Arrested | കണ്ണൂരിലെ ജ്വലറി ഉടമയില്‍ നിന്ന് 14 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പെടെയുള്ള നാലംഗ സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി മട്ടന്നൂര്‍ പൊലീസ്


'പണയത്തില്‍ നിന്നും സ്വര്‍ണമെടുക്കാനായി വാങ്ങിയ 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി പ്രതികള്‍'
'ബാങ്കിനുള്ളില്‍ ബന്ധുക്കള്‍ ഉണ്ട്, അവര്‍ കാണേണ്ട പുറത്തു നിന്നാല്‍ മതി എന്ന് പണം നല്‍കുന്ന വ്യക്തിയോട് പറഞ്ഞ ശേഷം പണവുമായി മറ്റ് വഴിയിലൂടെ മുങ്ങുന്നതാണ് ഇവരുടെ പ്രധാന മോഷണ രീതി'
കണ്ണൂര്‍: (KVARTHA) ജ്വലറി ഉടമയില്‍ നിന്ന് 14 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പെടെയുള്ള നാലംഗ സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി മട്ടന്നൂര്‍ പൊലീസ്. നഗരത്തിലെ ഐശ്വര്യ ജ്വലറി ഉടമ ദിനേശനെ തന്ത്രപരമായി കബിളിപ്പിച്ച് സ്വര്‍ണം പണയം വെച്ചിരിക്കുന്ന മട്ടന്നൂര്‍ എസ് ബി ഐ ബാങ്കില്‍ നല്‍കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ദമ്പതികള്‍ ഉള്‍പെടെയുള്ള നാലംഗ സംഘത്തെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ മട്ടന്നൂര്‍ സി ഐ സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അശറഫ് എന്ന മുഹമ്മദ് റാഫി (60), റസാഖ് (58), റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) എന്നിവരെയാണ് പൊലീസ് സമര്‍ഥമായി വലയിലാക്കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പണയത്തില്‍ നിന്നും സ്വര്‍ണമെടുക്കാനായി വാങ്ങിയ 14 ലക്ഷം രൂപ തുല്യമായി പങ്കുവെച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമാനമായ രീതിയില്‍ നിരവധി കബളിപ്പിക്കല്‍ ഇവര്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഭാര്യയെന്ന് പരിചയപ്പെടുത്തി പണം വാങ്ങുന്നത് റഹിയാനത്താണ്.
ബാങ്കിനുള്ളില്‍ ബന്ധുക്കള്‍ ഉണ്ട്, അവര്‍ കാണേണ്ട പുറത്തു നിന്നാല്‍ മതി എന്ന് പണം നല്‍കുന്ന വ്യക്തിയോട് പറഞ്ഞ ശേഷം പണവുമായി മറ്റ് വഴിയിലൂടെ മുങ്ങുന്നതാണ് ഇവരുടെ പ്രധാന മോഷണ രീതി. ഇതിനായി പ്രത്യേക മൊബൈല്‍ ഫോണും വാട്സ് ആപ് നമ്പറും പ്രതികള്‍ ഉപയോഗിച്ചിരുന്നു.
ജ്വലറി ഉടമകളെ ഫോണില്‍ വിളിച്ച് ബാങ്കില്‍ സ്വര്‍ണം വെച്ചിട്ടുണ്ട് അത് എടുക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട ശേഷം ഇവര്‍ ബാങ്കില്‍ എത്തുമ്പോള്‍ ജ്വലറി ഉടമയെ പരിചയപ്പെടുന്നത് റഹിയാനത്താണ്. പര്‍ദ ധരിച്ച് മുഖം മറച്ച ശേഷം പണം കൈപ്പറ്റി ബാങ്കിലേക്ക് എന്ന് പറഞ്ഞ് കയറിയ ശേഷം മറ്റ് വഴികളിലൂടെ രക്ഷപ്പെടുന്നതാണ് ഇവരുടെ മോഷണ രീതിയെന്നും പൊലീസ് പറഞ്ഞു.
മട്ടന്നൂര്‍ സി ഐ ബി എസ് സാജന്‍, എസ് ഐ മാരായ സിദ്ദീഖ്, അനീഷ് കുമാര്‍, എ എസ് ഐ മാരായ പ്രദീപന്‍, സുനില്‍ കുമാര്‍, സി പി ഒമാരായ സിറാഇദ്ദീന്‍, ജോമോന്‍, രഗനീഷ്, സവിത, ഹാരിസ് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ പ്രതികളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.