Arrested | പയ്യന്നൂരില്‍ പ്രവാസിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നുവെന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍


അന്വേഷണത്തിന് നേതൃത്വം നല്‍കിയത് പയ്യന്നൂര്‍ ഡി വൈ എസ് പി എ ഉമേഷിന്റെ നേതൃത്വത്തിലുളള ക്രൈം സ്‌ക്വാഡ്
കാസര്‍കോട് പൊലീസും കുമ്പള മഞ്ചേശ്വരം പൊലീസും പയ്യന്നൂരിലെത്തി പ്രതിയെ കൊണ്ടുപോയി
പയ്യന്നൂര്‍: (KVARTHA) പെരുമ്പയില്‍ പ്രവാസിയുടെ വീടുകുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നുവെന്ന കേസില്‍ ക്രൈം സ്‌ക്വാഡ് അന്വേഷണത്തിനിടെ കാസര്‍കോട് ജില്ലയിലെ താമസക്കാരനായ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് കുടുങ്ങി. കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശി അശ്റഫ് അലി(26)യാണ് പയ്യന്നൂര്‍ ഡി വൈ എസ് പി എ ഉമേഷിന്റെ നേതൃത്വത്തിലുളള ക്രൈം സ്‌ക്വാഡിന്റെ പിടിയിലായത്.
കവര്‍ചാ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തിരച്ചിലില്‍ കര്‍ണാടകയില്‍ വെച്ചാണ് മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. പെരുമ്പയില്‍ നടന്ന കവര്‍ചയില്‍ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച മോഷ് ടാവിന്റെ രൂപ സാദൃശ്യമാണ് കുപ്രസിദ്ധ മോഷ്ടാവിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
മോഷ്ടാവിനെ പിടികൂടിയ പൊലീസ് സംഘത്തിന് പ്രതിക്ക് പയ്യന്നൂരില്‍ നടന്ന കവര്‍ചയുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായ വിവരമറിഞ്ഞ് കാസര്‍കോട് പൊലീസും കുമ്പള മഞ്ചേശ്വരം പൊലീസും പയ്യന്നൂരിലെത്തി പ്രതിയെ കൊണ്ടുപോയി.
ജൂണ്‍ നാലിനും 27-നുമിടെയില്‍ കാസര്‍കോട്് കുമ്പള മംഗല്‍പാടി ബേക്കൂര്‍ സുഭാഷ് നഗറിലെ ജിലാനി മഹലിലെ ആഇശ യൂസുഫിന്റെ വീടുകുത്തിതുറന്ന് ഒരുലക്ഷത്തിപതിനായിരം രൂപയുടെ പതിനഞ്ച് പ്രോ ആപ്പിള്‍ ഫോണും റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളും വിലപ്പെട്ട രേഖകളും കടത്തിക്കൊണ്ടുപോയെന്ന കേസില്‍ പ്രതിയായ അശ്റഫ് അലിയെ കുമ്പള പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ മറ്റ് മൂന്ന് കവര്‍ചാ കേസുകള്‍ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.