Acid Leak | ടാങ്കർ ലോറിയിലെ ആസിഡ് ചോർച്ച: പഴയങ്ങാടിയിലെ 10 വിദ്യാർഥികൾ ചികിത്സ തേടി


കണ്ണൂർ: (KVARTHA) പഴയങ്ങാടിയിൽ ടാങ്കർ ലോറിയിൽ നിന്നും ആസിഡ് ചോർച്ചയുണ്ടായതോടെ ക്രസന്റ് കോളേജിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടു. ഇതിൽ രണ്ടു പേരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആസിഡ് ചോർച്ചയുണ്ടായതിനെ തുടർന്ന് പ്രദേശത്തെ ഒരു കിലോമീറ്റര്‍ പരിധിയിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.
അവശത അനുഭവപ്പെട്ട ഏഴു വിദ്യാര്‍ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോകോളിക്ക് ആസിഡ് ചോര്‍ന്നത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് പഴയങ്ങാടി രാമപുരം ഭാഗത്തു വച്ചാണ് ആസിഡ് ചോർന്നത്. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലാണ് സംഭവം.
ടാങ്കര്‍ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കി കളയുകയായിരുന്നു. ശനിയാഴ്ച രാവിലെ മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ച് അതിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടായത്. ശ്വാസതടസം അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും പരിയാരം പൊലീസും കണ്ണൂര്‍ ആര്‍ഡിഒയും സ്ഥലത്തെത്തിയിരുന്നു.