Krishna Prasad | 'എല്ലാ കര്‍ഷകര്‍ക്കും വേണ്ടിയാണ് സംസാരിച്ചത്, അത് പറഞ്ഞതിന് എന്നെയും ജയസൂര്യയെയും സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയാണ്'; എനിക്ക് പണം തന്ന രസീത് എടുക്കാന്‍ കാണിച്ച ഉത്സാഹം മറ്റുള്ളവരുടെ കാര്യത്തിലും വേണമെന്ന് നടന്‍ കൃഷ്ണപ്രസാദ്

 


കോട്ടയം: (www.kvartha.com) തന്റെ രാഷ്ട്രീയം എന്താണെന്ന് പറഞ്ഞിട്ടില്ലെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. കൃഷി മന്ത്രി പി പ്രസാദിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും എല്ലാ കര്‍ഷകര്‍ക്കും വേണ്ടിയാണ് സംസാരിച്ചതെന്നും അതു പറഞ്ഞതിനു എന്നെയും നടന്‍ ജയസൂര്യയെയും സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് പണം തന്നതിന്റെ രസീത് എടുക്കാന്‍ കാണിച്ച ഉത്സാഹം പണം ലഭിക്കാനുള്ള കര്‍ഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. 'കൃഷ്ണപ്രസാദിനു പണം ലഭിച്ചില്ലെന്നു പറഞ്ഞ് ഒരു സമരവും ഇവിടെയുണ്ടായിട്ടില്ല. കര്‍ഷകര്‍ക്കു പണം ലഭിക്കാനുള്ളതിനായിരുന്നു സമരം. പതിനായിരക്കണക്കിനു കര്‍ഷകര്‍ക്ക് ഇനിയും പണം ലഭിക്കാനുണ്ട്. അഞ്ചരമാസം കഴിഞ്ഞിട്ടും പണം ലഭിക്കുന്നില്ല. രണ്ടാംകൃഷി ഇറക്കേണ്ട സമയമാണിത്. പണം ലഭിക്കാത്തതിനാല്‍ പലരും കൃഷി ഇറക്കിയിട്ടില്ല. കൃഷ്ണപ്രസാദിനു മാത്രമല്ല എല്ലാവര്‍ക്കും പണം കിട്ടുകയെന്നതാണ് ആവശ്യം. എനിക്ക് പൈസ കിട്ടാനുണ്ടെങ്കില്‍ ഞാന്‍ ഒറ്റയാള്‍ പോരട്ടമല്ലേ നടത്തേണ്ടത്. ആയിരക്കണക്കിനു കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പറയുകയാണ് ചെയ്തത്. കര്‍ഷകര്‍ കടത്തില്‍ മുങ്ങിയിരിക്കുകയാണ്. 

എനിക്ക് പണം രണ്ടരമാസത്തിനു ശേഷമാണ് ലഭിച്ചത്. അതുതന്നെ വായ്പ എന്ന രീതിയിലാണ് നല്‍കിയത്. വായ്പയായി പണം നല്‍കാനല്ലല്ലോ ഞാന്‍ നെല്ല് നല്‍കുന്നത്. വായ്പയായി പണം ലഭിക്കാനാണു കര്‍ഷകര്‍ ചെന്ന് ഒപ്പിടുന്നത്. പമ്പിങ്, വളം സബ്‌സിഡി തുടങ്ങിയവ കുടിശികയാണ്. 

എന്റെ സഹപ്രവര്‍ത്തകനാണ് ജയസൂര്യ. അദ്ദേഹത്തിന് എന്നെ മാത്രമേ അറിയുകയുള്ളു. അതിലാനാണ് കൃഷ്ണപ്രസാദ് അടക്കമുള്ളവരെന്നു പൊതുവായി പറഞ്ഞത്. അദ്ദേഹം കര്‍ഷകനു വേണ്ടിയാണു പറഞ്ഞത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ കാണിച്ച മനസ്സിന് സല്യൂട്ട്. അദ്ദേഹത്തെ സൈബറിടങ്ങളില്‍ ആക്രമിക്കുന്നതു ശരിയല്ല. എല്ലാവര്‍ക്കും വ്യക്തിപരമായ രാഷ്ട്രീയം കാണുമല്ലോ. പക്ഷേ, ഞാന്‍ രാഷ്ട്രീയം തൊഴിലിലോ കാര്‍ഷികമേഖലയിലെ ഉള്‍പെടുത്തിയിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയമല്ല പറഞ്ഞത്. കര്‍ഷകരുടെ പല സമരത്തിനും പങ്കെടുത്തിട്ടുള്ള ആളാണ് ഞാന്‍. ഒരിടത്തും ഞാനെന്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. എന്റെ രാഷ്ട്രീയം കൂട്ടിക്കലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ആ പാര്‍ട്ടിയുടെ കര്‍ഷക സംഘടനയുമായല്ലേ ഞാന്‍ ബന്ധപ്പെടേണ്ടിയിരുന്നത്. ഞങ്ങളുടെ നെല്‍കര്‍ഷക സമിതിയില്‍ ഭൂരിഭാഗം പേരും ഇടതുപക്ഷക്കാരാണ്. അങ്ങനെയെങ്കില്‍ അവരൊക്കെ മണ്ടന്മാരാണോ? ഞാന്‍ നല്‍കിയ നെല്ലിന് ബാങ്കില്‍ നിന്ന് വായ്പയായാണ് ജൂലായ് മാസത്തില്‍ പണം കിട്ടിയത്. കൃഷ്ണപ്രസാദിന് പണം കിട്ടിയില്ലെന്ന് പറഞ്ഞല്ല ആരും സമരം നടത്തിയത്. എനിക്ക് നെല്ലിന്റെ പണം കിട്ടിയെന്ന രേഖ കണ്ടെത്താന്‍ കാണിച്ച ഉത്സാഹം കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കാട്ടണമായിരുന്നു. '- കൃഷ്ണപ്രസാദ് പറഞ്ഞു.

'കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ വര്‍ഷം നിരണത്ത് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ജയസൂര്യ പറഞ്ഞതുകൊണ്ടാണ് വിഷയം ചര്‍ച്ചയായത്. എന്റെ പേര് അദ്ദേഹം പറഞ്ഞത് എന്നെ അറിയുന്നതുകൊണ്ടാണ്. ആയിരക്കണക്കിന് കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്റെ പണം തന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തീരില്ല. അഞ്ചര മാസം മുന്‍പ് ശേഖരിച്ച നെല്ലിന്റെ പണം 360 കോടി രൂപ ഇപ്പോഴും 25000 പേര്‍ക്ക് കിട്ടാനുണ്ട്. എന്റെ പാടത്തെ രണ്ട് പേര്‍ക്ക് വേണ്ടിയല്ല താന്‍ സംസാരിക്കുന്നത്. ഇനി പണം കിട്ടാനുള്ളവര്‍ക്ക് അത് കിട്ടാനാണ്. കാറ്റും മഴയും പ്രളയവും അതിജീവിച്ച് നെല്ലുണ്ടാക്കുമ്പോള്‍ സര്‍കാരാണ് അവര്‍ക്ക് ആശ്വാസം നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം വരെ ഒരു മാസത്തിനുള്ളില്‍ പണം കിട്ടിയിരുന്നു. ഇത്തവണയാണ് അഞ്ചര മാസം വൈകിയത്.'- കൃഷ്ണപ്രസാദ് കൂട്ടിച്ചേര്‍ത്തു.

പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് ജയസൂര്യ സംസാരിച്ചത്. അതിലെ യഥാര്‍ത്ഥ ബോധം മനസിലാക്കണം. അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയല്ല വേണ്ടത്. ജയസൂര്യ മനുഷ്യപ്പറ്റുള്ള നടനാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തിനെ തുടര്‍ന്ന് തിരവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പ്രതിഷേധം. 

Krishna Prasad | 'എല്ലാ കര്‍ഷകര്‍ക്കും വേണ്ടിയാണ് സംസാരിച്ചത്, അത് പറഞ്ഞതിന് എന്നെയും ജയസൂര്യയെയും സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയാണ്'; എനിക്ക് പണം തന്ന രസീത് എടുക്കാന്‍ കാണിച്ച ഉത്സാഹം മറ്റുള്ളവരുടെ കാര്യത്തിലും വേണമെന്ന് നടന്‍ കൃഷ്ണപ്രസാദ്


Keywords:  News, Kerala, Kerala-News, News-Malayalam, Kottayam News, Kerala News, Actor, Krishna Prasad, Minister, P Prasad, Farmers, Actor Krishna Prasad responds to Minister P Prasad.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia