50, 100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, സാധാരണക്കാര്‍ ദുരിതത്തില്‍

 


ഇടുക്കി: (www.kvartha.com 28.02.2018) എഗ്രിമെന്റുകള്‍ പോലുള്ള ഇടപാടുകള്‍ക്ക് ആളുകള്‍ കൂടുതലായി ആശ്രയിക്കുന്ന ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. എഗ്രിമെന്റുകള്‍, വാടകച്ചീട്ട്, വിവിധ സമ്മതപത്രങ്ങള്‍ എന്നിവയ്ക്ക് 200 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യം സര്‍ക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുതിന് മുദ്രപത്രങ്ങള്‍ക്കായി നിരവധി പേരാണ് സ്റ്റാമ്പ് വെന്‍ഡര്‍മാരുടെ ഓഫിസിലെത്തി മടങ്ങുന്നത്.

50, 100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, സാധാരണക്കാര്‍ ദുരിതത്തില്‍

സംസ്ഥാനത്തെ ട്രഷറികളില്‍ സ്‌റ്റോക്ക് തീര്‍ന്നതാണ് മുദ്രപത്ര ക്ഷാമത്തിനു കാരണം. അതേസമയം 100 രൂപയുടെ മുദ്രപത്രം ട്രഷറിയില്‍ സ്‌റ്റോക്ക് തീര്‍ന്നിട്ട് ഒരുമാസമായി. 50 രൂപയുടെ നാലു പത്രങ്ങള്‍ ഉപയോഗിച്ചാണ് 200 രൂപാ പേപ്പറിന്റെ ആവശ്യം നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയോടെ 50 ന്റെ പത്രങ്ങളുടെ സ്‌റ്റോക്കും തീര്‍ന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയായിരുന്നു. സര്‍ക്കാരില്‍നിന്നു സാമൂഹ്യക്ഷേമ പദ്ധതിയിലൂടെ ലഭിക്കേണ്ട നിരവധി ആനുകല്യങ്ങള്‍ക്ക് മുദ്രപത്രം നല്‍കാന്‍ സാധിക്കാത്തതിനാല്‍ സാധാരണക്കാര്‍ പ്രയാസപ്പെടുകയാണ്.

പിഎംഎവൈ പദ്ധതി, വീട് റിപ്പയറിങ്, കക്കൂസ് നിര്‍മാണം, ആട്, പശു എന്നിവയ്‌ക്കെല്ലാം അപേക്ഷിക്കുന്ന സമയമാണിത്. ഇതെല്ലാം അനുവദിച്ചു കിട്ടണമെങ്കില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങും കരാര്‍ ഉടമ്പടിയും എഴുതി നല്‍കേണ്ടതുണ്ട്.

കെ.എസ്.ഇ.ബി കണക്ഷനുവേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തില്‍ ബില്‍ഡിങ് പെര്‍മിറ്റിനു നല്‍കേണ്ട ബോണ്ട്, സത്യവാങ്ങ്മൂലം, ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തല്‍ എന്നിവക്കെല്ലാം 100 രൂപയുടെ മുദ്രപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ എപ്പോള്‍ ലഭിക്കുമെന്ന കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. നാസിക്കിലുള്ള സര്‍ക്കാര്‍ പ്രസ്സില്‍ നിന്നുമാണ് സംസ്ഥാനത്തിനാവശ്യമായ മുദ്രപത്രങ്ങള്‍ എത്തിക്കുന്നത്. സംസ്ഥാനത്തെ ട്രഷറികളില്‍ മുദ്രപത്രം സ്‌റ്റോക്ക് തീരുന്ന മുറയ്ക്ക് പത്രം എത്തിക്കാന്‍ നടപടി കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ കടുത്ത ക്ഷാമത്തിനു കാരണം ആയിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാരാകട്ടെ ഈ അവസരത്തെ മുതലാക്കാനാണ് ശ്രമിക്കുന്നതും. 50, 100, 200, രൂപയുടെ മുദ്രപത്രങ്ങള്‍ക്കു പകരം 500 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതമാകുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ഇരട്ടി വരുമാനം ലഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്.

Keywords:  Kerala, Idukki, News, 50, 100 stamp paper not in vendor custody 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia