A K Balan | ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു; ഇത്രയും പരിഹാസ്യമായ വാര്‍ത്താ സമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല, ഇക്കാര്യം സംസ്ഥാന സര്‍കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും എ കെ ബാലന്‍

 


പാലക്കാട്: (www.kvartha.com) അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍കാരിനേയും മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം നേതാവ് എ കെ ബാലന്‍ രംഗത്ത്. 

A K Balan | ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു; ഇത്രയും പരിഹാസ്യമായ വാര്‍ത്താ സമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല, ഇക്കാര്യം സംസ്ഥാന സര്‍കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും എ കെ ബാലന്‍

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇത്രയും പരിഹാസ്യമായ ഒരു വാര്‍ത്താസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തോ തെളിവുമായി വന്ന് ഗവര്‍ണര്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് വിചാരിച്ചത്. കണ്ണൂര്‍ വി സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഭരണാഘടവിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടു, അതിന്റെ രേഖയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഏത് രേഖയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്? വി സി പുനര്‍നിയമനത്തിന്റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വകറ്റ് ജെനറലിനോട് നിയമോപദേശം തേടി. ആ ഉപദേശം ഗവര്‍ണര്‍ക്ക് കൈമാറി. അത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നത് എന്നും ബാലന്‍ ചോദിച്ചു.

നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നു പുനര്‍നിയമനമെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ നിയമനം അംഗീകരിച്ചുകൊടുത്തത്. അങ്ങനെയാണെങ്കില്‍ ആരാണ് കുറ്റക്കാരന്‍. ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചും ഫുള്‍ബെഞ്ചും ഇക്കാര്യത്തില്‍ യാതൊരു നിയമപ്രശ്നവുമില്ലെന്ന് പറഞ്ഞിട്ടും ഗവര്‍ണറുടെ സംശയം തീരുന്നില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

തന്നെ ആക്രമിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞു എന്നതായിരുന്നു ഗവര്‍ണറുടെ വാദം. അങ്ങനെയാണെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടേണ്ടേ.

ഗവര്‍ണര്‍ ഏത് ഫോടായാണ് വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കിയത്? ആ ഫോടോയില്‍ രാഗേഷ് അന്തസ്സോട് കൂടിയല്ലേ വേദിയിലിരുന്നത്. പുറത്തുവന്ന സമയത്ത് മുദ്രാവാക്യം വിളിക്കുന്നവരെയാണ് രാഗേഷ് തടഞ്ഞത്. അല്ലാതെ പൊലീസിനെ തടയുന്ന ഏതെങ്കിലും ദൃശ്യം കാണിക്കാന്‍ കഴിയുമോ എന്നും എ കെ ബാലന്‍ ചോദിച്ചു.

കണ്ണൂര്‍ ജില്ലയിലെ കൊലപാതകത്തിന് ഉത്തരവാദി സിപിഎം അല്ലേ, തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ട്. അതിന് എന്താ തകരാറ് - എന്നെല്ലാം ഗവര്‍ണര്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാകും നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ മുന്നോട്ടുപോക്കെന്നും അദ്ദേഹം ചോദിച്ചു.

Keywords: A K Balan Against Governor Arif Mohammad Khan, Palakkad, News, Politics, Criticism, Governor, Press meet, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia