SWISS-TOWER 24/07/2023

CPM | വി എസില്ലാത്ത രാഷ്ട്രീയ കേരളം സിപിഎമിനെ പഠിപ്പിക്കുന്ന രാഷ്ട്രീയ പാഠങ്ങള്‍

 


ADVERTISEMENT

/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) കേരളത്തിന്റെ ഇടത് രാഷ്ട്രീയത്തില്‍ വി എസ് അച്യുതാനന്ദന്റെ അഭാവം സിപിഎമിന് പ്രതിസന്ധിയുടെ ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. ഇടതു നൈതികതയുടെ പ്രതീകമായ വിഎസ് വിവാദ വിഷയങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാന്‍ സാധാരണക്കാര്‍ വരെ കാതോര്‍ത്തുനിന്നിരുന്നു. നൂറുവയസിലെത്തിയ വി എസ് അച്യുതാനന്ദന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായതിനാല്‍ പുറംലോകത്ത് തന്റെ പാര്‍ടിയെയും ഭരണത്തെയും ചുറ്റിവരിയുന്ന വിവാദങ്ങള്‍ ഒന്നും അറിയുന്നില്ലെന്നാണ് വസ്തുത.

CPM | വി എസില്ലാത്ത രാഷ്ട്രീയ കേരളം സിപിഎമിനെ പഠിപ്പിക്കുന്ന രാഷ്ട്രീയ പാഠങ്ങള്‍

കൈതോലപ്പായ ആരോപണത്തിന്റെ സുനാമി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ഉയര്‍ത്തിവിട്ടപ്പോള്‍ പണ്ടു വി എസ് നടത്തിയ കളങ്കിതരുടെ പണത്തെ കുറിച്ചും അവിശുദ്ധബന്ധങ്ങളെ കുറിച്ചുളള ഓര്‍മകള്‍ കേരളത്തിന്റെ രാഷ്ട്രീയ മന:സാക്ഷിയ്ക്കു മുന്‍പില്‍ വന്നത്. കമ്യൂണിസ്റ്റുകാര്‍ കളങ്കിതരും വെറുക്കപ്പെട്ടവരുമായി യാതൊരു ബന്ധം പുലര്‍ത്തരുതെന്ന വി എസിന്റെ പ്രസ്താവന പാര്‍ടിക്കുള്ളിലുണ്ടാക്കിയ പുകിൽ ചെറുതായിരുന്നില്ല.

സിപിഎമിന്റെ വിഭാഗീയതയുടെ ഭാഗമായാണ് വി എസ് പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടിരുന്നുവെങ്കിലും ഫാരിസ് അബൂബകറിനെതിരെ എയ്തുവിട്ട കൂരമ്പായിരുന്നു അത്. വി എസിന്റെ മൗനം കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ വി എസിന്റെ വാക്കുകള്‍ ഇടിമുഴക്കങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും കരുത്തനായ ഒരു നേതാവിന്റെ ഇടപെടലുകള്‍ നഷ്ടമായിരിക്കുകയാണ്. ഇനിയൊരു തുടര്‍ഭരണം വേണ്ടായെന്ന് സാധാരണ സിപിഎം പ്രവര്‍ത്തകര്‍ പോലും പറഞ്ഞുതുടങ്ങിയ കാലത്തേക്ക് പാര്‍ടിയെയും സര്‍കാരിനെയും കൊണ്ടുവന്നെത്തിച്ച ദു:സ്ഥിതിയിലേക്ക് കേരളത്തിലെ ഇടതുരാഷ്ട്രീയത്തിനെ കൊണ്ടുചെന്നെത്തിച്ചത് വി എസ് നേരത്തെ കണ്ടെത്തുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത വലതുവ്യതിയാനങ്ങളാണെന്ന പാഠമാണ് ഇപ്പോള്‍ ഓരോരുത്തരും അനുഭവിച്ചറിയുന്നത്.

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായ വേളയിലും ജനങ്ങളോട് കൃത്യമായി സംവദിക്കാന്‍ വി എസിനും ഉമ്മന്‍ചാണ്ടിക്കുമൊക്കെ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പലവിഷയങ്ങളിലും ക്ലിയർ കടായ ഒരു മറുപടിയും വ്യക്തതയും ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ 150 ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചിട്ടെന്ന യാഥാര്‍ത്ഥ്യം പുറത്തുവരുമ്പോഴാണ് ഈ വ്യത്യാസം ജനങ്ങള്‍ക്ക് മനസിലാകുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചു പോലും വാതുറക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ചു പൊതുപരിപാടികളില്‍ മാന്‍കി ബാത് പോലെ പ്രസംഗങ്ങള്‍ നടത്തി പോവുകയാണ് മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷ വിമർശനം.

തനിക്ക് അലോസരമായ ചോദ്യങ്ങള്‍ ഇത്തരം പരിപാടികളില്‍ നിന്നും ഉയരില്ലെന്നതാണ് ഇതിന്റെ സൗകര്യം.
എന്നാല്‍ പാര്‍ടിക്കും സര്‍കാരിനുമെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങള്‍ കൈക്കാര്യം ചെയ്യാന്‍ കോടിയേരി ബാലകൃഷ്ണനെപ്പോലുളള ഒരു സംസ്ഥാന സെക്രടറിയും സിപിഎമിന് ഇപ്പോഴില്ലെന്നതാണ് മറ്റൊരു ദുരന്തം. തൊട്ടതൊക്കെ വിവാദമായി മാറുന്ന ദുരവസ്ഥയാണ്‌ കോടിയേരിക്കു ശേഷം വന്ന എം വി ഗോവിന്ദന്‍ നേരിടുന്നത്. പാര്‍ടിക്കുളളിലും പുറത്തുനിന്നുമുയരുന്ന ആരോപണങ്ങള്‍ കാര്‍ക്കശ്യത്തോടെ നേരിടുന്ന എം വി ഗോവിന്ദന്റെ ശൈലി പൊതുസമൂഹത്തില്‍ കല്ലുകടിയാണുണ്ടാക്കുന്നത്.

മുഖ്യമന്ത്രിക്കായി പ്രതിരോധവ്യൂഹം ചമയ്ക്കുന്ന എ കെ ബാലനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും അവരവരുടെ റോള്‍ നിര്‍വഹിക്കുന്നുണ്ടെങ്കിലും അതൊന്നും കുറിക്കു കൊളളാന്‍ പര്യാപ്തമാകുന്നില്ല. പാര്‍ടിയെയും സര്‍കാരിനെയും പ്രതിസന്ധിയിലാക്കുന്ന ഓരോവിഷയങ്ങള്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കുമ്പോള്‍ ഇഎംഎസ് എന്തുപറയുന്നു, ഇകെ നായനാര്‍ എങ്ങനെ പ്രതികരിക്കുന്നു, വിഎസ് എന്തു നിലപാടെടുക്കുന്നുവെന്നറിയാന്‍ എതിരാളികള്‍ പോലും കാതോര്‍ത്തു നിന്ന ഒരു കാലം സിപിഎമിനുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ ജനങ്ങള്‍ ശ്രവിക്കുന്ന നേതാക്കന്‍മാര്‍ ഇപ്പോള്‍ സിപിഎമിനില്ലാത്തതും ഉള്ളവര്‍ക്ക് തന്നെ വിശ്വാസ്യത കളഞ്ഞുകുളിച്ചതുമാണ് തിരിച്ചടിയായി മാറിയത്.

വി എസിന് ശേഷം വന്ന രണ്ടാംനിര നേതാക്കന്മാര്‍ ജനമനസില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്നു മാത്രമല്ല സാധാരണക്കാരായ അഞ്ചുലക്ഷത്തിലേറെ വരുന്ന പാര്‍ടി പ്രവര്‍ത്തകരുടെ വിശ്വാസ്യത പോലും നേടാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ബംഗാളില്‍ ജ്യോതി ബസുവിന് ശേഷം സംഭവിച്ചതിന് സമാനമായാണ് ഇവിടെയും കാര്യങ്ങള്‍. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത ബുദ്ധദേവ് ഭട്ടാചാര്യ അവിടെയുണ്ടായിട്ടും വലതുപക്ഷ വ്യതിയാനവും ചങ്ങാത്ത മുതലാളിത്തവും എങ്ങനെ പാര്‍ടിയെ തകര്‍ത്ത് ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലാക്കിയെന്നതു സിപിഎം പഠിക്കേണ്ട പാഠങ്ങളിലൊന്നാണ്. കേരളമെന്ന പച്ചതുരുത്തിലെങ്കിലും അധികാരത്തില്‍ നിലനില്‍ക്കാന്‍ ഇതു അവര്‍ക്ക് സഹായകരമാവും.

Keywords: News, Kannur, Kerala, Politics, CPM, Congress, Kerala Chief Minister, VS Achuthanandan,   Absence of VS: Political Lessons to CPM.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia