ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്: ഒളിവില്‍പോയ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം പൊളിഞ്ഞു
Jul 20, 2012, 18:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസില്‍ പ്രതികളായ ചിലരെ രക്ഷിക്കാന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ശ്രമം പൊളിഞ്ഞു. കേസിലെ മുഖ്യപ്രതിയും ഗ്രാമീണസൂപ്പര് മാര്‍ക്കറ്റിന്റെ എംഡിയുമായിരുന്ന അജിത്ത് കുമാര്‍ ആസാദിനെ അടക്കമുള്ളവരെ രക്ഷിക്കാനാണ് തട്ടിപ്പടച്ചുണ്ടാക്കിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ശ്രമംനടത്തിയത്.
ആഴ്ചകള്‍ക്കുമുമ്പ് കാസര്‍കോട് പ്രസ്ക്ലബ്ബില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമീണ സൂപര്‍മാര്‍ക്കറ്റ് തട്ടിപ്പുകേസില്‍ പ്രതിയായിരുന്ന പടുപ്പിലെ സിജി ജോസഫും പങ്കെടുത്തിരുന്നു. ഈകേസിലെ പലപ്രതികളെയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കേസ് ഉത്ഭവിച്ച് ഒരുവര്‍ഷത്തിനു ശേഷം ചില നിര്‍ണ്ണായക തെളിവുകള്‍ കൈയ്യിലുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷക്കാലം ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഫണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്തിരുന്ന അജിത്ത് കുമാര്‍ ആസാദിനെയും അറസ്റ്റിലാകാനുള്ള മറ്റുപ്രതികളെയും രക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശ്യംമാത്രമാണ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഭാരവാഹികള്ക്കുണ്ടായിരുന്നതും ഇതിനായി ശ്രമിക്കുകയും ചെയ്യുന്നത്.
കേസിലെ പ്രതിയെ ഒപ്പംഇരുത്തി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉത്തരംമുട്ടി. കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ ചില സുപ്രധാനരേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അവകാശപ്പെട്ടിരുന്നു. ഈ രേഖകള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു കൈമാറുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും തട്ടിപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈയിലുണ്ടെന്ന് പറയുന്ന രേഖകള്‍ ആക്ഷന്‍ കമ്മിറ്റി ക്രൈബ്രാഞ്ചിന് നല്‍കിയിട്ടില്ല. ഇതിനുപിന്നിലെല്ലാം ഗൂഢോദ്ദേശം ഉണ്ടെന്നാണ് ആരോപണം. ആക്ഷന്‍ കമ്മിറ്റിയുടെ കൈയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന പലരേഖകളും പ്രതികളില്‍ ചിലര്‍തന്നെ ആക്ഷന്‍ കമ്മിറ്റിക്ക് എത്തിച്ചതാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ അജിത്ത് കുമാര്‍ ആസാദ് ഗ്രാമീണ സൂപര്മാര്ക്കറ്റുമായി ഇടപാടുണ്ടായിരുന്ന ചിലരെ സമീപിച്ച് ചെയര്മാന് രാജേഷ് ആള്വയ്ക്കെതിരെ പരാതി നല്കാന് നിര്‍ബന്ധിക്കുന്നതായി ക്രൈബ്രാഞ്ചുതന്നെ വിവരം പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരുകേസാണ് ദിവസങ്ങള്‍ക്കുമുമ്പ് കുമ്പളയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അമ്മ്യൂസ്മെന്റ് പാര്‍ക്കിനുവേണ്ടി സീതാംഗോളിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് കുമ്പള സ്വദേശിയായ ഒരാളുമായി ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനി എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. 18 കോടി രൂപയ്ക്ക് സ്ഥലം വില്‍പ്പന നടത്തുന്നതായാണ് എഗ്രിമെന്റില്‍ വിവരിച്ചിട്ടുള്ളത്. ഇതിന് രാജേഷ് ആള്‍വ 20 ലക്ഷം രൂപ സ്റ്റാമ്പ് പേപ്പറിനുവേണ്ടി നല്‍കിയതായി പറയപ്പെടുന്നു. സ്ഥലം ഉടമയോട് കേസില്‍ പ്രതിയാകുമെന്ന് അറിയിച്ച് രാജേഷ് ആള്വയ്ക്കെതിരെ പോലീസില്‍ പരാതി നല്കാന് നിര്‍ബന്ധിച്ചത് പിടിക്കപ്പെടാനുള്ള ചില പ്രതികളള്‍ തന്നെയാണെന്ന് വിവരം പുറത്തുവന്നിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി നല്കിയ വാര്‍ത്താ കുറിപ്പില്‍ കേസില്‍ പ്രതിയായ അജിത്ത് കുമാര്‍ ആസാദിനും മറ്റുചിലര്‍ക്കും യാതൊരു ബന്ധവുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ഇത് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ ഉദ്ദേശശുദ്ധിയെതന്നെ ചോദ്യം ചെയ്യുന്നതാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
![]() |
| Ajith Kumar Azad |
2009 മുതല്‍ രണ്ടുവര്‍ഷക്കാലം ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് അജിത്ത് കുമാര്‍ ആസാദ് ആണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 12 കോടിക്കും 15 കോടിക്കും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആക്ഷന്‍ കമ്മിറ്റി പറയുന്നത് 100 കോടിയിലേറെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ആക്ഷന്‍ കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഇവര്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ ആഴ്ചകള്‍കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാത്തത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ തട്ടിപ്പുനടത്തിയ ഗുഡ് വേ ബിസിനസ് ഗ്രൂപ്പ് മണി ചെയിന്‍ കമ്പനിയിലെ പ്രമോട്ടറായിരുന്നു രാജേഷ് ആള്വയെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇതിന്റെ ചെയര്മാന് രജീന്ദ്രനാണെന്നും ഭാരവാഹികള്‍ പറയുന്നു. രാജേഷ്ആള്വെക്കാപ്പം മറ്റൊരു പ്രമോട്ടറായി പ്രവര്‍ത്തിച്ചിരുന്നത് തൃശൂരില്‍ തട്ടിപ്പുനടത്തി പിടിക്കപ്പെട്ട ബിസയര്‍ എന്ന മണിചെയിന്‍ കമ്പനിയുടെ എം.ഡി. ഹര്‍ഷാദ് ആണെന്ന് ആക്ഷന്‍ കമ്മിറ്റി കണ്ടെത്തിയതായും ഭാരവാഹികള്‍ അവകാശപ്പെട്ടു.
രാജേഷ് ആള്‍വയും, ഹര്‍ഷാദും രണ്ട് തട്ടിപ്പുകമ്പനികളായി കാസര്‍കോട്ടും തൃശൂരിലും ചുവടുറപ്പിക്കുകയായിരുന്നുവെന്നും ഇതിനായി പ്രമുഖരായ രാഷ്ട്രീയക്കാരെയും പൊതുപ്രവര്‍ത്തകരെയും അംഗങ്ങളാക്കുകയും ചിലരെ എം.ഡി. സ്ഥാനം അടക്കമുള്ള ജോലിക്കാരാക്കുകയും ചെയ്ത് പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് രാജേഷ് ആള്‍വ തട്ടിപ്പുനടത്തുകയായിരുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം.
എം.ഡി. സ്ഥാനം അലങ്കരിച്ചിരുന്ന അജിത്ത് കുമാര്‍ ആസാദ് വെറും ജോലിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യന്തം ശ്രമിച്ചത്. അജിത്ത് കുമാര്‍ ആസാദ് കമ്പനിയുടെ എം.ഡി. എന്ന നിലയില്‍ കോടികളുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ തെളിവുള്ളപ്പോഴാണ് ഇവര്‍ പുകമറ സൃഷ്ടിച്ചിരിക്കുന്നത്.
ഒരുവര്‍ഷക്കാലം കമ്പനിയുടെ എം.ഡിയായി ജോലിചെയ്തിരുന്ന അജിത്ത് കുമാര്‍ ആസാദ് ജോലി രാജിവെച്ച് പിരിഞ്ഞുപോയിരുന്നതായും ഈ സമയം അജിത്ത് കുമാര്‍ ആസാദിന്റെ അക്കൗണ്ടുകളെല്ലാം അവതരിപ്പിക്കുകയും ചെയ്തിരുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. നേരിട്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലാത്ത ആരെയും അറസ്റ്റുചെയ്യാതെ മൊഴിയെടുത്താല്‍ മതിയെന്ന് കൈബ്രാഞ്ചിന്റെ നിര്‍ദ്ദേശം ഉള്ളതിനാലാണ് ഇങ്ങനെ പ്രതികളാക്കപ്പെട്ടവരെ അറസ്റ്റുചെയ്യാത്തതെന്ന് പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചില്‍ നിന്നും ആക്ഷന്‍ കമ്മിറ്റിക്ക് വിശദീകരണം ലഭിച്ചതായും ഭാരവാഹികള്‍ അവകാശപ്പെടുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ച് അധികൃതരും പോലീസും പറയുന്നത് ഹൈക്കോടതിവരെ അജിത്ത് കുമാര്‍ ആസാദിന്റെയും മറ്റുള്ളവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതായും പ്രതിയെ പിടികൂടാന്‍ പലതവണ സ്വന്തം വീടുകളിലും ബന്ധുവീടുകളിലും തിരച്ചില്‍ നടത്തിവരികയുമാണെന്നാണ്. അജിത്ത് കുമാര്‍ ആസാദ് ഉള്‍പ്പെടെയുള്ള ബാക്കി അറസ്റ്റിലാകാനുള്ള പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന് സഹായകരമാകുന്ന സമീപനമല്ല ഇപ്പോഴത്തെ ആക്ഷന്‍ കമ്മിറ്റി സ്വീകരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തുറന്നുപറയുന്നു. പ്രതികളെ കൂട്ടി വാര്‍ത്താസമ്മേളനം നടത്തിയ ആക്ഷന്‍ കമ്മിറ്റിയുടെ ഉദ്യേശ ശുദ്ധി ഇതിനകം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശക്തമായി മുന്നോട്ട് പോകുന്ന അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ബോധമായ നീക്കങ്ങള്‍ പിടിയിലാകാനുള്ള പ്രതികളില്‍ ചിലര്‍ നടത്തിവരുന്നതായി ക്രൈംബ്രാഞ്ചിനും പോലീസിനും വിവരമുണ്ട്. ഇതിന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളില്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നതായുമാണ് സംശയിക്കുന്നത്.
ശനിയാഴ്ച കാസര്‍കോട്ടെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് 5,000 പേര് ഒപ്പിട്ട നിവേദനം നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കേസിലെ മുഖ്യപ്രതിയായ രാജേഷ് ആള്‍വയെ പോലും തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അണിനിരത്താന്‍ തയ്യാറാണെന്നാണ് പ്രതിയെ വെച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഭാരവാഹികള്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ് പ്രതികൂടി തങ്ങളോടൊപ്പം കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ സമ്മതിച്ചത്. നേരത്തെ കേസില്‍ അറസ്റ്റിലായ ഏതാനുംപേരുടെ തലയില്‍ മുഴുവന്‍ കുറ്റങ്ങളുംകെട്ടിവെച്ച് ഡയറക്ടര്മാരായിരുന്നവരെയും എം.ഡിയായിരുന്നവരെയും രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നുവരുന്നതായി പകല്വെളിച്ചംപോലം വ്യക്തമായിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മറ്റി ചെയര്മാന് ഡോ. ശ്യാംപ്രസാദ്, കണ്‍വീനര്‍ ഡോ. ഹരിപ്രഭ, വൈസ് ചെയര്മാന് കെ.ടി. സിറാജ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Press Meet, Kerala, Case, Gameena Super Market, Action Committee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



