Criticism | 'പാണക്കാടിന്റെ യോഗ്യതയെ അളക്കാനും കുറിക്കാനും ഫൈസിക്ക് എന്നല്ല ഒരാൾക്കും യോഗ്യതയില്ല'; ഒരു ഹിന്ദു സഹോദരന്റെ വൈറൽ കുറിപ്പ്
● ഉമർ ഫൈസിയുടെ വിമർശനത്തെ പ്രതിരോധിച്ച് അഡ്വ. ഗിരീഷ് പ്രതികരിച്ചു.
● ഫൈസിയുടെ പ്രസ്താവനയിൽ കടുത്ത പ്രതികരണം.
● 'പാണക്കാട് കുടുംബത്തെ സ്നേഹിക്കുന്നവരിൽ മറ്റ് മതങ്ങളിലുള്ളവരും'.
സോണി കല്ലറയ്ക്കൽ
(KVARTHA) മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പരോക്ഷമായി അതിരൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയതാണ് പൊതുസമൂഹത്തിൽ ചർച്ചയായിരിക്കുന്നത്. പാണക്കാട് സാദിഖലി തങ്ങളെ പിന്തുണച്ചും ഉമർ ഫൈസിയെ കടുത്ത ഭാഷയിൽ വിമർശിച്ചും ധാരാളം പേർ സോഷ്യൽ മീഡിയയിലും മറ്റും രംഗത്തുവരുന്നുണ്ട്. 'തനിക്ക് ഖാസി ആകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ, ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണയും നൽകുന്നു', എന്നാണ് ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം.
യോഗ്യത ഇല്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖാസിയാകാൻ ഇസ്ലാമിക നിയമങ്ങൾ ഉണ്ട്. അത് പാലിക്കാതെ പലരും ഖാസി ആകുന്നുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയുമെന്നും ഉമർ ഫൈസി മുക്കം അറിയിച്ചു. ആരെയും പേടിച്ചിട്ടല്ലെന്നും ജനങ്ങൾക്ക് ഇടയിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്തക്ക് എതിരെ പലതും ആഘോഷിക്കുന്നുണ്ട്. സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത് അംഗീകരിക്കുന്നില്ല. സമസ്തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നതെന്നും ഉമർ ഫൈസി കുറ്റപ്പെടുത്തി.
ചിലർ അതിരുവിട്ടു പോകുന്നുണ്ട്, കരുതി ഇരുന്നോളൂ, തങ്ങൾ വേണ്ടിവന്നാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും ഉമര്‍ ഫൈസി പ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു. ഖാസി ഫൗണ്ടേഷൻ എന്ന് ഇതിന് മുന്‍പ് കേട്ടിട്ട് ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ചു പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്ക് നല്ലതാണെന്നും ചൂണ്ടിക്കാട്ടി. മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.
പാണക്കാട് തങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന മുക്കം ഉമ്മർ ഫൈസി ആർക്ക് വേണ്ടിയാണ് പ്രസ്താവന നടത്തിയതെന്ന് അന്നം തിന്നുന്നവർക്ക് മനസ്സിലാവുമെന്നാണ് മുസ്ലിം ലെഗ് അനുഭാവികൾ വിമർശിക്കുന്നത്. ഇതാണ് ഇപ്പോൾ പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന അഭിപ്രായം. ഈ അവസരത്തിൽ ഉമർ ഫൈസിക്ക് സ്നേഹത്തോടെ ഒരു ഹിന്ദു സഹോദരൻ എഴുതിയ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'പ്രിയപ്പെട്ട ഉമ്മർ ഫൈസി. നിങ്ങളെ കുറിച്ച് എനിക്ക് വലിയ പരിചയമില്ല. എന്റെ അറിവ് കുറവ് കൊണ്ടാകാം. പക്ഷേ ഫൈസി പാണക്കാട് തങ്ങളെ വിമർശിച്ചതായി പലവാർത്തകളും കണ്ടു. ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്താം. എന്റെ പേര് ഗിരീഷ്. ഒരു അഭിഭാഷകനാണ്. മലപ്പുറത്ത് താമസം. അതിനപ്പുറം, പാണക്കാട് തങ്ങളെ കണ്ട് മുസ്ലിം ലീഗിൽ മെംബർഷിപ്പ് എടുത്ത ഒരാൾ. ഫൈസി…. താങ്കൾ ഉന്നയിച്ച വിമർശനത്തിന്റെ ആഴത്തിലുള്ള അറിവ് എനിക്കില്ല. ആ വിമർശനവും യോഗ്യതയും നിങ്ങൾ തന്നെ ചർച്ച ചെയ്തോളൂ.
പക്ഷേ, പാണക്കാടിന്റെ യോഗ്യതയെ അളക്കാനും കുറിക്കാനും ഫൈസിക്ക് എന്നല്ല ഒരാൾക്കും യോഗ്യതയില്ലെന്ന് തുറന്നെഴുതട്ടെ. അതിന് കാരണവുമുണ്ട്. അവർക്ക് സമൂഹത്തിൽ അംഗീകാരം കൊടുത്തത് നിങ്ങളും ഞാനുമല്ല, ദൈവം തമ്പുരാനാണ്. ഫൈസി…. പാണക്കാടിനെ വിമർശിക്കുമ്പോൾ എതിർക്കാൻ ഞാനാരാണെന്ന ചോദ്യമുണ്ടാകും. ഞാനൊരു ഹിന്ദുവാണ്. ഞാൻ പാണക്കാട് തങ്ങളെ സ്നേഹിക്കുന്ന ഹിന്ദുവാണ്. ആ തറവാടിന്റെ അരിക് പറ്റി ജീവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളിലെ ഒരാൾ.
പാണക്കാട് പോകുമ്പോൾ പലപ്പോഴും തിരക്കായിരിക്കും അവിടെ. പക്ഷേ കാത്തിരിക്കും. ആ മുഖമൊന്ന് കാണാൻ. ചുംബിക്കാൻ. ആ പുഞ്ചിരി കാണാൻ. ഫൈസി…. എന്നെപ്പോലേഴുള്ള അനേകം ഹിന്ദുക്കളുടെ കൂടെ തമ്പുരാനെയാണ്, ഞങ്ങളുടെ തങ്ങൾ തമ്പ്രാനെയാണ് താങ്കൾ കൊത്തിവലിച്ചത്. ഫൈസി…. 'ഉമർ' ഒരു പരിപാവന പേരാണ് എന്നറിയാം. ഫൈസി ആ പേരിന് അപവാദം ഉണ്ടാക്കരുത്. ഫൈസി… നിങ്ങൾക്ക്, നിങ്ങളുടെ സമുദായത്തിന് മുറ്റത്തെ മുല്ലയാണ് പാണക്കാട്. എന്ന് കരുതി അതങ്ങ് പറിച്ചിടാൻ ശ്രമിക്കരുത്. അതിന് കഴിയുകയുമില്ല. അങ്ങനെ ശ്രമിച്ചാൽ, ആ കൈകൾ തടയാൻ ഞങ്ങളുണ്ടാകും. ഞങ്ങൾ മലയാളികൾ, അഡ്വ. ഗിരീഷ്'.
ഇതാണ് ആ കുറിപ്പ്. പാണക്കാട് കുടുംബത്തെ മത സാമൂഹ്യ രാഷ്ട്രിയത്തിന് അതീതമായി കേരളീയ ജനത സ്നേഹിക്കുന്നു എന്നതിൻ്റെ തെളിവാണ് ഒരു ഹിന്ദു സമുദായത്തിൽപ്പെട്ട ഒരാൾ എഴുതിയ ഈ കുറിപ്പ്. മുസ്ലിങ്ങൾ മാത്രമല്ല എല്ലാ മതത്തിൽപ്പെട്ടവരും പാണക്കാട് കുടുംബത്തിന് വലിയ വില കൽപ്പിക്കുന്നു എന്നതിന് ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത്. പാണക്കാട് കുടുംബത്തിൻ്റെ പൊതുസമൂഹത്തിലെ സ്വീകാര്യതയെ കണ്ടില്ലെന്ന് നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാകും.
പഠിപ്പും വിവരവുമുണ്ടന്ന് പറഞ്ഞതോണ്ടായില്ല. ചിന്താ ശക്തി, വിവേകബുദ്ധി എന്നൊന്നുണ്ട്. അത് ചിലരിൽ കാണുന്നില്ല എന്നാണ് വിമർശകർ പറയുന്നത്. ഒരു സമുദായത്തെ നശിപ്പിക്കാൻ ചിലർ കരുതിക്കൂട്ടി പണിയെടുക്കുന്നത് കുറച്ചു നാളായി നമ്മൾ കണ്ടുവരുന്നതാണ്. അവർക്ക് ഒത്താശ ചെയ്യുന്ന നിലപാട് ആർക്കായാലും ഭൂഷണമല്ല.
#Panakkad #Faizi #ViralNote #KeralaNews #Unity #MalayalamNews