Gold Buyers | സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

 


കൊച്ചി: (KVARTHA) സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ പലര്‍ക്കും ഒരു വേവലാതി ഉണ്ടാകാറുണ്ട്. അത് മറ്റൊന്നുമല്ല, ശുദ്ധമായ സ്വര്‍ണമായിരിക്കുമോ, അളവില്‍ വ്യത്യാസമുണ്ടാകുമോ പണം തികയുമോ എന്നൊക്കെയുള്ള ചിന്തകളാകാം. എന്നാല്‍ അറിയേണ്ട ഒരു കാര്യമുണ്ട്. സ്വര്‍ണം വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ ഇന്നത്തെ കാലത്ത് സാധ്യത കൂറവാണ്. ജ്വലറി ഉടമകള്‍ എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നതാണ് അതിന് കാരണം. എങ്കിലും സ്വര്‍ണം വാങ്ങുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അതിന് കാശൊന്നും കൊടുക്കേണ്ടതില്ലല്ലോ.

Gold Buyers | സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

സാധാരണയായി എന്തെങ്കിലും വിശേഷാവസരങ്ങളോടനുബന്ധിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാറുള്ളത്. വിവാഹമോ പിറന്നാളോ ആനിവേഴ്‌സറികളോ ഒക്കെ വരുമ്പോഴായിരിക്കും ഇത്തരത്തില്‍ ധൃതിപിടിച്ച് സ്വര്‍ണം വാങ്ങുന്നത്. എന്നാല്‍ അപ്പോഴും സ്വര്‍ണത്തിന്റെ പരിശുദ്ധിയേക്കുറിച്ചോ ഗുണനിലവാരത്തെക്കുറിച്ചോ ഒന്നും ഓര്‍ക്കാറില്ല.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ അതില്‍ മൂന്നു തരത്തിലുള്ള ചിഹ്നങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇതില്‍ ആദ്യത്തേത് ബി ഐ എസ് ലോഗോ ആയിരിക്കും. രണ്ടാമത്തേത് സ്വര്‍ണത്തിന്റെ പരിശുദ്ധിയെ വെളിപ്പെടുത്തുന്നതാണ്. മൂന്നാമത്തെ ചിഹ്നമാകട്ടെ എച് യു ഐ ഡി(HUID) ആണ്. സ്വര്‍ണം വാങ്ങും മുന്‍പ് നിങ്ങള്‍ ഉറപ്പായും ഈ ചിഹ്നങ്ങള്‍ പരിശോധിക്കേണ്ടതാണ്.

ഇനി എന്താണ് എച് യു ഐ ഡി എന്ന് നോക്കാം. ഹോള്‍മാര്‍ക് യുണീക് ഐഡന്റിഫികേഷന്‍ എന്നാണ് ഇതിന്റെ പൂര്‍ണ രൂപം. ഒരു ആല്‍ഫാ ന്യൂമറിക് കോഡ് ആണ് ഇത്. ഹോള്‍മാര്‍കിംഗ് സമയത്ത് എല്ലാ ആഭരണങ്ങളിലും HUID നമ്പര്‍ നല്‍കും. ഓരോ ആഭരണത്തിനും വ്യത്യസ്തമായ നമ്പറാണ് ഉണ്ടായിരിക്കുക. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പു വരുത്താം.

കൂടാതെ ആഭരണങ്ങളുടെ പരിശുദ്ധി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനും ഇത് നിര്‍ണായകമാണ്. ജ്വലറികളുടെയോ മറ്റാരുടേയുമോ സഹായമില്ലാതെ തന്നെ ഹോള്‍മാര്‍ക് ചെയ്ത ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ പരിശോധിക്കുന്നതിനും ഇത് ഉപകാരപ്പെടും.

സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

*പരിശുദ്ധി

24 കാരറ്റ് ആണ് സ്വര്‍ണത്തിന്റെ ഏറ്റവും മികച്ച പരിശുദ്ധി. മറ്റു ലോഹങ്ങളൊന്നും ചേരാത്ത 99.99 ശതമാനം ശുദ്ധസ്വര്‍ണമാണ് 24 കാരറ്റ് സ്വര്‍ണം. പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുളളതുകൊണ്ട് 24 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ ഉണ്ടാക്കാറില്ല. ചേര്‍ക്കുന്ന ലോഹങ്ങളുടെ അളവിനനുസരിച്ച് 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുളള സ്വര്‍ണമാണ് ഇന്‍ഡ്യയില്‍ കിട്ടുന്നത്.

ഹോള്‍മാര്‍കിംഗ് ഉള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതു വഴി സ്വര്‍ണത്തിന്റെ പരിശുദ്ധിയില്‍ ഉറപ്പ് ലഭിക്കുന്നു. ഹോള്‍മാര്‍കിംഗ് സ്‌കീമിന് കീഴില്‍ രാജ്യത്തെ ജ്വലറികള്‍ക്ക് സെര്‍ടിഫികേഷനുകളുണ്ട്. അങ്ങനെ സ്വര്‍ണം വാങ്ങുമ്പോള്‍ ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായി ഗുണ നിലവാരമുള്ള സ്വര്‍ണം വാങ്ങാനാകും.

* സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപമാര്‍ഗമല്ല


സ്വര്‍ണാഭരണങ്ങള്‍ ഒരിക്കലും ഒരു നിക്ഷേപമായി വാങ്ങരുത്. അങ്ങനെ ചെയ്താല്‍ പണിക്കൂലിയുടെ കാര്യത്തില്‍ നല്ല നഷ്ടം വരും. സ്വര്‍ണം ആഭരണമാക്കി മാറ്റുമ്പോള്‍ സ്വര്‍ണപ്പണിക്കാര്‍ക്കുളള കൂലിയും കട്ടിങ്, പോളിഷിങ് തൊഴിലാളികള്‍ക്കുളള വേതനവും മറ്റു ചെലവുകളുമാണ് പണിക്കൂലിയായി ഈടാക്കുന്നത്. സ്വര്‍ണ നാണയങ്ങളും ബിസ്‌കറ്റുമാണ് നിക്ഷേപം എന്ന നിലക്ക് അനുയോജ്യം.

*ബി ഐ എസ് ഹോള്‍മാര്‍ക്


ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബി ഐ എസ് ഹോള്‍മാര്‍ക് ഉള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍. ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ് ഹോള്‍ മാര്‍ക് ചെയ്യാന്‍ അധികാരമുള്ള ഏക അഗീകൃത ഏജന്‍സി. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് ഇന്‍ഡ്യയില്‍ സ്വര്‍ണ വില മാറുന്നത്. പക്ഷേ ന്യൂഡല്‍ഹി, ചെന്നൈ തുടങ്ങിയ പല നഗരങ്ങളിലും സര്‍ണവില പലതാണ്. ചെന്നൈയിലെ സ്വര്‍ണവില ന്യൂഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ്. ഒരുപാട് സ്വര്‍ണം വാങ്ങുന്ന അവസരങ്ങളില്‍ മുംബൈ നല്ല ഒരു ഓപ്ഷന്‍ ആയിരിക്കും.

ജ്വലറികളിലെ ഹോള്‍മാര്‍കിംഗ് പരിശോധനയ്ക്കായി രാജ്യത്തെ വിവിധ ജില്ലകളിലായി അസൈയിംഗ് ആന്‍ഡ് ഹോള്‍മാര്‍കിംഗ് കേന്ദ്രങ്ങളുണ്ട്. ജ്വലറികളില്‍ നിര്‍മിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഹോള്‍മാര്‍കിംഗ് മുദ്ര പതിപ്പിക്കുന്നത് ഇവിടെയാണ്.

നിലവില്‍ രാജ്യത്ത് ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു അസൈയിംഗ് ആന്‍ഡ് ഹോള്‍മാര്‍കിംഗ് കേന്ദ്രമെന്ന നിലയില്‍ 256 സെന്ററുകളുണ്ട്. രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഹോള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കി അടുത്തിടെ കേന്ദ്ര സര്‍കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

* സമ്പാദിക്കാന്‍


ആഭരണങ്ങള്‍ സമ്പാദ്യമാര്‍ഗമായി സ്വീകരിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. സ്വര്‍ണം നിക്ഷേപിക്കാന്‍ അനുയോജ്യമായ നിരവധി മാര്‍ഗങ്ങളുണ്ട്. സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇ റ്റി എഫ്. ഗോള്‍ഡ് തുകകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലും നിക്ഷേപം നടത്താം.

* ഏത് ജ്വലറിയില്‍ നിന്ന് വാങ്ങണം

സ്വര്‍ണം വാങ്ങുമ്പോള്‍ വിശ്വാസ്യതയുള്ള ജ്വലറികളില്‍ നിന്നും വാങ്ങാം. ഹോള്‍മാര്‍ക് ഉള്ള മുന്‍നിര ജ്വലറികളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണ്. മാത്രമല്ല വില്പനാനന്തര സേവനങ്ങളും ലഭ്യമാകും.

Keywords: A Buying Guide For Gold Jewlery: 5 Things To Keep In Mind, Kochi, News, Gold, Jewlery, Business Tips, BIS, Hall Mark, Investment, Warning, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia