Birthday Celebration | പിറന്നാള്‍ മധുരവുമായി മലയാളത്തിന്റെ ആക്ഷന്‍ സൂപര്‍ സ്റ്റാര്‍ സുരേഷ് ഗോപി; ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് താരം, ആഘോഷം ഇന്നല്ലെന്നും സ്റ്റണ്ട് സ്റ്റാര്‍
 

 
Actor, Politician Suresh Gopi turns 66, Thiruvananthapuram, News, Suresh Gopi, Birthday Celebration, Wishes, Politics, Kerala News


മന്ത്രിപദവുമായി പിറന്നാളാഘോഷത്തിന് ബന്ധമില്ലെന്നും കലാകാരനായതുകൊണ്ട് ഇഷ്ടപ്പെടുന്നവര്‍ ആഘോഷിക്കുമ്പോള്‍ അത് സ്വീകരിക്കുന്നു

പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പുതിയ സിനിമ വരാഹത്തിന്റെ ടീസറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്

തിരുവനന്തപുരം: (KVARTHA) ആറുപത്തി ആറാം പിറന്നാളിന്റെ മധുരവുമായി മലയാളത്തിന്റെ ആക്ഷന്‍ സൂപര്‍ സ്റ്റാര്‍ സുരേഷ് ഗോപി. എന്നാല്‍ തന്റെ പിറന്നാള്‍ ആഘോഷം ഇന്നല്ലെന്നും നക്ഷത്രദിനത്തിലാണ് ആഘോഷിക്കുന്നതെന്നും മന്ത്രി സുരേഷ് ഗോപി ആരാധകരെ അറിയിച്ചു. 


മന്ത്രിപദവുമായി പിറന്നാളാഘോഷത്തിന് ബന്ധമില്ലെന്നും കലാകാരനായതുകൊണ്ട് ഇഷ്ടപ്പെടുന്നവര്‍ ആഘോഷിക്കുമ്പോള്‍ അത് സ്വീകരിക്കുന്നു എന്നുമാത്രം. ഓഫീസില്‍ ജീവനക്കാര്‍ എന്തൊക്കെയോ കരുതിയിട്ടുണ്ടെന്നും അത് താന്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പുതിയ സിനിമ വരാഹത്തിന്റെ ടീസറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സനല്‍ വി ദേവനാണ് വരാഹം സംവിധാനം ചെയ്യുന്നത്. നടി സരയുവിന്റെ ഭര്‍ത്താവ് കൂടിയാണ് സനല്‍. ഇരുവരും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

ഒരുപാട് സിനിമകളിലൂടെ സുരേഷ് ഗോപി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സുരേഷ് ഗോപി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. സ്റ്റണ്ട് സിനിമകളിലൂടെയും മുഴുനീളന്‍ ഡയലോഗിലൂടെയുമാണ് താരം ആരാധകരെ കയ്യിലെടുത്തത്. ലോക് സഭാ സ്പീകര്‍ തിരഞ്ഞെടുപ്പ് ആയതിനാല്‍ പാര്‍ലമെന്റിലായിരിക്കും പിറന്നാള്‍ ദിവസം സുരേഷ് ഗോപി. വിനോദസഞ്ചാരം, പെട്രോളിയം, പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയാണ് അദ്ദേഹം.

സിനിമയ്ക്ക് പുറമേ ഗായകനായും അവതാരകനായുമെല്ലാം അദ്ദേഹം തിളങ്ങി. ഇതിനിടെ പൊതുപ്രവര്‍ത്തനവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മത്സരവും വിജയവും എല്ലാം ഈ പിറന്നാളിന്റെ തിളക്കം കൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒരു പൊതുസമ്മേളനത്തില്‍ പറഞ്ഞ തൃശ്ശൂര്‍ എനിക്കുവേണം, തൃശ്ശൂര്‍ നിങ്ങളെനിക്ക് തരണം, ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സംഭാഷണം സിനിമയെ വെല്ലുംവിധത്തിലാണ് വൈറലായത്.

ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ തവണ തൃശ്ശൂര്‍ സുരേഷ് ഗോപിയെ കൈവിട്ടില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74,686 വോടുകള്‍ക്കാണ് സുരേഷ് ഗോപി സിപിഐ സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറിനെ പരാജയപ്പെടുത്തിയത്. ഇതോടെ കേരളത്തില്‍ നിന്ന് ബിജെപിക്കായി ലോക് സഭയിലേക്ക് ആദ്യം അകൗണ്ട് തുറന്ന സ്ഥാനാര്‍ത്ഥി എന്ന ചരിത്രനേട്ടവും അദ്ദേഹത്തെ തേടിയെത്തി.


കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കംപനി നടത്തിയിരുന്ന കെ ഗോപിനാഥന്‍ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളില്‍ മൂത്തയാളായാണ് സുരേഷ് ജി. നായര്‍ എന്ന സുരേഷ് ഗോപിയുടെ ജനനം. ആറാം വയസ്സില്‍ 'ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ ബാലതാരമായാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. മുതിര്‍ന്ന ശേഷം 'നിരപരാധികള്‍' എന്ന ചിത്രത്തില്‍ ആദ്യമായി അവസരം നല്‍കിയ സംവിധായകന്‍ കെ ബാലാജിയാണ് സുരേഷ് ജി നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്. ടിപി ബാല ഗോപാലന്‍ എംഎയിലെ വേഷത്തിലൂടെ ശ്രദ്ധനേടി.

വില്ലന്‍വേഷങ്ങളായിരുന്നു പിന്നീട്. ഇരുപതാം നൂറ്റാണ്ട്, നാടോടി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാല്‍ പിന്നീട് ഓരോ ചിത്രങ്ങള്‍ കഴിയുന്തോറും സുരേഷ് ഗോപിയില്‍ നിന്ന് കൂടുതല്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഇന്നലെയിലെ ഡോ നരേന്ദ്രനും മനു അങ്കിളിലെ എസ് ഐ മിന്നല്‍ പ്രതാപനും വടക്കന്‍ വീരഗാഥയിലെ ആരോമലുണ്ണിയും മണിച്ചിത്രത്താഴിലെ നകുലനും കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയനും ഇതിനുദാഹരണമാണ്.


80-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചശേഷമായിരുന്നു സുരേഷ് ഗോപിയുടെ ഉള്ളിലെ യഥാര്‍ഥ തീപ്പൊരി എന്തെന്ന് മലയാളി പ്രേക്ഷകര്‍ കണ്ടത്. അതിന് തുടക്കമിട്ടത് 1992-ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിലിറങ്ങിയ തലസ്ഥാനം എന്ന ചിത്രമാണ്. ഇതേ കൂട്ടുകെട്ടില്‍ തൊട്ടുപിന്നാലെയെത്തിയ ഏകലവ്യനും ബോക് സോഫീസില്‍ ഹിറ്റായതോടെ മലയാളത്തില്‍ മമ്മൂട്ടിക്കും, മോഹന്‍ ലാലിനും പിന്നാലെ പുതിയൊരു സൂപര്‍താരം ഉദയംകൊണ്ടു. 


കമ്മീഷണര്‍ കൂടി പുറത്തിറങ്ങിയതോടെ പൊലീസ് വേഷം ഇത്രത്തോളം ഇണങ്ങുന്ന മറ്റൊരുതാരം വേറെയില്ല എന്ന വിശേഷണവുമായി. കമ്മീഷണറിലെ തീ പാറുന്ന സംഭാഷണങ്ങള്‍ ഇന്നത്തെ തലമുറയ്ക്കുപോലും മനഃപാഠമാണ്. ഓര്‍മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് നിത്യജീവിതത്തില്‍പ്പോലും നമ്മളില്‍ പലരും ഉപയോഗിച്ചു. കമ്മീഷണറും അതിലെ നായകന്‍ ഭരത് ചന്ദ്രന്‍ ഐപിഎസും തെലുങ്കിലും വെന്നിക്കൊടി പാറിച്ചു. സുരേഷ് ഗോപിയുടെ ചിത്രം വരുന്നുവെന്നറിഞ്ഞാല്‍ സൂപര്‍താരം ചിരഞ്ജീവിയുടെ ചിത്രത്തിന്റെ റിലീസ് പോലും മാറ്റിവച്ച ചരിത്രമുണ്ട്.

കരിയറിന്റെ ഒരു ഘട്ടത്തില്‍, കൃത്യമായി പറഞ്ഞാല്‍ 2015-ല്‍ സിനിമയോട് സുരേഷ് ഗോപി താത്ക്കാലികമായി വിടപറഞ്ഞു. 2019-ല്‍ വിജയ് ആന്റണി നായകനായ തമിഴരസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും തുടക്കം. എന്നാല്‍  കോവിഡ് കാരണം 2021-ലാണ് ചിത്രം റിലീസായത്.  2020-ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം വരവിലെ ചിത്രങ്ങളില്‍ ജോഷി സംവിധാനം ചെയ്ത പാപ്പനും അരുണ്‍ വര്‍മ ഒരുക്കിയ ഗരുഡനും ബോക് സോഫീസില്‍ ബ്ലോക് ബസ്റ്ററുകളായി. ഒത്തിരി സിനിമകള്‍ ഇനി സുരേഷ് ഗോപിയുടേതായി ഇറങ്ങാനുണ്ട്. അതെല്ലാം സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia