Charity | വീടില്ലാത്തവർക്ക് തണൽ; 340-ാമത്തെ സ്നേഹഭവനവും പൂർത്തിയാക്കി സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ


● 2005-ൽ ആരംഭിച്ച സേവന യാത്ര ഇന്നും തുടരുന്നു.
● അനേകം വ്യക്തികളുടെയും സംഘടനകളുടെയും സഹായം ലഭിക്കുന്നു.
● കാതോലിക്കേറ്റ് കോളേജിലെ അധ്യാപകയായിരുന്നു.
● വിരമിച്ച ശേഷം മുഴുവൻ സമയവും സേവനത്തിനായി ഉഴിഞ്ഞുവെച്ചു.
പത്തനംതിട്ട: (KVARTHA) വീടില്ലാത്തവർക്ക് തണലേകി 340-ാമത്തെ സ്നേഹഭവനവും പൂർത്തിയാക്കി സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ. സ്വന്തമായി ഒരു വീടെന്നത് പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ, നിർഭാഗ്യവശാൽ, ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്ത ധാരാളം ആളുകൾ സമൂഹത്തിലുണ്ട്.
അത്തൊരു സാഹചര്യത്തിൽ, ആരോരുമില്ലാത്തവർക്കും അടച്ചുറപ്പുള്ള ഒരു കൂര സ്വപ്നം മാത്രം കണ്ടവർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് ഡോ. എം എസ് സുനിൽ. മനസ്സിൽ നന്മ വറ്റാത്ത ഒരുപിടി നല്ല മനുഷ്യരുടെ സഹായത്തോടെ, ഡോ. എം എസ് സുനിൽ നിർമിച്ച് നൽകുന്ന വീടുകളുടെ എണ്ണമാണ് 340 പിന്നിടുന്നത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സുവോളജി വിഭാഗം മേധാവിയായിരിക്കെയാണ് ഡോ. എം.എസ്. സുനിലിന്റെ ഈ സേവന യാത്ര ആരംഭിക്കുന്നത്. 2005-06 കാലഘട്ടത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസറായിരിക്കെ, സ്വന്തമായി വീടില്ലാത്ത ഒരു വിദ്യാർത്ഥിനിക്ക് ഒരു വീട് നിർമ്മിച്ചു നൽകി.
എൻഎസ്എസ് വോളണ്ടിയർമാരുടെയും മറ്റു പലരുടെയും സഹായത്തോടെയാണ് ആദ്യത്തെ സ്നേഹവീട് ഉയർന്നത്.
2016-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം, ഡോ. എം എസ് സുനിൽ തന്റെ മുഴുവൻ സമയവും സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. ഭവനരഹിതർക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി വർഷങ്ങളായി ചെയ്യുന്ന സേവനങ്ങൾ അനേകർക്ക് പ്രചോദനമാണ്. ഈ പ്രവർത്തനങ്ങൾക്ക് നിരവധി വ്യക്തികളുടെയും സംഘടനകളുടെയും പ്രോത്സാഹനവും സഹായവും ലഭിക്കുന്നുണ്ട്.
പത്തനംതിട്ട അഴൂർ ആണ് സ്വദേശം. പ്രൊഫസറായും, സാമൂഹ്യ പ്രവർത്തകയായും, പരിസ്ഥിതി പ്രവർത്തകയായും ഡോ. എം എസ് സുനിൽ സജീവമാണ്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും, ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുകയും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും, ആദിവാസി വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും, നിരവധി ജീവകാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
തിരുവനന്തപുരത്തെ ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലും പാറശ്ശാലയിലെ ഗവ. ഗേൾസ് വൊക്കേഷണൽ എച്ച്എസ്എസിലും സുവോളജി ലക്‌ചററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗവ. കോളേജ് മടപ്പള്ളി, കോട്ടയം ബസേലിയസ് കോളേജ്, എലന്തൂർ ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങി നിരവധി കോളജുകളിൽ ടീച്ചിംഗ് ഫാക്കൽറ്റിയായി പ്രവർത്തിച്ചിട്ടുണ്ട്. 1995-ലാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സുവോളജി അസിസ്റ്റൻ്റ് പ്രൊഫസറായി ചേർന്നത്, 14 വർഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ഠിച്ചു.
2016-ൽ കാതോലിക്കേറ്റ് കോളജിൽ നിന്ന് സുവോളജി വിഭാഗം മേധാവിയായി വിരമിച്ച ശേഷം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഡിപ്പാർട്ട്‌മെൻ്റ് മേധാവിയായി സഹായിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ റിസർച്ച് ഗൈഡ് എന്ന നിലയിൽ, ഡോ. എംഎസ് സുനിൽ രണ്ട് പിഎച്ച്ഡികളും മൂന്ന് എംഫില്ലുകളും, അഞ്ച് പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും യുജിസിയുടെ (യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ) രണ്ട് ചെറിയ ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്തു.
രണ്ട് വർഷം എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ, റെഡ് റിബൺ ക്ലബ്ബിൻ്റെ (2006-2016) പ്രോഗ്രാം ഓഫീസർ, ബൂമിത്ര സേന ക്ലബ്ബിൻ്റെ ചുമതലയുള്ള ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ച ലീഡ് ബാങ്ക് എഫ്എൽസിസിയുടെ ഡയറക്ടർ ബ്രോഡ് അംഗമായും ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയിൽ അംഗമായും പ്രവർത്തിച്ചു. നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 2017-ൽ നാരി ശക്തി പുരസ്കാരം നൽകി രാജ്യം ആദരിച്ചു. സ്ത്രീകളുടെ നേട്ടങ്ങൾക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയാണിത്. എം എസ് സുനിലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ്, സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി. ഭർത്താവ് തോമസും മകൻ പ്രിൻസും പിന്തുണയുമായി ഒപ്പം നിൽക്കുന്നു.
ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കുക, നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുക.
Dr. M.S. Sunil, a social worker, has built 340 homes for the homeless. His journey of service, which began in 2005, continues to inspire many.
#Charity #SocialWork #Homelessness #Kerala #India #Humanity