Prestige Battle | ആലത്തൂരില്‍ ഇക്കുറി ആര് പാട്ടുപാടി വിജയിക്കും; രമ്യയെ തറപറ്റിക്കാന്‍ തീപാറും പോരാട്ടവുമായി കെ രാധാകൃഷ്ണന്‍

 


ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) ഉലയാത്ത ഇടതുകോട്ടയെന്നു വിശ്വസിച്ചിരുന്ന ആലത്തൂരിലെ വന്‍തോല്‍വിയില്‍ നിന്നും ഇതുവരെ സിപിഎം വിമുക്തമായിട്ടില്ല. പാട്ടുപാടി വോടു തേടി റെകാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച രമ്യാ ഹരിദാസ് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫിന്റെ ഉറക്കം കെടുത്തുന്നത്. 

കഴിഞ്ഞ തവണ 1,58,968 വോടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും നവാഗതയുമായ രമ്യ വെന്നിക്കൊടി പാറിച്ചത്. സംവരണ മണ്ഡലമായ ആലത്തൂര്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെ ലോക് സഭയിലെത്തിച്ച ഒറ്റപ്പാലം മണ്ഡലമാണ്. 2008-ലെ മണ്ഡലം പുന: സംഘടനയിലൂടെയാണ് ആലത്തൂരായി രൂപ പരിണാമം പ്രാപിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ഇടതു കോട്ടയാണെന്ന് ആര്‍ക്കും നിസംശയം പറയാവുന്നവതാണ് ആലത്തൂര്‍. എന്നാല്‍ ലോക് സഭാ തിരഞ്ഞെടുപ്പിലെ വോടിങ് പാറ്റേണില്‍ അതു യുഡിഎഫിനൊപ്പം നിന്നതാണ് കഴിഞ്ഞ തവണത്തെ ചരിത്രം. പികെ ബിജുവിനെതിരെ പാര്‍ടിക്കുളളില്‍ നിന്നുളള എതിര്‍പ്പും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘന്‍ തിരഞ്ഞെടുപ്പ് വേളയില്‍ രമ്യാ ഹരിദാസിനെതിരെ നടത്തിയ ദ്വയാര്‍ഥ പ്രയോഗവും അതുണ്ടാക്കിയ വിവാദങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ യുഡിഎഫിന് കഴിഞ്ഞു.

അതുകൊണ്ടു തന്നെ ഇക്കുറി പാര്‍ടിക്കുളളിലും പുറത്തും പൊതുസ്വീകാര്യതയുളള മന്ത്രി കെ രാധകൃഷ്ണനെ മത്സരരംഗത്തിറക്കി ഓളമുണ്ടാക്കി മണ്ഡലം തിരിച്ചു പിടിക്കാനായി വിയര്‍പ്പൊഴുക്കുകയാണ് സിപിഎം.

Prestige Battle | ആലത്തൂരില്‍ ഇക്കുറി ആര് പാട്ടുപാടി വിജയിക്കും; രമ്യയെ തറപറ്റിക്കാന്‍ തീപാറും പോരാട്ടവുമായി കെ രാധാകൃഷ്ണന്‍

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്‍മാറ, തരൂര്‍, ആലത്തൂര്‍ നിയമസഭാ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് ആലത്തൂര്‍.

നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ജയിച്ചത് മുഴുവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. വടക്കാഞ്ചേരി ഒഴികെ മറ്റിടങ്ങളില്‍ ഇരുപതിനായിരത്തിനു മുകളിലാണ് എല്‍ഡിഎഫ് ഭൂരിപക്ഷം. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആലത്തൂരിന്റെ മണ്ണ് ചുവന്നതാണെങ്കിലും പാര്‍ടിക്കുളളിലുണ്ടായ ഗ്രൂപുപോരും കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയും സിപിഎമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മികച്ച പോരാട്ടം ലക്ഷ്യമിട്ടുകൊണ്ടാണ് ബിഡിജെഎസിനു നല്‍കിയ സീറ്റ് തിരിച്ചെടുത്ത് ബിജെപി മത്സരിക്കുന്നത്. പാലക്കാട്ടുകാര്‍ക്ക് സുപരിചിതയായ വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപല്‍ ഡോ.ടി എന്‍ സരസുവാണ് ബിജെപി സ്ഥാനാര്‍ഥി. വിരമിക്കുന്ന ദിവസം എസ് എഫ് ഐക്കാര്‍ കുഴിമാടം ഒരുക്കി റീത്തുവെച്ചു യാത്രയയപ്പ് നല്‍കിയ വിവാദ സംഭവത്തിലെ ഇരയാണ് സരസു.

എംപി എന്ന നിലയില്‍ രമ്യയുടെ പ്രകടനമാവും ഇക്കുറി വിലയിരുത്തപ്പെടുക. പെങ്ങളൂട്ടിയെന്ന പഴയ ബ്രാന്‍ഡ് നെയിം ഇക്കുറി ചിലവാകുമോയെന്നു കണ്ടറിയണം. കഴിഞ്ഞ തവണ നവാഗതയായി വന്ന രമ്യാഹരിദാസ് സൃഷ്ടിച്ച അട്ടിമറി വെറുതെയല്ലെന്നു തെളിയിക്കേണ്ടതും ജയം ആവര്‍ത്തിക്കേണ്ടതും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിമാന പ്രശ്‌നമാണ്. ഇടതു കോട്ടയെന്ന വിളിപ്പേര് തിരിച്ചു പിടിക്കേണ്ട വന്‍ വെല്ലുവിളിയാണ് സിപിഎമിനും എല്‍ഡിഎഫിനുമുളളത്.

വോടര്‍മാര്‍ ചിന്തിച്ചു തുടങ്ങിയെന്നും മണ്ഡലത്തിന്റെ പൂര്‍വകാല ചരിത്രത്തിലല്ല കാര്യമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇടതു സര്‍കാരിനോട് ജനങ്ങള്‍ക്കുളള ഭരണവിരുദ്ധവികാരം വോടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 

എന്നാല്‍ കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിയായ ടിവി ബാബു നേടിയ 89,837- വോടിനേക്കാള്‍ കൂടുതല്‍ നേടി മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എസ് എഫ് ഐയുടെ കാംപസ് അതിക്രമത്തിന് ഇരയായ ഡോ. ടി എന്‍ സരസുവിനെ കേന്ദ്ര നേതൃത്വം വൈകിയെങ്കിലും സ്ഥാനാര്‍ഥിയാക്കിയത് ശക്തമായ സാന്നിധ്യം അറിയിക്കാന്‍ തന്നെയാണ്.

Keywords: Alathur: Prestige battle between Ramya Haridas and K Radhakrishnan, Kannur, News, Lok Sabha Election, Congress, LDF, Politics, Candidate, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia