നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്, വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി
Dec 29, 2021, 17:42 IST
കൊച്ചി: (www.kvartha.com 29.12.2021) നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി.
നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും നടന്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
ഇതിനെ തുടര്‍ന്നാണ് പൊലീസ് തുടരന്വേഷണത്തിന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമര്‍പിച്ച തെളിവുകളുമായി ചേര്‍ന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പൊലീസ് പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ഗൂഢാലോചനയില്‍ പുനഃരന്വേഷണം വേണമെന്ന ആവശ്യം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.
ദിലീപ് ദൃശ്യങ്ങള്‍ കണ്ടുവെങ്കില്‍ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളും പൊലീസ് ഉന്നയിക്കുന്നു. ആക്രമണത്തിന്റെ ഒറിജിനല്‍ ദൃശ്യങ്ങള്‍ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പില്‍ മാത്രമാണ് ദൃശ്യങ്ങളുടെ കോപി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങള്‍ എവിടെ നിന്ന് എന്ന് കിട്ടിയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കോടതി ഹര്‍ജി പരിഗണിച്ചിട്ടില്ല. മുമ്പ് കുറ്റപത്രം നല്‍കുമ്പോള്‍ തന്നെ തുടരന്വേഷണത്തിന് സഹായമായ പുതിയ തെളിവുകള്‍ കിട്ടിയാല്‍ തുടരന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ഈ വിവരം കോടതിയെ അറിയിക്കുകയാണ് ചെയ്‌തെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രോസിക്യൂഷന്‍ അപേക്ഷയില്‍ വിചാരണ കോടതിയുടെ തീരുമാനം കേസില്‍ നിര്‍ണായകമാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.