ഇതൊരു 'കാറ്റ് ആന്‍ഡ് മൗസ് ഗെയിം'; രഞ്ജിത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി എ ഡി ജി പി; ഇവര്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണത്തിന് തടസമായി

 


ആലപ്പുഴ: (www.kvartha.com 23.12.2021) ബി ജെ പി നേതാവ് രഞ്ജിത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി എ ഡി ജി പി വിജയ് സാഖറെ. പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതൊരു 'കാറ്റ് ആന്‍ഡ് മൗസ് ഗെയിം'; രഞ്ജിത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി എ ഡി ജി പി; ഇവര്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണത്തിന് തടസമായി

രണ്ട് കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇതൊരു 'കാറ്റ് ആന്‍ഡ് മൗസ് ഗെയിം' ആണെന്നും അറിയിച്ചു. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എന്നാല്‍ എല്ലാവരെയും പിടികൂടുമെന്നും ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക പരിശോധനകള്‍ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും എഡിജിപി വ്യക്തമാക്കി.

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചത്. മാത്രമല്ല, സംഭവം നടന്നശേഷം പ്രതികളാരും തന്നെ ഫോണ്‍ ഉപയോഗിക്കാത്തതും അനേഷണത്തിന് തടസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് എസ് ഡി പി ഐക്കാരെയും എസ് ഡി പി ഐ നേതാവ് ശാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവരും കൊലപാതകസംഘത്തിനു സഹായം ചെയ്തവരുമാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൃത്യം നടത്തിയവരെക്കുറിച്ചുള്ള ഏകദേശ ധാരണ പൊലീസിനു ലഭിച്ചിട്ടുണ്ട്.

കൊലപാതകികളെയും ഇതിനു കൂട്ടുനിന്നവരെയും കണ്ടെത്താന്‍ പൊലീസിന്റെ നാല് സൈബര്‍ സെലുകളാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കാര്യമായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളാരും സംഭവത്തിനു മുന്‍പോ ശേഷമോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടില്ല.

രണ്ടുവിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ സംശയം തോന്നുന്ന 250-ലധികം വീടുകളില്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച സംസ്ഥാന സെക്രടെറി രഞ്ജിത് ശ്രീനിവാസിനെ (45) അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വച്ചു വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രടെറി കെ എസ് ശാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രഞ്ജിതിന്റെ കൊലപാതകം.

ആറു ബൈക്കുകളില്‍ എത്തിയവര്‍ ആദ്യം രഞ്ജിതിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ടു കഴുത്തില്‍ കത്തിവച്ചു തടഞ്ഞശേഷമായിരുന്നു രഞ്ജിതിനെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള ഇളയ മകള്‍ക്കു നേരെയും അക്രമികള്‍ വാള്‍ വീശിയിരുന്നു.

Keywords:  Accused in Ranjeet murder case have left the state: ADGP Vijay Sakhare, Alappuzha, News, Murder case, Police, Media, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia