Criticism | എഡിഎം ജീവനൊടുക്കിയ സംഭവം: പെട്രോള്‍ പമ്പിനുള്ള എന്‍ഒസി പുന:പരിശോധിക്കാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്
● എഡിഎം നവീന്‍ ബാബു തീവ്ര മാനസിക സംഘര്‍ഷം അനുഭവിച്ചതാണ് ജീവനൊടുക്കാന്‍ കാരണം
● പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കേസും, സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങളായി ചേരന്‍കുന്നില്‍ പെട്രോള്‍ പമ്പ് ആരംഭിക്കാന്‍ നിരാക്ഷേപ പത്രം നല്‍കിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത് നല്‍കി.
പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി ആരോപണമുന്നയിച്ചതില്‍ മനംനൊന്താണ് 15.10.2024 ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതെന്ന് കത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ വിശ്വാസ്യതയും ധാര്‍മ്മികതയും പരസ്യമായി ചോദ്യം ചെയ്യുന്ന നിലപാടാണ് ദിവ്യ സ്വീകരിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പിപി ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമിയാണ് തളിപ്പറമ്പ് ചേരന്‍കുന്നിലെ പെട്രോള്‍ പമ്പിന്റെ അപേക്ഷകനെന്ന് സംശയിക്കുന്നതായും കത്തില്‍ എടുത്തുപറഞ്ഞു. സത്യസന്ധനായ ഒരു പൊതുസേവകനെതിരെ പിപി ദിവ്യ ഉയര്‍ത്തിയ നിയമവിരുദ്ധ ആരോപണമാണ് വിലപ്പെട്ട ജീവനെടുത്തത്.
പിപി ദിവ്യ രാജിവെയ്ക്കുക, എഡിഎമ്മിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുക, ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപിയോടൊപ്പം മുഴുവന്‍ കേരളവും പ്രക്ഷോഭത്തിന്റെ പാതയിലാണ്. നിരാക്ഷേപപത്രം നല്‍കിയത് ചട്ടം ലംഘിച്ച് കൊണ്ടാണെന്നും ആയതിനാല്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി അനുമതി പുന:പരിശോധിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
#ADMsuicide #PetrolPumpControversy #BJPKerala #CBIInquiry #KeralaPolitics #Protests