Accident | റോഡിൽ പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; പരിശോധനയെന്ന് കരുതി ബ്രേക്കിട്ടപ്പോൾ ബൈക്ക് തെന്നിവീണ് യുവാവ് അപകടത്തിൽപ്പെട്ടു; എടപ്പാളിൽ സംഭവിച്ചത്!
● ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
● 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു നടന്നിരുന്നത്.
മലപ്പുറം: (KVARTHA) എടപ്പാളിൽ സിനിമ ചിത്രീകരണത്തിനിടെ അപ്രതീക്ഷിത അപകടം. പൊലീസ് വേഷത്തിലുള്ള നടൻ ഷൈൻ ടോം ചാക്കോയെ കണ്ട് പരിഭ്രാന്തനായ യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോ അഭിനയിക്കുന്ന പുതിയ സിനിമ 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു നടന്നിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തിനായി ഷൈൻ ടോം ചാക്കോ പൊലീസ് വേഷത്തിൽ റോഡിൽ നിൽക്കുകയായിരുന്നു.
അപ്പോഴാണ് ഒരു യുവാവ് സ്‌കൂട്ടറിൽ അവിടേക്ക് എത്തിയത്. ദൂരെ നിന്നുതന്നെ ഷൈൻ ടോം ചാക്കോയെ പൊലീസ് എന്ന് തെറ്റിദ്ധരിച്ച യുവാവ് പെട്ടെന്ന് ബ്രേക്ക് പിടിച്ചു. മഴയുള്ളതിനാൽ റോഡ് വളരെ നനഞ്ഞിരുന്നു. ഇതിനാൽ ബ്രേക്ക് പിടിച്ചതോടെ ബൈക്ക് തെന്നി വീണു.
അപകടം കണ്ട ഷൈൻ ടോം ചാക്കോ ഉടൻ തന്നെ യുവാവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു. സമീപവാസികളും ഷൈൻ ടോം ചാക്കോയ്ക്ക് സഹായത്തിനെത്തി. യുവാവിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ട യുവാവുമായി ഷൈൻ ടോം ചാക്കോ സെൽഫി എടുക്കുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഷൈൻ ടോം ചാക്കോയ്ക്കൊപ്പം വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരും 'സൂത്രവാക്യം' സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പുതുമുഖം യുജീൻ ജോസ് ചിറമ്മേൽ ആണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
#ShineTomChacko, #KeralaAccident, #PoliceUniform, #Sutravaakyam, #ViralNews, #RoadSafety