AK Antony | എ കെ ആൻ്റണി ഒരിക്കൽ തോറ്റിട്ടുണ്ട്; വലിയ പരാജയം തന്നെയായിരുന്നു അത്

 


/ സോണി കല്ലറയ്ക്കൽ

തിരുവനന്തപുരം: (KVARTHA) എ കെ ആൻ്റണി ഒരിക്കൽ പോലും തോറ്റിട്ടില്ലെന്ന് ആരും പറയരുത്. ഒരു വലിയ തോൽവി തന്നെയായിരുന്നു അത്. കേരളത്തിൽ പല പ്രമുഖ നേതാക്കളും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരൻ, വി.എസ്. അച്യുതാനന്ദൻ, ഇ. കെ .നായനാർ, കേരളാ കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ്, ബി.ജെ.പി സീനിയർ നേതാവ് ഒ രാജഗോപാൽ തുടങ്ങിയവരൊക്കെ തെരഞ്ഞെടുപ്പിൽ പരാജയത്തിൻ്റെ കയ്പ്പുനീർ അനുഭവിച്ചവരാണ്. യുവ നേതാക്കളായ സുരേഷ് കുറുപ്പ്, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, ജോസ്.കെ. മാണി, പി.സി.തോമസ് പോലെയുള്ളവരും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്.

AK Antony  | എ കെ ആൻ്റണി ഒരിക്കൽ തോറ്റിട്ടുണ്ട്; വലിയ പരാജയം തന്നെയായിരുന്നു അത്

 ചിലർ തോറ്റപ്പോൾ രാഷ്ട്രിയ ചിത്രത്തിൽ നിന്ന് തന്നെ മാറ്റപ്പെടുമെന്നുള്ള പ്രതീതിയാണ് ഉണ്ടായത്. എന്നാൽ പലരും അതിനെ ഒക്കെ അതിജീവിച്ച് തിരിച്ചു വന്നിട്ടുമുണ്ട്. എന്നാൽ ഒരിടത്തും ഒരിക്കലും തോൽക്കാത്ത ചില നേതാക്കളും ഇവിടെ ഉണ്ട്. അതിൽ ഏറെ പ്രശസ്തർ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമാണ്. ഇവരൊന്നും തെരഞ്ഞെടുപ്പ് രംഗത്ത് എന്നല്ല സംഘടനാ രംഗത്തും തോറ്റിട്ടില്ല. അതു പോലെ മുൻമന്ത്രി അന്തരിച്ച കെ.എം. മാണിയും, പാലയിൽ നിന്ന് അദ്ദേഹം മരണം വരെ തുടർച്ചയായ ജയമാണ് കാഴ്ച വെച്ചത്.

പാലായിൽ മാണി ചെറിയ ഭൂരിപക്ഷത്തിൽ തുടങ്ങിയ വിജയ ഭൂരിപക്ഷം ഓരോ തവണ ചെല്ലുമ്പോഴും വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ആദ്യം അദ്ദേഹം പാലയിൽ മത്സരത്തിന് ഇറങ്ങുമ്പോൾ ഭൂരിപക്ഷം 300 വോട്ട്
ആയിരുന്നു. എതിരാളി സീനിയർ കോൺഗ്രസ് നേതാവ് അന്തരിച്ച എം.എം.ജേക്കബും. പിന്നീട് ഒരോ തവണയും മാണി ഭൂരിപക്ഷം ഉയർത്തുകയായിരുന്നു. എന്തിന്, ബാർ കോഴ വിഷയം ഉയർന്ന് പൊങ്ങിയ തെരഞ്ഞെടുപ്പിൽ പോലും എല്ലാവരും മാണി പാലയിൽ തോൽക്കുമെന്ന് വിധിയെഴുതിയപ്പോൾ പോലും മോശമല്ലാത്ത ഭൂരിപക്ഷത്തിന് അദ്ദേഹം പാലയിൽ നിന്ന് വിജയക്കൊടി പാറിക്കുകയാണ് ഉണ്ടായത്.

അത് അദ്ദേഹത്തിൻ്റെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന നിയമസഭാ സാമാജികൻ എന്ന ബഹുമതിയും പേറിയാണ് മാണി സാർ ഈ ലോകത്തിൽ നിന്ന് പോയത്. അങ്ങനെ നമ്മുടെ നേതാക്കളിൽ പലരും തോറ്റും ജയിച്ചും തന്നെ വന്നവരാണ്. എന്നാൽ ഈ പറഞ്ഞ നേതാക്കൾ അല്ലാതെ മറ്റൊരാൾ കൂടി തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്ന് ചിന്തിക്കുന്നവർ ഏറെയുണ്ടാകാം. അത് മറ്റാരുമല്ല മുൻ കേരളാ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കെ.പി.സി.സി പ്രസിഡൻ്റും ഒക്കെ ആയി ഇവിടുന്ന് വളർന്ന സാക്ഷാൽ എ കെ ആൻ്റണിയാണ്.

അദ്ദേഹത്തെ പോലെ രാഷ്ട്രീയത്തിൽ ഏറ്റവും ഭാഗ്യം പിടിച്ച നേതാവ് വേറെ കാണില്ല. ചെറുപ്രായത്തിൽ
കേരളത്തിൻ്റെ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻ്റും ഒക്കെ ആയ വ്യക്തിയാണ് എ.കെ. ആൻ്റണി. ലീഡർ കരുണാകരൻ പോലും 50 വയസ് കഴിഞ്ഞശേഷമാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയതെങ്കിൽ എ.കെ ആൻ്റണി 36-ാം വയസ്സിൽ ആണ് കേരളാ മുഖ്യമന്ത്രി ആയത്. മത്സരിച്ച ഒരു മണ്ഡലത്തിൽ പോലും അദ്ദേഹം തോറ്റിട്ടില്ല എന്ന് മാത്രമല്ല വളരെ പെട്ടെന്ന് കേന്ദ്ര ക്യാബിനറ്റിൽ പോലും
എത്തുകയും ആയിരുന്നു. സ്വന്തം സ്വദേശമായ ചേർത്തലയിൽ നിന്നാണ് അദേഹം കൂടുതൽ തവണയും കേരളാ നിയമസഭാ സാമാജികൻ ആയത്.

മുസ്ലിംലീഗ് കോട്ടയായ തിരൂരങ്ങാടിയിൽ നിന്ന് പോലും അദ്ദേഹം യു.ഡി.എഫ് സ്ഥാനാർത്ഥിയായി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. എന്നാൽ ഒരു മണ്ഡലത്തിൽ നിന്നു പോലും തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെങ്കിലും കേരളത്തിൽ കോൺഗ്രസ് സംഘടനാ രംഗത്ത് ഒരിക്കൽ തോൽക്കുന്ന കാഴ്ചയും കണ്ടു. തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ തന്നെ പ്രിയ സുഹൃത്തും സ്വന്തം നാട്ടുകാരനും മഹാരാജാസ് കോളേജിലെ ആൻ്റണിയുടെ സമകാലിനനും മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയുമൊക്കെ ആയിരുന്ന വയലാർ രവിയും.

കോൺഗ്രസ് പാർട്ടിയിൽ ഒരു കാലത്ത് കെ.കരുണാകരൻ്റെ ഏറ്റവും വലിയ വിമർശകൻ ആയിരുന്നു വയലാർ രവി. അന്ന് വയലാർ രവി നിലയുറപ്പിച്ചിരുന്നത് ആൻ്റണിയുടെ വിശ്വസ്തനായി ആൻ്റണി ഗ്രൂപ്പിൽ. അക്കാലത്ത് എ.കെ ആൻ്റണി കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്നപ്പോൾ രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പിന്നീട് വയലാർ രവിയെ കരുണാകരൻ്റെ പാളയത്തിൽ എത്തിക്കുകയായിരുന്നു. അന്ന് ഒഴിവ് വന്ന ഒരു രാജ്യസഭാ സീറ്റ് തനിക്ക് വേണമെന്ന് വയലാർ രവി ആഗ്രഹിച്ചിരുന്നു. കെ.പി.സി.സി പ്രസിഡൻ്റായിരുന്ന എ.കെ ആൻ്റണി, വയലാർ രവിയെ ഒഴിവാക്കി തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് നൽകാനാണ് ശുപാർശ ചെയ്തത്. ഇതാണ് വയലാർ രവിയെ ആൻ്റണിയിൽ നിന്നും അകറ്റിയത്.

പിന്നീട് എ ഗ്രൂപ്പ് വിട്ട വയലാർ രവി കരുണാകരൻ്റെ ഐ ഗ്രുപ്പിൽ എത്തുകയായിരുന്നു. ഐ ഗ്രൂപ്പിൽ എത്തിയ വയലാർ രവിക്ക് ആ ഗ്രൂപ്പിൽ നിന്ന് കിട്ടിയ സ്വീകാര്യത വളരെ വലുതായിരുന്നു. പിന്നീട് നടന്ന കെ.പി.സി.സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പുകാർ ആൻ്റണി യെ വീണ്ടും പ്രസിഡൻ്റായി നിർദേശിച്ചപ്പോൾ കരുണാകരൻ്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് കെ.പി.സി.സി പ്രസിഡൻ്റായി
നിർദേശിച്ചത് ആൻ്റണി യുടെ പഴയ ചങ്ങാതി വയലാർ രവിയെ തന്നെ ആയിരുന്നു. ഇത് ശരിക്കും ആൻ്റണിക്ക് കരണത്തിനേറ്റ ഒരു പ്രഹരമായി. തുടർന്ന് കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ആൻ്റണിയും വയലാർ രവിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടന്നത്.

വയലാർ രവിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പിന് വേണ്ട ചുക്കാൻ പിടിച്ചത് സാക്ഷാൽ ലീഡർ കെ.കരുണാകരൻ തന്നെയായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നു. ഫലം വന്നപ്പോൾ എ.കെ ആൻ്റണിയെ അഞ്ച് വോട്ടിന് തോൽപ്പിച്ച് വയലാർ രവി കെ.പി.സി.സി പ്രസിഡൻ്റ് ആകുകയായിരുന്നു. ഒടുവിൽ പരാജയം സഹിക്കാനാവാതെ കണ്ണുനിറഞ്ഞ് അന്നത്തെ സന്തതസഹചാരി ചെറിയാൻ ഫിലിപ്പിൻ്റെ തോളിൽ കൈയ്യിട്ട് ഓട്ടോയിൽ കയറി പോകുന്ന ഏ.കെ. ആൻ്റണിയുടെ ചിത്രം പ്രമുഖ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ചേർത്തല നിയോജകമണ്ഡലത്തിൽ ഇടതിലെ സി.കെ.ചന്ദ്രപ്പനോട് തോറ്റ വയലാർ രവിക്ക് രാഷ്ട്രീയ വനവാസത്തിൽ നിന്നുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ഈ കെ.പി.സി.സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്.

എ.കെ ആൻ്റണിക്ക് ജീവിതത്തിൽ സംഭവിച്ച ഏക പരാജയവും ഇതായിരുന്നു . അത് തന്നെ ഏറ്റവും വലിയ പരാജയം എന്നാകും ആൻ്റണി വിലയിരുത്തുക. കാരണം, ഒരിക്കലും പ്രതിക്ഷിക്കാത്ത തൻ്റെ ബാല്യകാല സുഹൃത്ത് തനിക്കെതിരെ തിരിഞ്ഞു നിന്ന് മത്സരിക്കുക. അതുകൊണ്ട് തന്നെ ഇതിൻ്റെ മുറിവ് ഉണങ്ങാൻ ആൻ്റണിയിലും താമസം എടുത്തിട്ടുണ്ടാകും. ഈ മത്സരം ഇന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ മറന്നാലും കെ.എസ്.യു സ്ഥാപക നേതാക്കൾ എന്ന് അറിയപ്പെടുന്ന ആൻ്റണിയും വയലാർ രവിയും മരണം വരെ മറക്കാൻ സാധ്യതയില്ല. അത്രയേറെ കാഠിന്യമുണ്ടായിരുന്നു ഈ മത്സരത്തിന്. അതെ, ആൻ്റണി ഒരിക്കലും തോറ്റിട്ടില്ലെന്ന് പറയാൻ പറ്റില്ല. ഒന്ന് തോറ്റു. അത് വലിയ തോൽവി തന്നെ ആയിരുന്നു. ആൻ്റണിയുടെ ജീവിതത്തിൽ ഇത് മറക്കാൻ പറ്റാത്ത തോൽവി തന്നെ.

AK Antony  | എ കെ ആൻ്റണി ഒരിക്കൽ തോറ്റിട്ടുണ്ട്; വലിയ പരാജയം തന്നെയായിരുന്നു അത്


Keywords: News, Malayalam News, Kerala, Politics, A.K. Antoney, V.S. Achuthanandan, E.K. Nayanar, O Rajagopalan, AK Antony has lost once
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia