Kapico Resort | 14 വര്‍ഷത്തെ നിയമപോരാട്ടം; ഒടുവില്‍ നെടിയതുരുത്തിലെ കാപികോ റിസോര്‍ട് പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു
Sep 16, 2022, 10:11 IST
ആലപ്പുഴ: (www.kvartha.com) 14 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍, തീരദേശ നിയന്ത്രണ മേഖല (സിആര്‍ഇസഡ്) നിയമം ലംഘിച്ച് നിര്‍മിച്ച സപ്തനക്ഷത്ര റിസോര്‍ട് സമുച്ചയം പൊളികല്‍ നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ പാണാവള്ളി ദ്വീപില്‍ നെടിയതുരുത്തിലെ കാപികോ റിസോര്‍ടാണ് (Kapico Resort) പൊളിച്ചുമാറ്റുന്നത്.
ഘട്ടം ഘട്ടമായി നടക്കുന്ന പൊളികലില്‍ ആദ്യം രണ്ടു വിലകളാണ് പൊളിക്കുക. റിസോര്‍ട് കയ്യേറിയ സര്‍കാര്‍ പുറമ്പോക്ക് ഭൂമി തിങ്കളാഴ്ച കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ടിന് പട്ടയമുള്ളതിന്റെ ബാക്കിയുള്ള 2.9397 ഹെക്ടര്‍ സ്ഥലമാണ് കലക്ടര്‍ ഏറ്റെടുത്തത്.
35900 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതില്‍ നീന്തല്‍കുളങ്ങള്‍ ഉള്‍പെടെ 54 വിലകളും അനുബന്ധ സൗകര്യങ്ങളുമുള്ള കാപികോ റിസോര്‍ട് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ചെലവ് റിസോര്‍ട് ഉടമകള്‍ വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. രണ്ട് വിലകള്‍ ആദ്യവും ബാക്കി പിന്നാലെയും പൊളിക്കും. പൊളിച്ച സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഉടമകള്‍ കരാര്‍ നല്‍കിയതായാണ് വിവരം. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ റിസോര്‍ട് ഉടമകളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ആഴ്ചകള്‍ പൊളിക്കല്‍ നടപടി നീളും. കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട് പൊളിക്കുന്നതിന് 2020 ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊളികല്‍ നടപടിക്ക് അധികൃതര്‍ തീരുമാനിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍ സൂരജ് ഷാജി നോഡല്‍ ഓഫിസറായി പഞ്ചായത് വിലേജ്(Village) അധികൃതരുടെ സമിതി പൊളിക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.
നെടിയതുരുത്ത് ദ്വീപില്‍ 350 കോടി രൂപ മുടക്കി നിര്‍മിച്ച റിസോര്‍ട് പൊളിച്ചുമാറ്റണമെന്ന ഹൈകോടതി ഉത്തരവിനെതിരെ ഉടമകള്‍ സമര്‍പിച്ച അപീല്‍ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് പൊളിക്കല്‍. മരടിലെ ഫ്ളാറ്റുകളുമായി താരതമ്യം ചെയ്താല്‍ ഇവിടെ ബഹുനില കെട്ടിടങ്ങളില്ല. അതിനാല്‍ സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങള്‍ പൊളിക്കാമെന്നാണ് വിലയിരുത്തല്‍. അപ്പോഴും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വെല്ലുവിളിയായുണ്ട്. കെട്ടിടങ്ങളും കോന്‍ഫറന്‍സ് ഹോളുകളും ഭൂമിക്കടിയിലേക്ക് താഴ്ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കും. അവശിഷ്ടങ്ങള്‍ കായലില്‍ വീഴാതെ നോക്കണം.
ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റര്‍ പ്ലാന്‍ റിസോര്‍ട് ഉടമകള്‍ പാണാവള്ളി പഞ്ചായത് സെക്രടറിക്കും കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച് അനുമതി ഇന്ന് നല്‍കുന്നതോടെ പൊളിക്കല്‍ തുടങ്ങും. കലക്ടറേറ്റില്‍ ഇത് സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. റവന്യൂ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്, ദുരന്ത നിവാരണ വകുപ്പ് അധികൃതരും റിസോര്‍ട് ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തു. റിസോര്‍ടിന്റെ പൂര്‍ണരൂപവും അവിടെയുള്ള സാധനങ്ങളുടെയും വിവരങ്ങള്‍ സംബന്ധിച്ച് വീഡിയോ
മഹസര്‍ തയാറാക്കലും നടന്നിരുന്നു.
മഹസര്‍ തയാറാക്കലും നടന്നിരുന്നു.
വേമ്പനാട്ടു കായലിലെ 100 കണക്കിന് ചെറു ദ്വീപുകളിലൊന്നാണ് പെരുമ്പളം ദ്വീപിനും പാണാവള്ളി പഞ്ചായതിനും ഇടയിലെ നെടിയതുരുത്ത്. പാണാവള്ളി പഞ്ചായതിന്റെ അധികാരപരിധിയിലാണ് ഈ ദ്വീപ്. ആകെ വിസ്തൃതി 24 ഏക്കര്‍, പട്ടയമുള്ളത് 3.70 ഏക്കര്‍, ഉടമസ്ഥത (2006 നു മുന്‍പ്) 4 മീന്‍പിടുത്ത തൊഴിലാളി കുടുംബങ്ങള്‍ക്കായി 1.70 ഏക്കറും എറണാകുളം സ്വദേശി രത്‌ന ഈശ്വറിന് 2 ഏകറും. ഇപ്പോള്‍ മീന്‍പിടുത്ത തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ഏതാനും സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ രത്‌ന ഈശ്വര്‍ ഏറ്റെടുത്തു. എല്ലാവരും രാജ്യാന്തര ഹോടെല്‍ സംരംഭകരായ കാപികോയുമായി ചേര്‍ന്ന് ദ്വീപില്‍ റിസോര്‍ട് നിര്‍മിക്കാന്‍ പഞ്ചായതില്‍ അപേക്ഷ നല്‍കി. പഞ്ചായതിന്റെ അനുമതി ലഭിച്ചതോടെ 8 ഏകര്‍ സ്ഥലം കൂടി പോക്കുവരവ് ചെയ്തതായി പഞ്ചായത് രേഖകളില്‍ പറയുന്നു.
57 വിലകള്‍, 3500 ചതുരശ്ര മീറ്ററില്‍ കോന്‍ഫറന്‍സ് ഹാള്‍, വിലകള്‍ക്ക് ആകെ 7 ഏകറില്‍ സ്വിമിങ് പൂളുകള്‍. 2012 ല്‍ വിലകളുടെ നിര്‍മാണം പൂര്‍ത്തിയായി. കായല്‍ ദര്‍ശനമായാണ് ദ്വീപിലെ മുഴുവന്‍ വിലകളും നിര്‍മിച്ചിരിക്കുന്നത്. ആകാശക്കാഴ്ചയില്‍ ദ്വീപിനു ചുറ്റും ഹൗസ്‌ബോടുകള്‍ കെട്ടിയിട്ടതുപോലെയാണ്. തീരദേശ നിയന്ത്രണ മേഖലാ (സിആര്‍സെഡ്) വിജ്ഞാപനങ്ങള്‍ പാലിക്കാതെ ദ്വീപ് നിവാസികള്‍ക്കും മീന്‍പിടുത്ത സംവിധാനങ്ങള്‍ക്കും അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്ത് റിസോര്‍ടിന് അനുമതി നല്‍കിയെന്നാണ് സര്‍കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പെടുന്ന സിആര്‍സെഡ് 1 വിഭാഗത്തില്‍പെടുന്നതാണ് നെടിയതുരുത്ത് ദ്വീപ്. അതിനാല്‍ മുഴുവന്‍ പ്രദേശവും നോ ഡവലപ്‌മെന്റ് സോന്‍ ആണ്. ദ്വീപ് ഉള്‍പെട്ട മേഖല എഫ്പി (ഫില്‍ട്രേഷന്‍ പോന്‍ഡ്) വിഭാഗത്തിലാണ് ഉള്‍പെടുന്നത്. റിസോര്‍ട് നിര്‍മാണത്തിന്റെ ഭാഗമായി മീന്‍പിടുത്തത്തൊഴിലാളികളുടെ ഊന്നിവലകള്‍ നശിപ്പിക്കപ്പെട്ടതോടെയാണ് കേസുകള്‍ക്ക് തുടക്കം. 2008 ല്‍ ചേര്‍ത്തല മുന്‍സിഫ് കോടതിയില്‍ രെജിസ്റ്റര്‍ ചെയ്ത കേസ് തള്ളിയതോടെ മീന്‍പിടുത്തതൊഴിലാളികള്‍ ഹൈകോടതിയെ സമീപിച്ചു. 2013ല്‍ റിസോര്‍ട് പൊളിച്ചു മാറ്റാന്‍ ഹൈകോടതി ഉത്തരവിട്ടു. ഇതിനെതിരെ 2014 ല്‍ കാപികോ റിസോര്‍ട് ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഇപ്പോള്‍ വിധി.
മീന്‍പിടുത്തതൊഴിലാളി യൂനിയന്‍ (എഐടിയുസി) മണ്ഡലം സെക്രടറി സി പി പത്മനാഭനാണ് കായല്‍ കയ്യേറിയും തീരപരിപാലന വിജ്ഞാപനത്തെ ലംഘിച്ചുകൊണ്ടും നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കേസ് നടത്തിയത്.
You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.