Health Alert | കണ്ണൂരില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
● കൊന്നൊടുക്കുന്ന പന്നികളുടെ നഷ്ടപരിഹാര തുക ഫാം ഉടമയ്ക്ക് നല്‍കും
● തീവ്രത കുറഞ്ഞ വിഭാഗത്തില്‍ ഉള്ള പന്നിപ്പനിയാണ് വ്യാപിച്ചിട്ടുള്ളത്
● 45 ദിവസത്തിലധികം കാലം പന്നികള്‍ ജീവനോടെ ഉണ്ടാകുമെന്നതാണ് ഈ പനിയുടെ പ്രത്യേകത
● നടപടി ക്രമങ്ങള്‍ തീരുമാനിക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു
കണ്ണൂര്‍: (KVARTHA) ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മലയോര പ്രദേശമായ കൊട്ടിയൂര്‍ നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. കിഷോര്‍ മുള്ളന്‍ കുഴിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടുത്തെ 125 പന്നികളെ കൂടാതെ നടപടി ക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും പന്നികളെ കൊല്ലുന്നതിനും തീരുമാനിച്ചു. ഈ ഫാമില്‍ 65 പന്നികളുണ്ട്.
കൊന്നൊടുക്കുന്ന പന്നികളുടെ നഷ്ടപരിഹാര തുക ഫാം ഉടമയ്ക്ക് നല്‍കുവാനും തീരുമാനമായി. തീവ്രത കുറഞ്ഞ വിഭാഗത്തില്‍ ഉള്ള പന്നിപ്പനിയാണ് വ്യാപിച്ചിട്ടുള്ളത്. 45 ദിവസത്തിലധികം കാലം പന്നികള്‍ ജീവനോടെ ഉണ്ടാകുമെന്നതാണ് ഈ തരം പനിയുടെ പ്രത്യേകത. നടപടി ക്രമങ്ങള്‍ തീരുമാനിക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.വി പ്രശാന്ത്, ചീഫ് വെറ്ററിനറി സര്‍ജന്‍ പി ബിജു, എഡിസിപി ജില്ലാ കോര്‍ഡിനേറ്റര്‍ കെഎസ് ജയശ്രീ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.പിഎന്‍ ഷിബു, വെറ്ററിനറി സര്‍ജന്‍ ഡോ.അഞ്ജു മേരി ജോണ്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഇ എം നാരായണന്‍, കേളകം എസ് ഐ എം രമേശന്‍, കൊട്ടിയൂര്‍ വില്ലേജ് ഓഫിസര്‍ പിഎം ഷാജി, ഫയര്‍ ഓഫിസര്‍ മിഥുന്‍ മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ ബാബു മാങ്കോട്ടില്‍, ജോണി ആമക്കാട്ട്, ബാബു കാരുവേലില്‍, ജെസി ഉറുമ്പില്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
#SwineFever, #KannurNews, #PigFarming, #HealthAlert, #KeralaOutbreak, #VeterinaryAction