80:20 ഹൈകോടതി വിധി; ആശങ്ക പ്രകടിപ്പിച്ച് വിവിധ മുസ്ലിം സംഘടന നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; 100% ആനുകൂല്യങ്ങളും ലഭിക്കാന്‍ നടപടിയെടുക്കണം; വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നപടി സ്വീകരിക്കണമെന്ന് ആവശ്യം

 


കോഴിക്കോട്: (www.kvartha.com 31.05.2021)  ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സംബന്ധിച്ച് കേരള ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വിവിധ മുസ്ലിം സംഘടന നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കേരള ഹൈകോടതി വിധിയോടെ മുസ്ലിം സമുദായത്തിന് അനര്‍ഹമായ പലതും ലഭിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മറ്റും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് വലിയ തോതില്‍ അസ്വസ്ഥത ഉണ്ടാക്കുകയും സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുകയും ചെയ്‌തുവെന്നും നേതാക്കൾ പറഞ്ഞു.

80:20 ഹൈകോടതി വിധി; ആശങ്ക പ്രകടിപ്പിച്ച് വിവിധ മുസ്ലിം സംഘടന നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; 100% ആനുകൂല്യങ്ങളും ലഭിക്കാന്‍ നടപടിയെടുക്കണം; വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നപടി സ്വീകരിക്കണമെന്ന് ആവശ്യം

വിധി ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുക, മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട 100% ആനുകൂല്യങ്ങളും ലഭിക്കാന്‍ നടപടി സ്വീകരിക്കുക, സംസ്ഥാനത്ത് മദ്രസ അധ്യാപകര്‍ക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സര്‍കാര്‍ വിതരണം ചെയ്യുന്നു എന്നത് ഉള്‍പെടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന തെറ്റായ പ്രചരണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുക, വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നപടി സ്വീകരിക്കുക, മുസ്ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സംവരണം ഉള്‍പെടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും മറ്റും വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങൾ നേതാക്കൾ മുഖ്യമന്ത്രിയോട് ഉന്നയിച്ചു.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും മറ്റും ബഹുദൂരം പിന്നിലായ രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പഠനങ്ങള്‍ നടത്തി നിര്‍ദേശങ്ങള്‍ സമര്‍പിക്കുന്നതിന് അത്തെ കേന്ദ്രസര്‍കാര്‍ നിയമിച്ച ജസ്റ്റിസ് രജീന്ദ്രസിംഗ് സചാര്‍ കമീഷന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കേന്ദ്രസര്‍കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍കാറുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍കാര്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിശ്ചയിക്കുകയും പ്രസ്തുത സമിതി സചാര്‍ കമീഷന്‍ റിപോർടിന്റെ ചുവട് പിടിച്ച് ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സ്‌കോളര്‍ഷിപ് പദ്ധതിയില്‍ പിന്നീട് സര്‍കാറുകള്‍ 80:20 എന്ന അനുപാതത്തിലൂടെ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇത് പ്രകാരം സ്‌കോളര്‍ഷിപില്‍ 20% ലത്തീന്‍ കത്തോലിക, പരിവര്‍ത്തിത കൃസ്ത്യന്‍ എന്നീ വിഭാഗങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ 100% മുസ്ലിം വിഭാഗത്തിനു ലഭിക്കേണ്ട ആനുകൂല്യം 20% നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി, കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ പ്രസിഡന്റ് സിപി ഉമ്മര്‍ സുല്ലമി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ടികെ അശ്‌റഫ്, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രടറി എ നജീബ് മൗലവി, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ജനറല്‍ സെക്രടറി വി എച് അലിയാര്‍ ഖാസിമി, എംഇഎസ് പ്രസിഡന്റ് ഡോ. പിഎ ഫസല്‍ ഗഫൂര്‍, എം എസ് എസ് ജനറല്‍ സെക്രടറി ടി കെ. അബ്ദുല്‍ കരീം, മെക്ക ജനറല്‍ സെക്രടറി എന്‍ കെ അലി എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.

Keywords:  Kerala, Kozhikode, High Court, Muslim, Social Media, V.S Achuthanandan, Panakkad Hyder Ali Shihab Thangal, 80:20 High Court judgment; Concerned, leaders of various Muslim organizations jointly submitted a petition to the Chief Minister.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia