Controversy | എകെ ശശീന്ദ്രന്‍ പദവി ഒഴിയും; തോമസ് കെ തോമസ് മന്ത്രിയാകും, തീരുമാനം ശരദ് പവാറിന്റേതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ
● പിബി യോഗത്തിനുശേഷം 29 ന് പിണറായി വിജയന്‍ സംസ്ഥാനത്ത് തിരിച്ചെത്തും
● പദവി ഒഴിയാന്‍ ശശീന്ദ്രന് താല്‍പര്യമില്ലാത്തതിനാല്‍ ഇടപെട്ട് ശരദ് പവാര്‍
തിരുവനന്തപുരം: (KVARTHA) മന്ത്രിസ്ഥാനത്തുനിന്ന് എകെ ശശീന്ദ്രന്‍ മാറുമെന്ന് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകുമെന്നും ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിസി ചാക്കോ, മന്ത്രി എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവര്‍ തലസ്ഥാനത്ത് വച്ച് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിനു സാധിച്ചില്ല. ഇപ്പോള്‍ ഡെല്‍ഹിയിലുള്ള മുഖ്യമന്ത്രി പിബി യോഗത്തിനുശേഷം 29 നാണ് തലസ്ഥാനത്ത് തിരിച്ചെത്തുന്നത്. എകെ ശശീന്ദ്രനു പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നു നേതാക്കളോടും നിര്‍ദേശിച്ചത്. ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയുന്നതിനോട് തീരെ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ സ്ഥാനം നിലനിര്‍ത്താന്‍ തനിക്കൊപ്പം നില്‍ക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം എന്നും അറിയുന്നു.
പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്ന് വന്നാല്‍ തീരുമാനം സിപിഎം നീട്ടുമെന്ന കണക്കുകൂട്ടലിലാണ് ശശീന്ദ്രന്‍. ശരദ് പവാറിന്റെയും പിസി ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് കെ തോമസും പ്രതീക്ഷിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന ശശീന്ദ്രന്‍ ഒഴിയണമെന്നാണ് തോമസ് കെ തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പിസി ചാക്കോ തോമസിനൊപ്പമായതോടെയാണ് മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവമായത്.
#KeralaPolitics #NCP #CabinetReshuffle #AKSaseendran #ThomasKThomas #KeralaGovernment