Achievement | മലയാളത്തിലെ ആദ്യത്തെ എഐ ഓണപ്പാട്ടുകൾ പുറത്തിറക്കി: ഒരു പുത്തൻ തുടക്കം

 
Sathish Kalathil releasing the AI-generated Onam songs album.

Photo: Supplied

മലയാളത്തിൽ ആദ്യമായി എഐ ഉപയോഗിച്ച് ഓണപ്പാട്ടുകൾ സൃഷ്ടിച്ചിരിക്കുന്നു. കവികൾക്ക് തങ്ങളുടെ വരികൾക്ക് എളുപ്പത്തിൽ ഈണം നൽകാൻ സഹായിക്കുന്നു.

തൃശ്ശൂർ: (KVARTHA)  നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ മലയാളത്തിലെ ആദ്യത്തെ ഓണപ്പാട്ടുകളുടെ ഓഡിയോ കളക്ഷൻ, 'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി' റിലീസ് ചെയ്തു. ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് ചെയർമാനും കവിയുമായ സതീഷ് കളത്തിൽ എഴുതിയ വരികൾ എഐ മ്യൂസിക് സൈറ്റായ സുനോ ഡോട്ട് കോമിലൂടെ സംഗീതവും ആലാപനവും ചെയ്ത പാട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഓഡിയോ കളക്ഷന്റെ കവർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഭാസി പാങ്ങിൽ പ്രകാശനം ചെയ്തു. നിർമ്മിത ബുദ്ധി ഉൾപ്പെടെ, ഡിജിറ്റൽ വിവര സാങ്കേതിക വിദ്യ വിവിധ മേഖലകളിൽ പ്രയോജനപ്പെടുന്ന ഇക്കാലത്ത്, കലാലോകവും അതിനെ ഗുണകരമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഭാസി പാങ്ങിൽ അഭിപ്രായപ്പെട്ടു.
മ്യൂസിക് ഡയറക്ടർ അഡ്വ. പി. കെ. സജീവ് ഏറ്റുവാങ്ങി. സമീപഭാവിയിൽ, രാഗം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളും എഐ വഴി ഉണ്ടാക്കാൻ കഴിയുമെന്ന് സജീവ് പറഞ്ഞു. വരികൾക്ക് അനുസരിച്ചുള്ള സംഗീതം പലപ്പോഴും ലഭിക്കണമെന്നില്ല. നിലവിൽ, ഇടത്തട്ടുകാരായ പാട്ടെഴുത്തുകാർക്കും കവികൾക്കും തങ്ങളുടെ വരികൾക്കു താരതമേന്യേ ഭേദപ്പെട്ടൊരു ഈണവും ആലാപനവും നല്കാൻ കഴിയുമെന്നതാണ് ഇപ്പോഴുള്ള ഇതിന്റെ പ്രധാന നേട്ടം.

ട്രസ്റ്റ് വൈസ് ചെയർമാൻ സുനിൽകുമാർ കണ്ടംകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സാജു പുലിക്കോട്ടിൽ, ദേവദാസ് മനക്കാട്ടുംപടി, മോഹൻദാസ് ഇടശ്ശേരി എന്നിവർ സംസാരിച്ചു. കെ.പി. രമ സ്വാഗതവും സതീഷ് കളത്തിൽ നന്ദിയും പറഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനെ അടിസ്ഥാനമാക്കി, 'മൺപുഴയുടെ സ്മൃതിമണ്ഡപം' എന്ന പാട്ടും തൃശ്ശൂരിലെ പുലിക്കളിയെകുറിച്ചുള്ള 'പുലിക്കൊട്ടും പനംതേങ്ങേം' എന്ന പാട്ടും ഉൾപ്പെടെ എട്ട് ലിറിക്കുകളിലായി പത്ത് പാട്ടുകളുണ്ട്. ഓണം ഓർമ്മയിലെ പ്രണയത്തെകുറിച്ചു പറയുന്ന  'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി' എന്ന ടൈറ്റിൽ സോങ്ങിന് മെയിൽ, ഫീമെയിൽ, ഡ്യൂയറ്റ് വേർഷനുകളും അത്തംമുതൽ തിരുവോണംവരെയുള്ള പൂക്കളങ്ങളുടെ പ്രത്യേകതകൾ പറയുന്ന, 'പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ' എന്ന പാട്ട് ഉൾപ്പെടെ ഓണത്തിന്റെ ആഘോഷങ്ങളെ പ്രതിപാദിക്കുന്ന പാട്ടുകളുമുണ്ട്. സത്യം ഓൺലൈനിൽ പബ്ലിഷ് ചെയ്ത ഓണപ്പാട്ടുകളാണ് കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണ ചലച്ചിത്രങ്ങളായ വീണാവാദനം ഡോക്യുമെന്ററി, ജലച്ചായം സിനിമ എന്നിവ ചെയ്തിട്ടുള്ള സതീഷ് കളത്തിൽ കലാ- സാംസ്കാരിക പ്രസിദ്ധീകരണമായ ഉത്തരീയം മാഗസിന്റെ അസോസിയേറ്റ് എഡിറ്ററാണ്.

#AImusic #MalayalamSongs #Onam #technology #innovation #Kerala #digitalart

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia