Criticism | എഡിഎമ്മിന്റെ ആത്മഹത്യ; കലക്ടര്‍ മൗനം പാലിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്


● പിപി ദിവ്യ എഡിഎമ്മിനെതിരെ വേദിയില്‍ പരിഹസിച്ചപ്പോള്‍ കലക്ടര്‍ പ്രതികരിച്ചില്ല
● ഈ മരണത്തില്‍ കലക്ടര്‍ക്കും ഉത്തരവാദിത്തമുണ്ട്
● പ്രസിഡന്റ് പുലഭ്യം പറയുമ്പോള്‍ താങ്കള്‍ ചായ കുടിച്ച് ആസ്വദിച്ചിരുന്നു
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പിപി ദിവ്യ പരസ്യമായി പൊതു വേദിയില്‍ അപമാനിച്ചതില്‍ മനംനൊന്ത് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ മൗനത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകാന്ത് കലക്ടര്‍ക്കെതിരെ തിരിഞ്ഞത്. പരിപാടിയിലേക്ക് ക്ഷണിക്കപ്പെടാത്ത പിപി ദിവ്യ കലക്ടര്‍ വേദിയിലിരിക്കെയാണ് അവിടെയെത്തി എഡിഎമ്മിനെതിരെ ആരോപണമുന്നയിച്ചത്.
എഡിഎമ്മിനെതിരെ ദിവ്യ ആരോപണമുന്നയിച്ചപ്പോള്‍ കലക്ടര്‍ നിസ്സംഗമായി ഇരിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ ബിജെപി നേതാവ് കെ ശ്രീകാന്തിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയുള്ള പ്രതികരണം.
ശ്രീകാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ അനുശോചനം രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടു. മിസ്റ്റര്‍ കലക്ടര്‍ താങ്കളോട് പറയാനുള്ളത്. ഈ അകാല മരണത്തിന് താങ്കള്‍ക്കും കൂടി ഉത്തരവാദിത്വമുണ്ട് എന്നാണ്. കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖാവ് പിപി ദിവ്യ ഇടിച്ചു കയറി വന്നപ്പോള്‍ താങ്കള്‍ വേദിയില്‍ ഇരുത്തി. അതിക്രമിച്ചു വന്നവള്‍ക്ക് താങ്കള്‍ സംസാരിക്കാന്‍ അവസരം നല്‍കി. അധിക്ഷേപാര്‍ഹമായ വാക്കുകള്‍ തുടരുമ്പോള്‍ അത് തടയാന്‍ താങ്കള്‍ ശ്രമിച്ചില്ല. ദിവ്യ പുലഭ്യം പറയുമ്പോള്‍ താങ്കള്‍ ചായ കുടിച്ച് ആസ്വദിച്ചിരുന്നു.
സഹപ്രവര്‍ത്തകനെ അപമാനിച്ച, അധിക്ഷേപിച്ച് അഹങ്കാരത്തോടു കൂടി ഇറങ്ങി പോകുമ്പോള്‍ താങ്കള്‍ മൗനംപാലിച്ചു. അത് തടയാനോ പിന്നീട് അത് ഖണ്ഡിക്കാനോ പ്രതിഷേധിക്കാനോ താങ്കള്‍ തയ്യാറായില്ല. ഒരുപക്ഷേ താങ്കള്‍ എഡിഎമ്മിനെ പിന്തുണച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നെങ്കില്‍ നവീന്‍ ബാബു ഇന്ന് നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു. മിസ്റ്റര്‍ ജില്ലാ കലക്ടര്‍ ഈ മരണത്തില്‍ താങ്കള്‍ക്കും കൂടി ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
#ADMSuicide #BJPCriticizes #KannurCollector #KSSreekanth #KeralaPolitics #PPDivya