Humanitarian | ഷിരൂരിലെ തിരച്ചില്‍, മലയാളികള്‍ നമിക്കണം ഈ ജനപ്രതിനിധിയെ; കയ്യടി നേടി കാല്‍വാര്‍ എംഎല്‍എ
● കൊടിയുടെ നിറമോ വോട്ടിന്റെ എണ്ണമോ ദേശത്തിന്റെ അതിരോ അദ്ദേഹത്തെ പിന്നോട്ടടിപ്പിച്ചില്ല
● കാണാതായത് ഇന്ത്യയിലെ തന്റെ സഹോദരനാണെന്ന് അദ്ദേഹം വിശ്വസിച്ചു
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) രാഷ്ട്രീയത്തിന്റെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറം ആപത് ഘട്ടത്തില്‍ മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കുന്ന കൂട്ടായ്മയാണ് കര്‍ണാടകയിലെ ഷിരൂരില്‍ കണ്ടത്. നിരവധി വെല്ലുവിളികള്‍ നേരിട്ടു കൊണ്ടാണ് 71 ദിവസത്തിനു ശേഷം ഗംഗാവാലി പുഴയില്‍ കാണാതായ മലയാളിയായ അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയ ദൗത്യം കര്‍ണാടക സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.
ഏറ്റവും ഒടുവില്‍ നാവികസേനയും ഡ്രഡ് ജിങ് യന്ത്രവും എത്തിയതോടെ ആശാവഹമായ പുരോഗതിയുണ്ടായി. ഇതോടെയാണ് അര്‍ജുനെയും ലോറിയെയും കണ്ടെത്തിയത്. പലവട്ടം പല കാരണങ്ങളാല്‍ തടസപ്പെട്ടു പോയ ഓപ്പറേഷന്‍ അര്‍ജുന്‍ തുടരാന്‍ കഴിഞ്ഞത് കര്‍ണാടക- കേരള സര്‍ക്കാരുകള്‍ ഒന്നിച്ചു നിന്നതുകൊണ്ടാണ്. അത്രമാത്രം അശാന്തമായിരുന്നു ഗംഗാവലി പുഴ.
കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ ദൃഢനിശ്ചയത്തോടെയുള്ള ഇടപെടലുകളും സാന്നിദ്ധ്യവും മലയാളികള്‍ക്ക് ആര്‍ക്കും മറക്കാന്‍ കഴിയില്ല. കൊടിയുടെ നിറമോ വോട്ടിന്റെ എണ്ണമോ ദേശത്തിന്റെ അതിരോ അദ്ദേഹത്തെ പിന്നോട്ടടിപ്പിച്ചില്ല. കാണാതായത് ഇന്ത്യയിലെ തന്റെ സഹോദരനാണെന്ന് അദ്ദേഹം വിശ്വസിച്ചു. തനിക്ക് സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞ ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയെ ആണ് ലോകം സതീഷിലൂടെ ദര്‍ശിച്ചത്.
എത്ര സംയമനത്തോടെയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചത്. എന്തു തന്നെയായാലും നമ്മള്‍ അര്‍ജുനെ കണ്ടെത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. ദൗത്യം പരാജയപ്പെടുമ്പോള്‍ അതില്‍ ഏര്‍പ്പെട്ടവരെ പഴി പറയാനോ കൊടും മഴയില്‍ പിന്നോട്ടടിക്കാനോ തയ്യാറാകാത്തതാണ് സതീഷിന്റെ മഹത്വം. അദ്ദേഹം ദൗത്യത്തില്‍ പരാജയപ്പെട്ട സംഘങ്ങളെ ചേര്‍ത്തുപിടിക്കുകയും വീണ്ടും തിരച്ചിലിനുള്ള സകല സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്തു.
ഏറ്റവും ഒടുവിലായി ഷിരൂരിലെ തിരച്ചിലില്‍ സഹകരിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ തന്റെ മനസിന്റെ വിശാലതയും മഹത്വവും പ്രകടിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും അര്‍ജുനെ മരിച്ച നിലയിലെങ്കിലും കണ്ടെത്തിയതിന് അദ്ദേഹത്തിനാണ് നന്ദി പറയേണ്ടത്.
ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കാണാതായതു മുതല്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലായിരുന്നു.
സെപ്തംബര്‍ 25ന് ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി ആശ്വാസകരമായ വിധത്തില്‍ കണ്ടെത്തിയത്. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുമെന്നും എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിരച്ചില്‍ ഇതോടെ അവസാനിപ്പിക്കില്ലെന്നും കാണാതായ മറ്റുരണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരാനുമാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
#ShirurSearch, #MLASatishKrishna, #MalayaliUnity, #GangavaliRiver, #LandslideRescue, #KeralaKarnataka