Tragedy | 'പോത്തുകല്ല്' എന്ന ഗ്രാമത്തിലേക്ക് പ്രളയം ചവച്ചരച്ച് കൊണ്ടുവന്നത് ഒരുകൂട്ടം മനുഷ്യരെ; നൊമ്പരപ്പെടുത്തുന്ന ഓർമകൾ
ഒരുസമയത്ത് വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു ഇവിടം. ഇന്ന് അത് ദുരന്തമുഖത്തിന് സാക്ഷിയായി മാറുന്നു
സോണി കല്ലറയ്ക്കൽ
(KVARTHA) അപര വേദന സ്വന്തമാവുമ്പോൾ ദുർഘടങ്ങൾ താനേ വഴി മാറും. വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ധാരാളം പേർ ചികിത്സയും മറ്റുമായി ഹോസ്പിറ്റലിൽ കഴിയുന്നു. പലർക്കും വീടും സ്ഥലവും ഒക്കെ നഷ്ടപ്പെട്ട കാഴ്ച നമ്മുടെ മനസ്സിനെപ്പോലും ഞെട്ടിച്ച സംഭവം ആയിരുന്നു. ഉറ്റവരും ഇടയവരും എല്ലാം നഷ്ടപ്പെട്ട കുറച്ച് മനുഷ്യർ ഇപ്പോഴും ആ ദുരന്തഭൂമിയിൽ ജീവിക്കുന്നു എന്നതാണ് സത്യം. അവർക്ക് കൈത്താങ്ങായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം പേരാണ് ആ ദുരന്തമുഖത്തേയ്ക്ക് ഓടിയെത്തിയത്.
ചില ജില്ലകളിൽ നിന്നുള്ളവർ വയനാട്ടിൽ തങ്ങൾക്കുള്ള സ്ഥലങ്ങൾ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പതിച്ചുകൊടുക്കാമെന്ന് പറയുന്നതും നമ്മളൊക്കെ വാർത്തകളിൽ കേൾക്കുന്നു. ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലാതെ വയനാട് ദുരന്തഭൂമിയിലെത്തി ദുരന്തബാധിതർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കാൻ തയാറായ എല്ലാവരും അഭിനന്ദനത്തിന് അർഹരാണ്. വാക്കുകളിലൊതുങ്ങാത്ത പരസ്നേഹ മാതൃകയുമായി രംഗത്തെത്തി ഇവർ ഓരോരുത്തരും എന്നത് ഒരിക്കലും വിസ്മരിക്കാനാവില്ല. ഇങ്ങനെയുള്ളവർ തന്നെയാണ് ഈ നാടിൻ്റെ നല്ലെട്ട്.
വയനാട് ദുരന്തം ഉണ്ടായശേഷം ജീവനറ്റ മനുഷ്യരുമായി ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി എന്നും, പോത്തുകല്ലിൽനിന്ന് മൃതദേഹം കണ്ടെത്തിയെന്നും ഈ അവസരത്തിൽ നിരന്തരം വാർത്തകൾ കണ്ടിരുന്നു. ഒരുസമയത്ത് വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു ഇവിടം. ഇന്ന് അത് ദുരന്തമുഖത്തിന് സാക്ഷിയായി മാറുന്നു. ഈ സമയത്ത് പോത്തുകല്ലിനെക്കുറിച്ച് ഒരു ഓർമ്മകുറിപ്പ് എഴുതിയിരിക്കുകയാണ് ജസ്റ്റിൻ പെരേര എന്ന വ്യക്തി. അദ്ദേഹത്തിന് ഒരിക്കലും ചിന്തിക്കാൻ പറ്റുമായിരുന്നില്ല വയനാട്ടിലെ ഈ ദുരന്തം. അദ്ദേഹം അത്രമാത്രം വയനാടിനെയും 'പോത്തുകല്ല്' എന്ന ഗ്രാമത്തേയും ഒക്കെ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന് പറയാം.
ജസ്റ്റിൻ പെരേരയുടെ കുറിപ്പ്:
'രണ്ടു ദിവസമായി മനസ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു. നമ്മെ സ്വാധീനിച്ച ചില സ്ഥലങ്ങളും, അവിടുത്തെ ജനങ്ങളും പെട്ടെന്നുണ്ടായ ഒരു പ്രകൃതിക്ഷോഭത്തിൽ പകച്ചുപോകുന്ന വാർത്തകൾ കാണുമ്പോൾ വല്ലാത്ത വിഷമം. നിലമ്പൂരിൽ പപ്പയുടെ വീട് മൊടപൊയ്ക എന്ന ചെറുഗ്രാമത്തിലാണ്. നിലമ്പൂർ - ഊട്ടി റോഡിൽ പാലാട് എന്ന ജംക്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് വടക്ക് ഭാഗത്തേയ്ക്ക് പോകുമ്പോൾ മൂന്ന് കിലോമീറ്റർ കഴിഞ്ഞാണ് മൊടപൊയ്ക. ചില ദിവസങ്ങളിൽ പുറത്തേയ്ക്കൊന്നും ഇറങ്ങാനുള്ള പദ്ധതിയില്ലെങ്കിൽ ഒരു പതിനൊന്ന് മണിയാകുമ്പോൾ, ഞാൻ കാറെടുത്ത് ചെറിയൊരു ഡ്രൈവിന് പോകും.
തിരക്കുള്ള റോഡുകൾ ഒഴിവാക്കി, വനപ്രദേശങ്ങളിലൂടെ ഡ്രൈവ് ചെയ്യാനാണ് എനിക്ക് താല്പര്യം. ചിലപ്പോൾ ആരെങ്കിലും എന്നോടൊപ്പം ഉണ്ടാവും. മൊടപൊയ്കയിൽ നിന്ന് പതിനഞ്ചു മിനിറ്റ് ഡ്രൈവ് ചെയ്താൽ 'മരുത' എന്ന സ്ഥലത്തെത്തും. അവിടെയാണ് മരുതക്കടവ്. അവിടെ മരുതപ്പുഴയും, ചെറിയൊരു പാലവും ഒക്കെയുണ്ട്. അവിടെ എത്തിയാൽ കാർ വശത്ത് പാർക്ക് ചെയ്ത് ഞാൻ പുഴക്കരയിൽ വെറുതെ പോയിരിക്കും. മക്കളൊക്കെ ചെറുതായിരിക്കുമ്പോൾ, അവരും അവരുടെ കസിൻസും ഒക്കെ മരുതപ്പുഴയിൽ ചാടി തിമിർക്കുമായിരുന്നു.
അവിടെ നിന്നും കാർ ഡ്രൈവ് ചെയ്ത് 'പോത്തുകല്ല്' എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് എത്തും. അതുവഴി ചാലിയാർ പുഴ ഒഴുകുന്നു. അവിടെ കുറച്ചു സമയം ചിലവഴിച്ച്, വീണ്ടും ഡ്രൈവ് ചെയ്ത് എടക്കര വഴി, പാലാട് എത്തി വീട്ടിലേയ്ക്ക് തിരിയുന്നു. 'പോത്തുകല്ല്' എന്ന സ്ഥലപ്പേര് ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ദുഃഖകരം. എത്ര തവണ ഇതുവഴിയൊക്കെ ഡ്രൈവ് ചെയ്തിട്ടുണ്ടെന്ന് ഓർമ്മയില്ല. മനോഹരമായ, പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ. പ്രകൃതിസൗന്ദര്യത്തേക്കാൾ, മനുഷ്യരുടെ സൗന്ദര്യമാണ് മികച്ചതെന്ന് നമുക്ക് തോന്നും.
പട്ടണവാസികളുടെ കപടമുഖങ്ങൾ ഇല്ലാത്ത തികച്ചും നിഷ്‌കളങ്കരായ മനുഷ്യരാണ് ഇവിടുത്തുകാർ. കാർ നിർത്തി പുറത്തിറങ്ങുമ്പോൾ തന്നെ 'എവിടുന്നാ? എങ്ങോട്ട് പോകുവാ?' എന്നൊക്ക നിഷ്കളങ്കമായി കുശലം അന്വേഷിക്കുന്ന മനുഷ്യർ. അവിടെ നിന്നുകൊണ്ട് ഗൂഗിൾ മാപ്പിൽ വയനാട് തിരയുമ്പോൾ, നമ്മുടെ മുന്നിലെ ചാലിയാർ പുഴയുടെ മറുകരയിൽ ഉയരങ്ങളിലേക്ക് പോകുന്ന മലയുടെ മുകൾഭാഗത്താണ് വയനാട്. നമ്മോട് കുശലം അന്വേഷിക്കുന്നവരോട് 'ചേട്ടാ... ഇതുവഴി വയനാട്ടിലേക്ക് പോകാൻ സാധിക്കുമോ? എന്ന് ചോദിക്കുമ്പോൾ, 'ഇല്ല സാർ, ഇത് കൊടുങ്കാടാണ് ഇതുവഴി പോകാൻ കഴിയില്ല. വഴിക്കടവ് വഴി, നാടുകാണി വഴി ചുറ്റി പോകണം. രണ്ടര മണിക്കൂർ എടുക്കും'.
ശരിയായ റോഡിലൂടെ പോകുമ്പോൾ രണ്ടോ മൂന്നോ മണിക്കൂർ യാത്രാസമയം വേണ്ടിവരുന്ന രണ്ടു പോയിന്റുകൾ! അവിടെനിന്നാണ് വെറും അഞ്ചുമിനിറ്റ് കൊണ്ട് കുറെ മനുഷ്യരെ കാട്ടിലൂടെ, പാറക്കെട്ടുകൾക്കിടയിലൂടെ, 'പോത്തുകല്ല്' എന്ന ഗ്രാമത്തിലേക്ക് ഒരു ഭ്രാന്തൻ പ്രളയം ചവച്ചരച്ച് കൊണ്ടുവന്നത്'.
ഒരുനിമിഷം മതി എല്ലാ സന്തോഷങ്ങളും കെട്ടടങ്ങാൻ
വയനാടിൻ്റെയും പോത്തുകല്ലിൻ്റെയും ഒക്കെ മനോഹാരിതയാണ് അദേഹം ഇതിൽ വിവരിക്കുന്നത്. എന്തു ചെയ്യാം. നമ്മൾ കരുതുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ ഒന്നും അല്ലല്ലോ കാര്യങ്ങൾ സംഭവിക്കുക. എല്ലാം ദൈവത്തിൻ്റെ കയ്യിൽ മാത്രമാണ് ഇരിക്കുന്നത്. ഒരുനിമിഷം മതി എല്ലാ സന്തോഷങ്ങളും കെട്ടടങ്ങാൻ, ഭംഗി മുഴുവൻ നശിക്കാൻ. അതിൻ്റെ ഉത്തമ ഉദാഹരണമാണ് വയനാട്ടിൽ കണ്ടത്. അതുപോലെ തകർച്ചയിൽ നിന്ന് സൗഭാഗ്യം കൈവരാനും ഒരു നിമിഷം മതിയെന്നും ഓർക്കുക. അതിനാൽ മനുഷ്യനിലെ അഹങ്കാരം വിട്ടൊഴിയാം. ദൈവത്തിന് മുന്നിൽ വിനീതരാകുക. നമുക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൻ്റെ ദാനമാണെന്ന് ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോകാൻ ഏതൊരാൾക്കും കഴിയട്ടെ.