മാണി വാങ്ങിയത് നാലുകോടി എന്ന് അഭ്യൂഹം; കുറേ ദിവസങ്ങളായി തലസ്ഥാനത്ത് മര്‍മ്മരം

 


തിരുവനന്തപുരം:(www.kvartha.com 01.11.2014) ബാറുടമകളില്‍ നിന്ന് ധന, നിയമകാര്യ മന്ത്രി കെ എം മാണി കോഴ വാങ്ങി എന്ന ബാറുടമയുടെ വെളിപ്പെടുത്തല്‍ വന്നത് വെള്ളിയാഴ്ചയാണെങ്കിലും ഇങ്ങനൊന്ന് പുറത്തുവരാന്‍ പോകുന്നു എന്നു കുറേ ദിവസങ്ങളായി തലസ്ഥാനത്ത് മര്‍മ്മരമുണ്ടായിരുന്നു. മാധ്യമ കേന്ദ്രങ്ങളും പ്രതിപക്ഷവും യുഡിഎഫിലെ മാണി വിരുദ്ധരും അത് പ്രതീക്ഷിച്ച് ഇരിക്കുകയുമായിരുന്നു.

ബാറുടമയും അവരുടെ അസോസിയേഷന്‍ നേതാവുമായ ബിജു രമേശ് വെളിപ്പെടുത്തിയത് ഒരു കോടിയേക്കുറിച്ചാണ്. എന്നാല്‍ നാലു കോടി വാങ്ങിയെന്ന വെളിപ്പെടുത്തല്‍ വരാന്‍ പോകുന്നുവെന്നായിരുന്നു ശ്രുതി. ബാക്കി മൂന്നു കോടി കൊടുത്തത് മറ്റു മൂന്നുപേരാണത്രേ. അതുകൂടി പുറത്തുപറയുമെന്നുള്ള താക്കീതുള്‍പ്പെടുന്നതാണോ വെള്ളിയാഴ്ചചത്തെ വെളിപ്പെടുത്തല്‍ എന്നു സംശയമുയര്‍ന്നിട്ടുണ്ട്. ഒന്നുകില്‍ വാങ്ങിയ പണം തിരിച്ചുകൊടുക്കുക, അല്ലെങ്കില്‍ മറ്റുള്ളവരുടെകൂടി വെളിപ്പെടുത്തല്‍ നേരിടാന്‍ തയ്യാറാവുക എന്ന ബ്ലാക്‌മെയിലിംഗ് തന്ത്രമാണ് ഇതെന്ന് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും കരുതുന്നു.

ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് നിഷേധിച്ച മാണി പറഞ്ഞത് ധനകാര്യ മന്ത്രിക്ക് ബാര്‍ പൂട്ടുന്നതിലും മദ്യനയത്തിലും എന്തു കാര്യം എന്നാണ്. എന്നാല്‍ ബാര്‍ പൂട്ടലുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയുടെ പരിഗണനയിലയിരിക്കെ നിയമ മന്ത്രിക്കും നിയമ വകുപ്പിനും ചിലതൊക്കെ വേണമെങ്കില്‍ വഴിവിട്ട് ചെയ്യാനാകുമെന്നും അതിനുള്ള കോഴയാണ് വാങ്ങിയത് എന്നുമാണ് മറുവാദം. ആരോപണം ഉന്നയിച്ച ബിജു രമേശിനെ ചോദ്യം ചെയ്യാനും ഇത് ഗൗരവത്തിലെടുത്തുതന്നെ മുന്നോട്ടു പോകാനും ആഭ്യന്തര വകുപ്പ് തയ്യാറാകുമെന്നണു സൂചന. വെള്ളിയാഴ്ച പൊട്ടിച്ച വെടിയില്‍ കാര്യങ്ങള്‍ അവസാനിക്കില്ലെന്നു ചുരുക്കം.

അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മാണിക്കെതിരേ പറയിക്കുന്നത് എന്ന മാണി ഗ്രൂപ്പ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജിന്റെ ആരോപണം കുറേക്കൂടി ഗുരുതരമായാണ് യുഡിഎഫിനും കോണ്‍ഗ്രസിനുമുള്ളില്‍ പുകയാന്‍ പോകുന്നത്. കുറേക്കാലമായി കെ എം മാണി സിപിഎം നേതാക്കളുമായി പലതരം ആശയ വിനിമയങ്ങള്‍ നടത്തിവരുന്നുണ്ട്. യുഡിഎഫ് വിട്ട് പുറത്തുവരാനും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കാനും മാണി കാര്യമായി ആലോചിക്കുന്നു എന്നതാണ് ഇത്തരം ആശയ വിനിമയങ്ങളുടെ ആകെത്തുക.

ഈ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് മാണിക്കെതിരേ ഉമ്മന്‍ ചാണ്ടി ആരോപണം ഉന്നയിപ്പിച്ചു എന്ന വാദമാണ് ജോര്‍ജ്ജ് പറയാതെ പറയുന്നത്. എന്നാല്‍ അത്തരമാരു ഭീഷണി ഉാവുമെന്നു കരുതുന്നേയില്ല എന്നാണ് പുറമേയ്‌ക്കെങ്കിലും മുഖ്യമന്ത്രിയുടെ വാദം. കേരള മുഖ്യമന്ത്രിയാകാന്‍ മാണിക്ക് ലഭിക്കുന്ന അവസരമായിരിക്കും ഇടതു പിന്തുണയോടെയുള്ള സര്‍ക്കാര്‍ എന്നാണു പ്രചരിക്കുന്നത്.
മാണി വാങ്ങിയത് നാലുകോടി എന്ന് അഭ്യൂഹം; കുറേ ദിവസങ്ങളായി തലസ്ഥാനത്ത് മര്‍മ്മരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  K.M.Mani, Allegation, UDF, CM, Oommen Chandy, Kerala, Thiruvananthapuram, Allegation Against K M Mani: It's Not One Crore;but Four, Rumour In The Capital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia