Adventure Sporting | പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ്, മൗണ്ടന്‍ സൈക്ലിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ് എന്നിവയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി കേരള ടൂറിസം; പിന്നില്‍ ഇക്കാര്യങ്ങളൊക്കെ

 
Kerala: 4 tourism hotspots to host adventure sporting events in 2024, Thiruvananthapuram, News, Tourism hotspots, Host adventure sporting events, Competition, Kerala News

പ്രദേശവാസികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചതിന് പുറമേ 3000 ത്തിലധികം സ്ഥിരജോലികള്‍ സൃഷ്ടിക്കാനും സാധിച്ചു

ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ട്


വാട്ടര്‍ സ്‌പോര്‍ട്‌സ് അഡ്വഞ്ചര്‍ ടൂറിസം പ്രമോട്ടര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് പദ്ധതികളുണ്ട്
 

തിരുവനന്തപുരം: (KVARTHA) പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ്, മൗണ്ടന്‍ സൈക്ലിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ് എന്നിവയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി കേരള ടൂറിസം.  ഒരു ഡസനോളം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സാഹസിക - കാംപിംഗ് വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ടൂറിസം വകുപ്പ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ പരമാവധി കേരളത്തിലേക്ക് എത്തിച്ച് ആഗോള സാഹസിക ടൂറിസം മേഖലയില്‍ കയ്യൊപ്പ് പതിപ്പിക്കുകയാണ് ലക്ഷ്യം.

 

23.5 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഈ വിഭാഗവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയ്ക്ക് വരുമാനമായി ലഭിച്ചത്. പ്രദേശവാസികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചതിന് പുറമേ 3000 ത്തിലധികം സ്ഥിരജോലികള്‍ സൃഷ്ടിക്കാനും സാധിച്ചു.
സാഹസിക വിനോദസഞ്ചാരം ഇപ്പോള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 

 

ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സ് അഡ്വഞ്ചര്‍ ടൂറിസം പ്രമോട്ടര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് പദ്ധതികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതായും ആവേശവും സാഹസികതയും ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കര സ്ഥലമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സ്, ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത് എന്നും മന്ത്രി വ്യക്തമാക്കി. കാംപിംഗ് - സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി  സംസ്ഥാന സര്‍കാര്‍ നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഏകദേശം 200 ആളുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 60 പേര്‍ ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഈ വര്‍ഷത്തെ ആദ്യ പരിപാടിയായ 'ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പറ്റീഷന്‍ 2024' മാര്‍ച്ച് 14 മുതല്‍ 17 വരെ ഇടുക്കിയിലെ വാഗമണില്‍ നടന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്‌പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രശസ്തരായ നൂറിലധികം ഗ്ലൈഡര്‍മാര്‍ പങ്കെടുത്തു. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, യു എസ്, യുകെ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മത്സരാര്‍ത്ഥികള്‍ എത്തിയത്.

മാര്‍ച്ച് മാസം വര്‍ക്കല ബീച്ചില്‍ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര  സര്‍ഫിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നടന്നത്. ആഗോള തലത്തില്‍ തന്നെ വാട്ടര്‍ സ്‌പോര്‍ട്‌സ് ഹബ്ബാകാന്‍ മികച്ച സാധ്യതയുള്ള കേരളം രാജ്യത്തെ പ്രധാന സര്‍ഫിംഗ് കേന്ദ്രമായി വളര്‍ന്ന് വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

'ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്' (എംടിബി കേരള- 2024) ഏഴാമത് എഡിഷന്‍ ഏപ്രിലില്‍ വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ പ്ലാന്റേഷനില്‍ നടന്നു. 25 രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിസ്റ്റുകള്‍ ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുത്തു.
  

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കോഴിക്കോടും മൂന്ന് ദിവസത്തെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരം ചാലിയാര്‍ നദിയിലും നടന്നു. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് ടൂറിസം വകുപ്പ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

സംഘാടന മികവും സന്ദര്‍ശകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് ജൂലൈ 25 മുതല്‍ 28 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia