A K Balan | പുതുപ്പള്ളിയില്‍ പരാജയം സമ്മതിച്ച് എല്‍ഡിഎഫ്; ഇടതുപക്ഷം ജയിച്ചാല്‍ ലോകാദ്ഭുതങ്ങളില്‍ ഒന്നെന്ന് സിപിഎം നേതാവ് എ കെ ബാലന്‍; ഉമ്മന്‍ചാണ്ടിയുടെ ആകെ ഭൂരിപക്ഷവും മറികടന്ന് കുതിച്ച് ചാണ്ടി

 


തിരുവനന്തപുരം: (www.kvartha.com) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പരാജയം സമ്മതിച്ച് എല്‍ഡിഎഫ്. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍ പറഞ്ഞു. 

പുതുപ്പള്ളിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോണ്‍ഗ്രസ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വച്ച മണ്ഡലത്തില്‍ അതുണ്ടാകുമോ എന്ന് നോക്കാമെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇതില്‍ അദ്ഭുതമൊന്നുമില്ലല്ലോ. 52 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ചൊരു മണ്ഡലം. ഒരു ഘട്ടത്തില്‍ 33,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചൊരു മണ്ഡലം. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതങ്ങളില്‍ ഒന്നാണ്. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണല്ലോ പറഞ്ഞത്. ഈ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണല്ലോ പറഞ്ഞത്. ഫലം വരട്ടേ, അപ്പോ കാണാമെന്ന് എ കെ ബാലന്‍ പറഞ്ഞു. 

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം തീര്‍ത്ത് ചാണ്ടി ഉമ്മന്റെ വമ്പന്‍ കുതിപ്പ്. പിതാവ് ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. 2021ല്‍ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരുപക്ഷം നല്‍കിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നല്‍കിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മന്‍ചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മന്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് സ്വന്തമാക്കി.

നാലാം റൗണ്ട് കഴിയുമ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് ആകെ ലഭിച്ച ഭൂരുപക്ഷത്തെയും മറികടന്ന് ലീഡ് കുത്തനെ ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ ബിജെപിക്ക് നിലംതെടാന്‍ പോലും സാധിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കുതിക്കുമ്പോള്‍ ബിജെപി ചിത്രത്തില്‍ പോലുമില്ല. ആദ്യ റൗണ്ടില്‍ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പ്രകാരം അഞ്ഞൂറില്‍ താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് ലഭിച്ചത്.

അയ്യാരിരത്തിലേറെ വോട്ടുമായി യുഡിഎഫ് വമ്പന്‍ കുതിപ്പാണ് ആദ്യ റൗണ്ടില്‍ നടത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം അകമഴിഞ്ഞ പിന്തുണയാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് നല്‍കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മന്‍ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം.

അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാന്‍ ചാണ്ടിക്ക് സാധിച്ചു. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയത്.

A K Balan | പുതുപ്പള്ളിയില്‍ പരാജയം സമ്മതിച്ച് എല്‍ഡിഎഫ്; ഇടതുപക്ഷം ജയിച്ചാല്‍ ലോകാദ്ഭുതങ്ങളില്‍ ഒന്നെന്ന് സിപിഎം നേതാവ് എ കെ ബാലന്‍; ഉമ്മന്‍ചാണ്ടിയുടെ ആകെ ഭൂരിപക്ഷവും മറികടന്ന് കുതിച്ച് ചാണ്ടി


 
Keywords: News, Kerala, Kerala-News, Politics, Politics-News, Puthuppally News, Kottayam News, By-election, UDF Candidate, Chandy Oommen, First Lead, A K Balan, CPM, UDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia