Vizhinjam port | ഒടുവില്‍ 138- ാം ദിവസം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതിയുമായി നടത്തിയ ചര്‍ചയില്‍; ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് മോണ്‍. യൂജിന്‍ എച് പെരേര
തിരുവനന്തപുരം: (www.kvartha.com) ഒടുവില്‍ 138- ാം ദിവസം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചര്‍ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. അദാനി ഗ്രൂപിന്റെ കേസ് ബുധനാഴ്ച ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് സമരത്തില്‍ സമവായമുണ്ടാവുന്നത്.
ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജെനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച് പെരേര അറിയിച്ചു. തല്‍കാലത്തേക്ക് സമരം നിര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസ വാടക 5,500 രൂപ തന്നെയാണ്. 8000 രൂപയാണ് സമരസമിതിയുടെ ആവശ്യം.
പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല. തീരശോഷണത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമിറ്റി രൂപീകരിക്കാമെന്നാണ് ധാരണ. തുറമുഖ സെക്രടറിയും കമിറ്റിയില്‍ അംഗമാണ്. തുറമുഖ നിര്‍മാണം തടസപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു.
വൈകിട്ട് ചീഫ് സെക്രടറിയുമായും ചര്‍ചകള്‍ക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുമായും സമരസമിതി ചര്‍ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Keywords: Strike against Vizhinjam port project called off, Thiruvananthapuram, News, Strike, Protesters, Kerala.