Arrested | കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായും 4 യുവാക്കള്‍ അറസ്റ്റില്‍


കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു
അന്താരാഷ്ട്ര മാര്‍കറ്റില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് കണ്ടെടുത്തത്
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ വന്‍ മയക്കുമരുന്ന്, ലഹരി ശേഖവുമായി നാല് യുവാക്കളെ ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചത് പ്രകാരമാണ് ധര്‍മടം പൊലീസ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ റെയ്ഡ് നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ബംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് തലശേരി മേഖലയില്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നിരീക്ഷണം ശക്തമാക്കിയത്.
തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കളാണ് അറസ്റ്റിലായത്. നൗഫല്‍, സല്‍സബീര്‍, ശമ്മാസ്, സഫ്വാന്‍ എന്നിവരെയാണ് ധര്‍മടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നും 47-ഗ്രാം എംഡിഎംഎയും രണ്ടുകിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം മിനി സ്റ്റേഡിയം റോഡിലെ ആസിയാ എന്ന വീട്ടില്‍ നിന്നാണ് മയക്കുമരുന്നുമായി നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തത്. വെളളിയാഴ്ച പുലര്‍ചെയാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ റെയ് ഡ് നടത്തിയത്. അന്താരാഷ്ട്ര മാര്‍കറ്റില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന എംഡിഎംഎയും രണ്ടുകിലോ കഞ്ചാവുമാണ് പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത്.
ബംഗ്ലൂരില്‍ നിന്നുമാണ് ഇവര്‍ മയക്കുമരുന്നും കഞ്ചാവും എത്തിച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ തലശേരി മേഖലയില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന വന്‍സംഘത്തിലെ കണ്ണികളാണെന്ന് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.