കാഞ്ഞങ്ങാട്: കുപ്രസിദ്ധകവര്ചക്കാരന് തമിഴ്നാട് തൂത്തുക്കൂടി സ്വദേശിയും കാഞ്ഞങ്ങാട് മുറിയനാവിയില്‍ താമസക്കാരനുമായ രാജുവെന്ന തങ്കരാജ് (59) 33 വര്‍ഷത്തെ 'കവര്‍ച ജീവിതത്തില്‍' സമ്പാദിച്ചത് 3.75 കോടിരൂപ. തങ്കരാജിന്റെ ജീവിതം കോടതി പരിസരങ്ങളിലാണ്. സ്ഥിരമായ തൊഴില്‍ മോഷണംതന്നെയാണ്. മോഷണം പ്രത്യേക രീതികളിലാണ്.
കഴിഞ്ഞ ദിവസം പാലക്കാട് കസബ പോലീസ് ചെന്നൈയില്‍ വെച്ച് പിടികൂടിയ രാജുവിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. സ്വര്‍ണവും പണവുമായി ഏതാണ്ട് മുന്നേമുക്കാല്‍ കോടിയുടെ കവര്‍ചകള്‍ നടത്തിയിട്ടുണ്ടെന്ന് രാജു പോലീസിനോട് സമ്മതിച്ചു. ഒറ്റയ്ക്ക് മോഷണം നടത്തുന്ന രീതിയാണ് രാജുവിന്റേത്. കവര്‍ച മുതലുകള്‍ വിറ്റ് കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലും കോടികളുടെ സ്വത്ത് സമ്പാദിച്ച രാജുവിനെ പോലീസ് വലയിലാക്കിയത് 24 വര്‍ഷം മുമ്പ് കൊച്ചി പോലീസ് ശേഖരിച്ച വിരലടയാളത്തിന്റെ സഹായത്തോടെയാണ്.
സംശയാസ്പദമായ സാഹചര്യത്തില്‍ കൊച്ചി പോലീസ് 24 വര്‍ഷം മുമ്പ് രാജുവിനെ പിടികൂടിയപ്പോള്‍ ശേഖരിച്ച വിരലടയാളമാണ് ഈ കുപ്രസിദ്ധ കവര്‍ചക്കാരനെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. ചന്ദ്രനഗറിലെ ഒരു വീട്ടില്‍ മോഷണം നടന്നപ്പോള്‍ ലഭിച്ച വിരലടയാളവും 24 വര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് ശേഖരിച്ച രാജുവിന്റെ വിരലടയാളവും തമ്മില്‍ സാമ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് കസബ പോലീസ് രാജുവിനെ സംശയിച്ചുതുടങ്ങിയത്. ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ വര്‍ഷങ്ങളോളം ഭാര്യ മുറിയനാവി കണ്ടന്‍കടവ് വീട്ടിലെ ചിന്താമണിയോടൊപ്പം തട്ടുകട നടത്തിയിരുന്നു രാജു.
കര്‍ണാടകയില്‍ ഒരു കവര്‍ചാ കേസില്‍ രാജു പിടിയിലായതോടെ ഈ തട്ടുകട കോടതി വളപ്പില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും സ്ഥലം വിട്ട രാജു കര്‍ണാടക ഉഡുപ്പി കോടതി പരിസരത്ത് തട്ടുകട തുറന്നിരുന്നു. കോടതി പരിസരം സുരക്ഷിത വലയമാക്കി രാജു നിരവധി കവര്‍ചകള്‍ നടത്തി വരികയായിരുന്നു. രാജു മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഭാര്യ ചിന്താമണി മുഖേനയാണ് വിറ്റഴിച്ചിരുന്നുവെന്ന് കസബ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ചാ കേസില്‍ ചിന്താമണിയെ കൂടി പ്രതിയാക്കും.
33 വര്‍ഷമായി രാജു മോഷണവും കവര്‍ച്ചയും നടത്തിവരികയായിരുന്നു. രാജുവിന്റെ കവര്‍ചാ രീതികളും സമ്പാദ്യവും പോലീസിനെ ശരിക്കും അമ്പരപ്പിച്ചു. കാഞ്ഞങ്ങാട് കോടതി സമുച്ചയത്തില്‍ നിന്ന് തട്ടുകട ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജു മംഗലാപുരത്തേക്കും ഉഡുപ്പിയിലേക്കും മണിപ്പാലിലേക്കും താമസം മാറ്റുകയായിരുന്നു. ആഴ്ചയില്‍ മുറിയനാവിയിലെ വീട്ടില്‍ രഹസ്യമായി എത്താറുള്ള രാജു കവര്‍ചാ മുതലുകള്‍ ഭാര്യയെ ഏല്പിച്ച് മടങ്ങുകയാണ് പതിവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ നാണയങ്ങളാക്കി മാറ്റി സൂക്ഷിക്കുന്ന സ്വഭാവവും രാജുവിനുണ്ട് . 26-ാം വയസ്സില്‍ മോഷണം തൊഴിലാക്കിയ ഇയാള്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ കാഞ്ഞങ്ങാട്ടും പരിസരത്തും നിരവധി സ്ഥലങ്ങളില്‍ ഭൂമിയും മറ്റും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കര്‍ണാടകയില്‍ 26 കവര്ചാകേസുകളില് പ്രതിയായ രാജു ജാമ്യത്തിലിറങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോടികളുടെ കവര്‍ച നടത്തിയിട്ടുണ്ട്. കര്‍ണാടകയിലെ കുശാല്‍ നഗറില്‍ രണ്ട് കിലോ സ്വര്‍ണവും പതിനഞ്ച് കിലോ വെള്ളിയും കവര്‍ന്ന കേസില്‍ കര്‍ണാടകപോലീസ് രാജുവിന് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു.
റസിഡന്‍ഷ്യല്‍ കോളനികള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. കര്‍ണാടകയില്‍ മോഷണം നടത്തിയിരുന്നത് ഉഡുപ്പി കോടതി പരിസരത്ത് ചായക്കട നടത്തിവരുമ്പോഴാണ്. പാലക്കാട് ചന്ദ്രനഗറില്‍ മോഷണത്തിനിടയില്‍ രാജുവിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം നടത്തിയ പോലീസിന് 24 വര്‍ഷം മുമ്പ് ശേഖരിച്ച രാജുവിന്റെ വിരലടയാളവും കവര്‍ചക്കാരനെ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു.
ചന്ദ്രനഗറില്‍ നിന്ന് കവര്‍ന്ന ഒരു മൊബൈല്‍ ഫോണ്‍ ഇയാളുടെ മകന് ഉപയോഗിച്ച് വന്നിരുന്നു. ഇതിലേക്ക് വന്ന വിളികള്‍ നിരീക്ഷിച്ച പോലീസ് രാജു മകനുമായി നിരന്തരമായി ബന്ധപ്പെടാറുണ്ടെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ച് ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിനടുത്തുള്ള ഒരു ലോഡ്ജില്‍ വെച്ചാണ് പോലീസ് രാജുവിനെ വലയിലാക്കിയത്. പഴയ നോട്ടുകള്‍ എടുക്കുന്ന ആളാണെന്ന് പരിചയപ്പെടുത്തി ചെന്നൈ, ഈറോഡ്, പഴനി, മൈസൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജില്‍ മുറികളെടുത്ത് മാറി മാറി താമസിച്ചാണ് തങ്കരാജ് കവര്‍ചകള്‍ ആസൂത്രണം നടത്തിവന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട് കസബ പോലീസും ക്രൈംസ്ക്വാഡും അതി രഹസ്യമായി കാഞ്ഞങ്ങാട്ട് എത്തിയിരുന്നു. രാജുവിന്റെ ഭാര്യ ചിന്താമണിയെയും മക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ പാലക്കാട്ട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാജുവിനെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തൊണ്ടി മുതലുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താനാണ് പോലീസിന്റെ തീരുമാനം. രാജുവിനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും. കര്‍ണാടക പോലീസിന് ഇയാളെ കൈമാറാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
രാജുവിന്റെ ആസ്തികളെക്കുറിച്ചുള്ള ഏതാണ്ട് എല്ലാ വിവരങ്ങളും പോലീസ് ഇതിനകം ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്.
Keywords: Robbery, Kanhangad, Kasaragod, Arrest, Kerala, Tamilnadu, Police, Palakkad, Chennai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.