Analysis | പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ അവരുടെ കല്യാണത്തിന് ശേഷം ഒറ്റപ്പെട്ടുപോകുന്ന അമ്മമാർ ഇങ്ങനെയൊക്കെയാണ്! വൈറൽ കുറിപ്പ് ​​​​​​​

 
a mothers solitude the untold story of mothers in singled
a mothers solitude the untold story of mothers in singled

Representational image generated by Meta AI

● പെൺകുട്ടികളുള്ള വീടുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു
● മക്കളുടെ വിവാഹം അമ്മമാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു
● സമൂഹം അമ്മമാരുടെ വികാരങ്ങളെ പലപ്പോഴും അവഗണിക്കുന്നു

മിൻ്റു തൊടുപുഴ 

(KVARTHA) ഇന്ന് നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ മാത്രമുള്ള ധാരാളം വീടുകൾ ഉണ്ട്. പണ്ട് കുറവായിരുന്നെങ്കിൽ ഇന്ന് ഒത്തിരി മാതാപിതാക്കൾ പെൺകുട്ടികളുടെ മാത്രം രക്ഷിതാക്കളായി ജീവിക്കുന്നു. പഠനത്തിലും മറ്റ് പാഠ്യേതര വിഷയങ്ങളിലുമൊക്കെ ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളും ഇന്ന് ഒപ്പമെത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ കൂട്ടുകാരെപ്പോലെ നിന്ന് അവരുടെ മാതാപിതാക്കളും പെൺകുട്ടികൾക്ക് ധാരാളം പ്രോത്സാഹനം കൊടുക്കാറുണ്ട്. 

പലപ്പോഴും പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ അവർക്ക് സ്വന്തം അമ്മ എന്ന് പറയുന്നത് കുട്ടുകാരികളെപ്പോലെയാണ്. വിഷമങ്ങളും സന്തോഷങ്ങളും എല്ലാം പരസ്പരം പങ്കുവെയ്ക്കുന്ന കുട്ടികാരികളാവും പരസ്പരം ഇരുവരും. എന്നാൽ മക്കളുടെ പഠനമൊക്കെ കഴിഞ്ഞ് മറ്റൊരു വീട്ടിലേയ്ക്ക് പെൺകുട്ടികളെ വിവാഹം കഴിച്ച് അയച്ചശേഷം മാതാവ് അനുഭവിക്കുന്ന ദു:ഖം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 

ഈ വിഷയം നമ്മുടെ സമൂഹത്തിൽ ഇതുവരെ ചർച്ച ചെയ്യപ്പെട്ടും കാണുന്നില്ല. ഈ വിഷയത്തെ സംബന്ധിച്ച് ഡെന്നിസ് അറയ്ക്കൽ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. നമ്മുടെ സമൂഹത്തിൽ അധികമാരും സംസാരിക്കാത്ത, ചർച്ച ചെയ്യാത്ത, ഒരു കാര്യം, ആൺമക്കൾ ഇല്ലാതെ, പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ, പെൺമക്കളുടെ കല്യാണത്തിന് ശേഷം, ഒറ്റപ്പെട്ടുപോകുന്ന അമ്മമാരെ കുറിച്ചാണ്  അതിലേയ്ക്ക് വെളിച്ചം വീശുന്നു ഈ കുറിപ്പ്. 

കുറിപ്പിൽ പറയുന്നത്: 'നമ്മുടെ സമൂഹത്തിൽ അധികമാരും സംസാരിക്കാത്ത, ചർച്ച ചെയ്യാത്ത, ഒരു കാര്യം, ആൺമക്കൾ ഇല്ലാതെ, പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ, പെൺമക്കളുടെ കല്യാണത്തിന് ശേഷം, ഒറ്റപ്പെട്ടുപോകുന്ന അമ്മമാരെ കുറിച്ചാണ്. കേൾക്കുമ്പോൾ ഒട്ടും പ്രാധാന്യമില്ലാത്ത ഒരു കാര്യമായിട്ട് തോന്നുമെങ്കിലും, പല അമ്മമാരുടെയും ജീവിതം പെൺമക്കൾ സ്വന്തം വീട്ടിൽ നിന്ന്  പോയിക്കഴിയുമ്പോൾ കീഴ്മേൽ മറിയും. കല്യാണം കഴിച്ചു പോകുന്ന പെൺകുട്ടി, ഒരു പുതിയ ജീവിതത്തിലേക്കാണ് കാലെടുത്തുവെക്കുന്നത്. 

സ്വാഭാവികമായും അവൾ, ആ പുതിയ ജീവിതവുമായി യോജിച്ച് പോകുവാൻ വേണ്ടി, പരിശ്രമിക്കുകയും, അതിനൊപ്പം അവൾക്ക് കിട്ടിയ ബന്ധങ്ങളും അനുഭവങ്ങളും ഹൃദയത്തിലേക്ക് എടുക്കുകയും ചെയ്യും. ഭർത്താവും, അവന്റെ ചുറ്റുപാടുകളും കൂട്ടുകാരും, പിന്നെ ഒരുമിച്ച് കരുപ്പിടിപ്പിക്കേണ്ടതായിട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ചിന്തകളിലും  പ്ലാനുകളിലും അവൾ മുഴുകും. ഇത്രയുംനാൾ തന്റെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്ന അമ്മയ്ക്ക് പഴയപോലെ മകളെ അടുത്ത് കിട്ടാതാകും. അമ്മമാരുടെ ജീവിതത്തിൽ പെട്ടെന്നൊരു ശൂന്യത വന്നു നിറയും.

സ്വന്തം മകളെ മിസ്സ് ചെയ്യുമെങ്കിലും പലപ്പോഴും അച്ഛന്മാരുടെ ജീവിതം അതുപോലെതന്നെ മുന്നോട്ടു പോകും. അച്ഛന് നഷ്ടപ്പെടുന്നത് വീട്ടിൽ  വളർന്നിരുന്ന ഒരു മകളാകുമ്പോൾ, അമ്മയ്ക്ക് നഷ്ടപ്പെടുന്നത് ഒരു മകളെ മാത്രമല്ല ഒരു കൂട്ടുകാരിയെ കൂടിയാണ്. പക്ഷേ അമ്മമാർ അവരുടെ ജീവിതത്തിൽ പെട്ടെന്ന് സംഭവിച്ച ഈ കാര്യത്തെ തരണം ചെയ്യുകയും, മുന്നോട്ടുപോകുകയും ചെയ്യും. പക്ഷേ ഇതിവിടെ പറയുമ്പോൾ അതിന്റെ കൂടെ പറയേണ്ട, ചിന്തിക്കേണ്ടതായ മറ്റൊരു കാര്യമുണ്ട്. ഈ കാര്യം കൂടുതൽ ശരിയാകുന്നത് ഇക്കാലത്തെ ന്യൂജനറേഷൻ പെൺകുട്ടികളുടെ കാര്യത്തിലാണ്.

ഒരു പെൺകുട്ടി സ്വന്തം അച്ഛനെ പൂർണ്ണമായും മനസ്സിലാക്കുന്നത് അവളുടെ കല്യാണത്തോട് കൂടിയാണ്.  ഒരു പുരുഷൻ തന്റെ ജീവിതത്തിലേക്ക് ഇണയായി കടന്നുവരുമ്പോഴാണ്, അവൾ സ്വന്തം അച്ഛനെ  'rediscover' ചെയ്യുന്നത്. സ്വന്തം അച്ഛന്റെ സ്വഭാവ ഗുണങ്ങളെ അവൾ അപ്പോൾ തിരിച്ചറിയും, അച്ഛൻ ചെയ്ത ത്യാഗങ്ങളെ മനസ്സിലാക്കും. എന്നാൽ ഒരു ന്യൂജനറേഷൻ പെൺകുട്ടി സ്വന്തം അമ്മയെ പൂർണമായി മനസ്സിലാക്കുന്നത്, അവളുടെ സ്വന്തം പെൺകുട്ടികൾ ടീനേജ് കഴിഞ്ഞ് പ്രായപൂർത്തിയിലേക്ക് എത്തുമ്പോൾ മാത്രമായിരിക്കും. 

അമ്മയെന്ന കൂട്ടുകാരിക്ക് അപ്പുറം, അമ്മയെന്ന അമ്മയെ, പെൺകുട്ടികൾ മനസ്സിലാക്കാൻ കുറച്ചു വർഷങ്ങൾ എടുക്കും. എന്റെ അമ്മ  എന്ത് സൂപ്പർ അമ്മയാണെന്ന് പെൺകുട്ടികൾ താമസിച്ചു മാത്രമേ മനസ്സിലാക്കുകയുള്ളൂ. അതുവരെ സ്വന്തം അമ്മ പെൺകുട്ടികൾക്ക് ഒരു അടുത്ത കൂട്ടുകാരി മാത്രമായിരിക്കും. അതെ, അമ്മയായി മനസ്സിലാക്കപ്പെടാൻ ന്യൂജനറേഷൻ പെൺകുട്ടികളുടെ അമ്മമാർക്ക് ഒരു നീണ്ട കാത്തിരിപ്പുണ്ട്. ഇപ്പോൾ പെൺകുട്ടികളുള്ള അമ്മമാർ ഇത് അവരുടെ ഹൃദയത്തിൽ അറിയേണ്ടതുണ്ട്... ഇപ്പോൾ കല്യാണം കഴിച്ചു പോകുന്ന പെൺകുട്ടികൾ അത് മനസ്സിലാക്കേണ്ടതുമുണ്ട്'.

ഇതാണ് കുറിപ്പിലെ വരികൾ. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ പെൺകുട്ടികൾ മാത്രമുള്ള ധാരാളം ഭവനങ്ങളുണ്ട്. പെൺകുട്ടികൾ പ്രായപൂർത്തിയായ ശേഷം മാതാപിതാക്കൾ അവരെ വിവാഹം കഴിപ്പിച്ചു വിടാൻ ശ്രമിക്കുന്നത് വലിയൊരു ഭാരമായിട്ടാണ്. ഇതുവരെ തങ്ങൾ വളർത്തി വലുതാക്കിയവർ ഇനി എന്നും തങ്ങളുടെ അടുത്തുണ്ടാകില്ലല്ലോ എന്ന ചിന്തയിൽ. ഇത് അവർക്ക് വളരെ വേദന സൃഷ്ടിക്കുന്നു. ഈ യാഥാർത്ഥ്യം പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുപോകുന്ന ആണുങ്ങളും അവരുടെ കുടുംബങ്ങളും കാണാതെ പോകരുത്.

#singlemothers #emotionalhealth #family #society #womenempowerment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia