Criticism | ഓൺ എയറിൽ പിന്നോട്ടായ ഏഷ്യാനെറ്റ് മലയാള മാധ്യമ രംഗത്തിന് നൽകുന്ന വിപത് സൂചനകളെന്ത്, ചാനൽ റേറ്റിങിൽ മുൻപിലെത്താൻ അലകും പിടിയും മാറ്റുമോ?

 
A heated debate in a TV studio

Representational Image Generated by Meta AI

ഒന്നാം സ്ഥാനത്ത് ട്വൻ്റിഫോർ എത്തിയെങ്കിലും റേറ്റിങ്ങിൽ വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് റിപ്പോർട്ടർ

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) പതിറ്റാണ്ടുകൾ മുൻപ് മാതൃഭൂമി വാരിക കെട്ടും മട്ടും മാറ്റിയത് വായനാസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. കമൽറാം സജീവ് എഡിറ്ററായതോടെയാണ് ഈ മാറ്റമുണ്ടായത്. പുത്തൻ രൂപത്തിൽ സഭ്യതയുടെ അതിരുകടക്കുന്ന ഫോട്ടോകളുമായെത്തിയ മാതൃഭൂമിയുടെ മാറ്റത്തെ ഉൾക്കൊള്ളാനാവാതെ പരമ്പരാഗതമായ വായനക്കാർ പലരും അകന്നിരുന്നു. കാൽ നൂറ്റാണ്ടോളാം മാതൃഭുമി സ്ഥിരം വായിച്ചവരാണ് വിട്ടുപോയത്. എന്നാൽ പുതിയ വായനക്കാർ മാറ്റത്തിൽ ആകൃഷ്ടരായി കടന്നുവരികയും ചെയ്തു.

A heated debate in a TV studio

ലേഔട്ടിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയെങ്കിലും കണ്ടൻ്റിൽ വലിയ അഴിച്ചു പണി മാതൃഭുമി അന്നും നടത്തിയില്ല. എന്നാൽ സ്ഥിരം എഴുത്തുകാരെ അവർ മാറ്റി പരീക്ഷിക്കുകയും നവാഗതർക്ക് അവസരം നൽകുകയും ചെയ്തു. ഇപ്പോഴും മലയാള വായനാ ലോകത്ത് ഏറ്റവും സവിശേഷമായ സ്ഥാനം നിലനിർത്തി മുൻപോട്ടു പോവുകയാണ് മാതൃഭൂമി. വായനാ ലോകത്ത് മാതൃഭൂമി വാരികനേടിയെടുത്ത സ്ഥാനമാണ് ദൃശ്യമാധ്യമ രംഗത്ത് ഏഷ്യാനെറ്റിനുള്ളത്. ശശികുമാർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിരയിൽ നിൽക്കുന്ന മാധ്യമപ്രവർത്തകരായിരുന്നു അതിൻ്റെ അണിയറ ശിൽപ്പികൾ. 

അരികുജീവിതങ്ങളെ ചേർത്തു പിടിക്കുന്ന ടിഎൻ ഗോപകുമാറിൻ്റെ കണ്ണാടി ഉൾപ്പെടെയുള്ള പരിപാടികൾ ഏഷ്യാനെറ്റിനെ ഏറെ ജനകീയമാക്കി. ഇടതു പുരോഗമന ആശയങ്ങൾ സ്വാംശീകരിച്ചെടുക്കുകയും നിഷ്പക്ഷമായ അവതരണ ശൈലി വാർത്തയിലും വാർത്താധിഷ്ഠിതമായ പരിപാടികളിലും നിലനിർത്തിയതാണ് ഏഷ്യാനെറ്റിനെ കാൽ നൂറ്റാണ്ടിലേറെക്കാലം മുൻനിരയിൽ എത്തിച്ചത്. എന്നാൽ സമീപകാലത്തായി പത്തോളം പ്രമുഖ ചാനലുകളും സോഷ്യൽ മീഡിയയും അടക്കിവാഴുന്ന ന്യൂ ജെൻ മാധ്യമ രംഗത്ത് വാർത്തകളിലും വിഷ്വലുകളിലും പറ്റുന്ന ഗുരുതരമായ പിഴവുകൾ ഏഷ്യാനെറ്റിന് വിനയായി മാറിയിട്ടുണ്ട്.

സ്‌ട്രൈക്കിങ് റേറ്റ് കൂട്ടുന്നതിനായി ന്യൂസ് ഹവറിൽ വിനു വി ജോൺ പലപ്പോഴും അവതാരക റോളിൽ നിന്നും ജഡ്ജിയുടെ കോട്ടിലേക്ക് കൂടുമാറുന്നതും കല്ലുകടിയാവുന്നുണ്ട്. പഴഞ്ചൻ ശൈലിയിലുള്ള അവതരണങ്ങളും രീതികളും സ്വയം നിർമ്മിത രൂപകൽപ്പനയുടെ ആലസ്യത്തിൽ കഴിയാൻ ഏഷ്യാനെറ്റിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ വാർത്തയിലെ സുതാര്യതയും എത്തിക്സും ജീവനക്കാർക്ക് നൽകുന്ന മികച്ച ശമ്പളവും ടീം വർക്കും ഏഷ്യാനെറ്റിനെ എപ്പോഴും ഒരു പടി മുൻപിൽ തന്നെയാണ് നിർത്തുന്നത്. 

നവമാധ്യമ ശൈലിയുടെ അസഹനീയമായ വേർഷനാണ് ട്വൻ്റിഫോർ ന്യൂസ്. റേറ്റിങ്ങിൽ ട്വൻ്റിഫോർ ഒന്നാം സ്ഥാനത്ത് വരാൻ കാരണം ശ്രീകണ്ഠൻ നായരും കൂട്ടരും വാർത്തകളെ മസാലപരുവത്തിലാക്കി വിളുമ്പന്നതിലാണ്. അതിനാടകീയതയും സാമാന്യ മര്യാദമില്ലായ്മയും ഏകാധിപത്യ പ്രവണതയുമാണ് ഹാഷ്മി താജ് ഇബ്രാഹിമിൻ്റെ അന്തി ചർച്ചയുടെ പ്രത്യേകതയെന്ന് ആക്ഷേപമുണ്ട്. അതിഥികളെ ചർച്ചയ്ക്കു വിളിക്കുന്ന ഹാഷ്മി തന്നെ ഒരു മണിക്കൂറിൽ പകുതിയോളം പറഞ്ഞു. തീർക്കുന്നു അതിനിടെയിൽ സ്വന്തം നിലപാട് പറയാൻ ശ്രമിക്കുന്നവരെ വായയിൽ കയറിയിട്ട് തടയുകയും ചെയ്യുന്നുവെന്നാണ് വിമർശനം. ഏറെ അസഹീനയമായ ഇത്തരം അന്തിചർച്ചകളാണ് ട്വൻ്റിഫോറിൻ്റെ വാർപ്പു മാതൃകയായി മാറുന്നത്.

ഒന്നാം സ്ഥാനത്ത് ട്വൻ്റിഫോർ എത്തിയെങ്കിലും റേറ്റിങ്ങിൽ വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് റിപ്പോർട്ടർ. മലയാളത്തിലെ അർണബ് ഗോസ്വാമിയാകാൻ പ്രയത്നിക്കുന്ന റിപ്പോർട്ടർ ഹെഡ് അരുൺ കുമാർ പ്രത്യേക മാധ്യമ സംസ്കാരം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. മരംമുറിക്കലിൽ ആരോപണ വിധേയനായ ഉടമ തന്നെ റിപ്പോർട്ടറാകുന്ന ഈ ചാനൽ വരാനിരിക്കുന്ന നാളുകളിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയേക്കാം. മലയാള ദൃശ്യമാധ്യമ ലോകം ഏറെ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. പറഞ്ഞാൽ പോരാ അട്ടഹസിക്കുകയും നിലവിളിക്കുകയും ചെയ്താൽ മാത്രമേ ഇനിയുള്ള കാലം ചാനലുകൾക്ക് നിലനിൽപ്പുള്ളു. ഇവിടെ തരം താഴുന്നത് ചാനലുകളോ അതോ മലയാളിയോയെന്ന ചോദ്യമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.

#malayalammedia #asianet #twentyfournews #medianalysis #kerala #journalism #sensationalism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia