Haris Beeran | പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നത് ഒരു വിഭാഗത്തോടുള്ള വിവേചനം കാരണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍


മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമമുണ്ടാകുന്നതും ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധം
രാജ്യസഭ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയതിനുശേഷം കണ്ണൂരിലെത്തുന്നത് ആദ്യം
കണ്ണൂര്‍: (KVARTHA) പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവും നിയുക്ത യുഡിഎഫ് രാജ്യസഭ സ്ഥാനാര്‍ഥിയുമായ അഡ്വ. ഹാരിസ് ബീരാന്‍. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ള പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരു സമുദായത്തെ മാത്രം മാറ്റി നിര്‍ത്തിയത് കൊണ്ടും ശ്രീലങ്ക ഉള്‍പെടെയുള്ള അയല്‍ രാജ്യങ്ങളെ കൂടി പരിഗണിക്കാത്തത് വിവേചനപരമാണെന്നത് കൊണ്ടുമാണ് മുസ്ലിം ലീഗ് എതിര്‍ക്കുന്നത് എന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമമുണ്ടാകുന്നതും ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭരണഘടനാ വിരുദ്ധമായ നിയമങ്ങളെ എതിര്‍ത്ത് തോല്പിക്കുന്നതില്‍ നിയമപോരാട്ടത്തോടൊപ്പം നിയമ നിര്‍മാണ സഭയിലും പങ്കാളിത്തം വഹിക്കുക എന്ന നിയോഗമാണ് മുസ്ലിം ലീഗ് തന്നെ ഏല്പിച്ചിരിക്കുന്നതെന്നും അത് ഭംഗിയായി നിര്‍വഹിക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ ഹാരിസ് ബിരാന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ജില്ലാ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ബാഫഖി തങ്ങള്‍ സൗധത്തിലും ഊഷ്മള സ്വീകരണം നല്‍കി. കണ്ണൂര്‍ സിറ്റി ജുമാ മസ് ജിദില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ അഹ് മദ് സാഹിബിന്റെ ഖബറിടത്തിലെത്തി അദ്ദേഹം പ്രാര്‍ഥന നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹിമാന്‍ കല്ലായി ഷാള്‍ അണിയിച്ചു. ജില്ലാപ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജെനറല്‍ സെക്രടറി കെടി സഹദുള്ള, ട്രഷറര്‍ മഹമുദ് കടവത്തൂര്‍, ജില്ലാ ഭാരവാഹികളായ അഡ്വ. കെഎ ലത്വീഫ്, വി പി വമ്പന്‍, കെപി ത്വാഹിര്‍, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടിഎ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സി കെ മുഹമ്മദ്, അഡ്വ. എംപി മുഹമ്മദലി, ബികെ അഹ് മദ് തുടങ്ങിയവര്‍ പങ്കെടുത്തു.