Accidental Death | ഖത്വറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളിയായ 4 വയസ്സുകാരിക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം
Sep 12, 2022, 12:13 IST
കോട്ടയം: (www.kvartha.com) ഖത്വറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളിയായ നാലു വയസ്സുകാരിക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം. കടുത്ത ചൂടിനെത്തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്. ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് മരിച്ചത്. ദോഹ അല്‍വക്രയിലെ ദി സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ടനിലെ കെജി1 വിദ്യാര്‍ഥിനിയാണ്.
രാവിലെ സ്‌കൂള്‍ ബസില്‍ പോയ കുട്ടി ബസിനുള്ളില്‍ സീറ്റില്‍ ഉറങ്ങിപ്പോയി. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക് ചെയ്തു പോവുകയായിരുന്നു. ഖത്വറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളില്‍ കുട്ടി കിടക്കുന്നതു ജീവനക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വര്‍ഷങ്ങളായി ഖത്വറിലാണ് താമസിക്കുന്നത്. ഖത്വര്‍ ലോകകപുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്‌തെന്നാണ് പ്രാഥമിക വിവരങ്ങള്‍. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
അല്‍ വക്ര ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ടം ഉള്‍പെടെയുള്ള നടപടികള്‍ക്കു ശേഷം മിന്‍സയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിന്‍സയുടെ സഹോദരി മീഖ എംഇഎസ് ഇന്‍ഡ്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Keywords: 4-yr-old girl dies inside school bus in Qatar on birthday, Kottayam, News, Birthday, Dead, Girl, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.