Criticism | തങ്ങളെ തിരഞ്ഞുപിടിച്ച് തല്ലി പരുവമാക്കുന്നു; കണ്ണൂരിലേത് ഗുണ്ടാ പൊലീസെന്ന് എ ഐ വൈ എഫ്
കണ്ണൂര്‍: (KVARTHA) സ്വന്തം നാടിന്റെ മുഖ്യമന്ത്രി ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോള്‍ തങ്ങളെ തിരഞ്ഞു പിടിച്ച് പൊലീസ് തല്ലിച്ചതയ്ക്കുന്നുവെന്ന ആരോപണവുമായി ഭരണകക്ഷി പാര്‍ട്ടിയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് രംഗത്ത്. സ്വന്തം പാര്‍ട്ടി കൂടി ഭരണത്തില്‍ പങ്കാളികളായ രണ്ടാം പിണറായി സര്‍ക്കാരിനെതിരെയാണ് സിപിഐയുടെ യുവജന സംഘടനയുടെ ജില്ലാനേതൃയോഗം രൂക്ഷമായി ആഞ്ഞടിച്ചത്.
കണ്ണൂരിലെ പൊലീസ് ക്വട്ടേഷന്‍, മാഫിയ സംഘങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്നവരാണെന്നാണ് ഇവരുടെ പ്രധാന വിമര്‍ശനം. സേനയ്ക്ക് അപമാനമായി മാറുന്ന ചിലര്‍ കണ്ണൂരിലെ പൊലീസിന്റെ തലപ്പത്തുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധ മാര്‍ച്ചുകളില്‍ എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്‍്് കെവി രജീഷ്, ജില്ലാസെക്രട്ടറി കെവി സാഗര്‍, എന്നിവരോട് പൊലീസ് സ്വീകരിച്ച സമീപനം വളരെ മോശമായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
ജില്ലാകമ്മിറ്റിയംഗം എം അഗേഷിനെ ഡിഡി ഓഫീസ് മാര്‍ച്ചിനിടെ തളളിയിട്ട് കൈപൊട്ടിച്ച സംഭവവും ഇവര്‍ എടുത്തുപറയുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ ക്രിമിനലുകള്‍ക്കും ലോട്ടറി മാഫിയ സംഘങ്ങള്‍ക്കും ലഹരി മാഫിയകള്‍ക്കും തണലേകുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
മാഫിയ സംഘങ്ങള്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നതിനുള്ള തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊലീസിന് ഭരണകക്ഷിയുടെ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് യോഗത്തില്‍ അധ്യക്ഷനായി.
#KannurPolice #AIYF #KeralaPolitics #PoliceBrutality #IndiaNews #LDF