അജ്മലിന്റെ റാഗിങ്മരണം: ബന്ധുക്കള്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍

 


ADVERTISEMENT

Ajmal
കണ്ണൂര്‍: ബാംഗ്ലൂര്‍ ചിക്ക് ബല്ലാപൂര്‍ ശഷിബ് കോളേജിലെ ഒന്നാം വര്‍ഷ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയും ചക്കരക്കല്ല് കാപ്പാട് മബ്‌റൂഖില്‍ ഹാരിസ്- സൗദത്ത് ദമ്പതികളുടെ മകനുമായ അജ്മല്‍(17)റാഗിങ് വിധേയനായി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

അജ്മല്‍ വധക്കേസില്‍ പോലീസിന്റെ തുടരന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് സിബിഐയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കാന്‍ ബന്ധുക്കള്‍ കോടതിയെ സമീപിക്കുന്നത്. ഇതുസംന്ധിച്ച് ബന്ധുക്കള്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് കോളേജ് ഹോസ്റ്റലില്‍ വെച്ച് അജ്മലിന് ദേഹമാസകലം പൊള്ളലേറ്റത്. കുളിമുറിയില്‍ അംഗശുദ്ധി വരുത്തുന്നതിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ടിന്നര്‍ ഉപയോഗിച്ച് കുളിമുറിയിലേക്ക് തീയിടുകയും അജ്മലിന് പൊള്ളലേല്‍ക്കുകയുമായിരുന്നു. 60 ശതമാനം പൊള്ളലേറ്റ അജ്മലിനെ ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മാര്‍ച്ച് 29ന് അര്‍ദ്ധരാത്രിയോടെ വിദ്യാര്‍ത്ഥി മരണപ്പെടുകയായിരുന്നു.

അജ്മലിന്റെ മരണമൊഴി രേഖപ്പെടുത്തിയ ബംഗളൂരു ചിറ്റജാല പോലീസ് കണ്ണൂര്‍ തോട്ടടയിലെ സച്ചിന്‍, കാഞ്ഞങ്ങാട് പുല്ലൂര്‍ തടത്തില്‍ സ്വദേശി അനുരാജ്, എറണാകുളം സ്വദേശി സൈമണ്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. പോലീസ് അന്വേഷണത്തെതുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളില്‍ അനുരാജും സൈമണും കര്‍ണ്ണാടക കോടതിയില്‍ കീഴടങ്ങി.

അതേസമയം സച്ചിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സച്ചിനെ പിടികൂടുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അജ്മല്‍ കൊല്ലപ്പെട്ടിട്ട് നാലുമാസം കഴിഞ്ഞിട്ടും മുഖ്യപ്രതിയായ സച്ചിനെ പിടികൂടാന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ചിറ്റജാലെ സി ഐ തിപ്പെ സ്വാമിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടത്തിവരുന്നത്.

അജ്മലിന്റെ പിതാവ് ജില്ലാ പോലീസ് ചീഫ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിനിടെ കേസന്വേഷണം സംബന്ധിച്ച് ആരോപണ- പ്രത്യാരോപണങ്ങളുമായി കര്‍ണ്ണാടക-കേരള പോലീസ് രംഗത്ത് വന്നിരുന്നു. സച്ചിന്‍ കര്‍ണ്ണാടകയില്‍ തന്നെ ഒളിവില്‍ കഴിയുന്നതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍ നായര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിവരം കര്‍ണ്ണാടക പോലീസിനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി അജ്മലിന്റെ മരണമൊഴിയില്‍ നിന്നും മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനിടെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ഉന്നതതലങ്ങളില്‍ നിന്ന് ഇടപെടലുണ്ടായതായി ആരോപണമുണ്ട്. അജ്മലിന്റെ മരണം ആത്മഹത്യയാണെന്ന കുപ്രചാരണം ഇതിന് തെളിവായി ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മകന്റെ ദുരന്ത വിവരമറിഞ്ഞ് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ പിതാവ് ഹാരിസ് ഒരു മാസം മുമ്പാണ് തിരിച്ചുപോയത്. ഇതിനിടെ അജ്മലിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയ ജില്ലാ പോലീസ് മേധാവി കേസന്വേഷണ പുരോഗതിയെക്കുറിച്ച് ആരാഞ്ഞിരുന്നു. കര്‍ണ്ണാടക പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

Keywords: Ajmal, Raging, Death-case, Bangalore, Engineering Student, CBI, Enquiry, Kannur Native, Kerala  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia