിക്കയറുമ്പോള്‍


സി.പി.എം സൈബര്‍ ക്വട്ടേഷന്‍ ഗ്രൂപ്പായ റെഡ് ആര്‍മിയും ജയ്ന്‍ രാജ് തന്നെയാണ് നിയന്ത്രിക്കുന്നതെന്ന അതീവഗുരുതരമായ ആരോപണങ്ങളും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ യുവനേതാവ് ഉയര്‍ത്തിയിട്ടുണ്ട്
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) സി.പി. എം അംഗത്വത്തില്‍ നിന്നും സ്വയം ഒഴിവായ മുന്‍ ഡി.വൈ. എഫ്. ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ അണികള്‍ക്കിടയില്‍ ആവേശമായ പി ജയരാജനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. അണികള്‍ക്കിടയില്‍ പി.ജയെന്നു ആവേശത്തോടെ വിളിക്കപ്പെടുന്ന നിസ്വാര്‍ത്ഥനായ കമ്യൂണിസ്റ്റു മൂല്യങ്ങള്‍ കൊണ്ടു നടക്കുന്ന നേതാവെന്ന ജയരാജന്റെ ഉത്തമ കമ്യൂണിസ്‌റ്റെന്ന പ്രതിച്ഛായക്കാണ് പോറലേറ്റിരിക്കുന്നത്.
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘത്തിന്റെ സംരക്ഷകന്‍ പി ജയരാജനാണെന്നും അതിവിപുലമായ ബിസിനസ് ബന്ധങ്ങള്‍ പി ജയരാജനും മകനും കേരളത്തിലും ഗള്‍ഫിലുമുണ്ടെന്ന അതീവഗുരുതരമായ ആരോപണങ്ങളാണ് മനുതോമസ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഉയര്‍ത്തിയത്. സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്റര്‍ പി ജയരാജന്റെ മകന്‍ ജയ്ന്‍ രാജാണെന്നായിരുന്നു ആരോപണം.
ഗള്‍ഫില്‍ നിന്നാണ് ജയ്ന്‍ ഇക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സി.പി.എം സൈബര്‍ ക്വട്ടേഷന്‍ ഗ്രൂപ്പായ റെഡ് ആര്‍മിയും ജയ്ന്‍ രാജ് തന്നെയാണ് നിയന്ത്രിക്കുന്നതെന്ന അതീവഗുരുതരമായ ആരോപണങ്ങളും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ യുവനേതാവ് ഉയര്‍ത്തിയിട്ടുണ്ട്.
പി ജയരാജന്റെ തനിക്കെതിരെയുളള ഫേസ്ബുക്ക് പോസ്റ്റ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുളള കണ്ടന്‍ഡ് നല്‍കലാണെന്നായിരുന്നു മനുവിന്റെ ആരോപണം.
ഇതോടെയാണ് ഇവര്‍ തനിക്കെതിരെ കൊലവിളി മുഴക്കി ആഘോഷമാരംഭിച്ചതെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ഗ്രസിച്ച പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. പി ജയരാജന്റെ മകന്‍ ജയ്ന്‍ രാജാണ് സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററെന്നു പച്ചയ്ക്കു പറഞ്ഞതോടെ ഉന്നത നേതാവിലേക്കും സംശയത്തിന്റെ മുള്‍മുന നീളുകയാണ്. തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൊലവിളി നടത്തുന്ന ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയെയും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വം തളളിപറഞ്ഞിട്ടും പി ജയരാജന്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നാണ് മനുതോമസിന്റെ ചോദ്യം.
ഇതോടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട പ്രതിസന്ധിയിലാണ് ജയരാജന്‍ എത്തി നില്‍ക്കുന്നത്. റെഡ് ആര്‍മിയെന്ന സോഷ്യല്‍മീഡിയ ക്വട്ടേഷന്‍ സംഘത്തിന്റെ കോര്‍ഡിനേഷന്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെ പി ജയരാജന്റെ മകന്‍ ജയ്ന്‍ രാജാണ് ചെയ്യുന്നതെന്നാണ് മനുതോമസ് ഉയര്‍ത്തുന്ന ആരോപണം.
താന്‍ എന്തുകൊണ്ടാണ് പി ജയരാജന്റെ കണ്ണിലെ കരടായി മാറിയതെന്നു അറിയില്ലെന്നും തങ്ങള്‍ തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മനു തോമസ് പറയുന്നത്. എന്നാല്‍ താന്‍ സംവാദത്തിന് വിളിച്ചപ്പോള്‍ ജയരാജന്‍ അസഹിഷ്ണുത കാണിക്കുകയാണ്. താന്‍ ഉന്നയിച്ച ചിലകാര്യങ്ങളില്‍ ജയരാജന് അസഹിഷണുതയുണ്ട്. പാര്‍ട്ടിക്കുളളിലെ ചില നേതാക്കളുടെ സംരക്ഷണം കിട്ടിയതു കൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ഇന്ന് വടവൃക്ഷങ്ങളായി വളര്‍ന്നിരിക്കുന്നത്. അന്നു ഇവരെയും കൂട്ടി കാറില്‍ സഞ്ചരിച്ചതു ചില നേതാക്കളാണ്. ഇന്ന് ഈ ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. നേരത്തെ പാര്‍ട്ടി ഇവരെ തളളിപറഞ്ഞതാണെന്നും മനുതോമസ് പ്രതികരിച്ചിരുന്നു.
സ്വന്തം ഫാന്‍സിനു വേണ്ടിയാണ് തനിക്കെതിരെ ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും ജയരാജനും മകനും വിദേശത്ത് ഉള്‍പ്പെടെ ബിസിനസുകളുണ്ടെന്ന അതീവഗുരുതരമായ ആരോപണവും തെറ്റുതിരുത്തല്‍ ചര്‍ച്ച നടക്കുന്ന വേളയില്‍ മനുതോമസ് ഉന്നയിക്കുന്നുണ്ട്.