Sreejith Ravi remanded | കുട്ടികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത് രവി റിമാന്‍ഡില്‍
Jul 7, 2022, 16:37 IST
തൃശ്ശൂര്‍: (www.kvartha.com) കുട്ടികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത് രവിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ പോക്സോ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
തിങ്കളാഴ്ച തൃശ്ശൂര്‍ അയ്യന്തോളിലെ പാര്‍കില്‍ വെച്ച് ശ്രീജിത് രവി കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ പ്രതി നടന്‍ ശ്രീജിത് രവിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജൂലൈ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത് രവി കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. അന്ന് കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ തൊട്ടടുത്തദിവസവും പ്രതി ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
അയ്യന്തോളിലെ പാര്‍കിന് സമീപം കാറിലെത്തിയാണ് നടന്‍ ശ്രീജിത് രവി കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇവിടേക്ക് കാറിലെത്തിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു.
നഗ്നതാപ്രദര്‍ശനം നടത്തിയത് സിനിമാ നടനാണെന്ന കാര്യം പരാതിക്കാര്‍ക്ക് അറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഈ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു.
ഇതോടെയാണ് കാറില്‍ വന്നത് നടന്‍ ശ്രീജിത് രവിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തൃശ്ശൂരിലെ വീട്ടില്‍നിന്ന് നടനെ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പരാതി നല്‍കിയ കുട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, തനിക്ക് മാനസികരോഗമുണ്ടെന്നും ഇതിന് ചികിത്സ തേടുകയാണെന്നും നടന്‍ പൊലീസിനോട് പറഞ്ഞു. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. മരുന്ന് കഴിക്കാത്തതിനാലാണ് ഈ തെറ്റ് പറ്റിപ്പോയതെന്നുമായിരുന്നു താരം പറഞ്ഞത്.
കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതിഭാഗവും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ശ്രീജിത് രവിക്ക് സൈകോ തെറാപ്പി ചികിത്സ നടത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍, പ്രതിഭാഗം ഹാജരാക്കിയ മെഡികല്‍ രേഖകള്‍ ജുലൈ ഏഴിലെതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആറുമാസം മുമ്പുവരെയാണ് പ്രതി ചികിത്സ തേടിയിരുന്നതെന്നും ഇപ്പോള്‍ ജാമ്യം ലഭിക്കാനായാണ് ഈ രേഖകള്‍ ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നേരത്തെ പാലക്കാട് ജില്ലയിലും ശ്രീജിത് രവിക്കെതിരെ സമാനമായ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയതിനാണ് ശ്രീജിത് രവി അറസ്റ്റിലായത്. എന്നാല്‍ ഈ കേസില്‍ പിന്നീട് പ്രതി മാപ്പ് പറഞ്ഞതായും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതായുമാണ് വിവരം.
Keywords: Actor Sreejith Ravi remanded in POCSO case, Thrissur, News, Cine Actor, Remanded, Court, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.