Report Release | ഹേമ കമിറ്റി റിപോര്‍ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈകോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജി തള്ളി
കൊച്ചി: (KVARTHA) സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമിറ്റി റിപോര്‍ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈകോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജി തള്ളി. ആവശ്യമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയുണ്ടായിരുന്ന ഹര്‍ജി സാങ്കേതികതയുടെ പേരിലാണ് തള്ളിയത്. റിപോര്‍ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിവരാവകാശ നിയമപ്രകാരം റിപോര്‍ട് പുറത്തുവിടാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു നടിയുടെ ഹര്‍ജി. ഇത് തള്ളിയതോടെ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനി പറഞ്ഞു.
രഞ്ജിനിയുടെ മൊഴി പുറത്ത് വരരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമിറ്റി റിപോര്‍ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു.
ആദ്യ ഘട്ടത്തില്‍ ഹര്‍ജിയില്‍ നടി രഞ്ജിനി കക്ഷിയായിരുന്നില്ല. സജിമോന്‍ പാറയിലാണ് റിപോര്‍ട് പുറത്ത് വിടുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. ഈ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്ന് സജിമോന്‍ പാറയില്‍ ഡിവിഷന്‍ ബെഞ്ചിനെ അപ്പീല്‍ ഹര്‍ജിയുമായി സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനി കേസില്‍ മൂന്നാംകക്ഷിയായി ഹര്‍ജി സമര്‍പ്പിച്ചത്. സജിമോന്‍ പാറയിലിന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയാണ്.
ഹേമ കമിറ്റി റിപോര്‍ടിന്റെ ഉള്ളടക്കം മൊഴികൊടുക്കുന്നവര്‍ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് രഞ്ജിനിയുടെ ചോദ്യം. കമിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് റിപോര്‍ടിന്റെ ഒരു കോപി പോലും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്റെ മൊഴികള്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അറിയാന്‍ അവകാശമുണ്ടെന്നുമാണ് രഞ്ജിനിയുടെ വാദം. മറിച്ച് റിപോര്‍ട് പുറത്തുവിടണ്ട എന്നല്ല ഞാന്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.
എന്താണ് ഹേമ കമിറ്റി റിപോര്‍ട്?
സിനിമ മേഖലയിലെ ലൈംഗിക ആസക്തികളും അതിജീവികളുടെ അനുഭവങ്ങളും വിശദമായി പഠിക്കുന്നതിനായി സര്‍കാര്‍ നിയോഗിച്ച കമിറ്റിയാണ് ഹേമ കമിറ്റി. ഈ കമിറ്റിയുടെ റിപോര്‍ട് സിനിമ മേഖലയിലെ ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#HemaCommitteeReport #MalayalamCinema #SexualHarassment #IndianCinema #KeralaHighCourt #JusticeForSurvivsor